ഗ്രീഷ്മ മധുസൂദ്
94966 94971
രാഹുല്‍ രാജ്
7510249926
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
-കുമാരനാശാന്‍
ചികിത്സയ്‌ക്ക് വന്‍തുക ഈടാക്കുന്ന ഡോക്ടര്‍മാര്‍, പ്രതിഫലം കുറച്ചു ചികിത്സിക്കുന്ന വ്യാജന്മാരുടെ പിടിയിലമര്‍ന്ന് ആരോഗ്യം ക്ഷയിക്കുന്ന ഗ്രാമീണര്‍, നാട്ടുവൈദ്യന്മാരുടെ അടുത്തുപോലും പോകാന്‍ പണമില്ലാതെ ചികിത്സ വേണ്ടെന്നുവച്ചു നിത്യനരകത്തില്‍ കഴിയുന്ന ജീവിതങ്ങള്‍… ഈ കാഴ്ചകള്‍ നല്‍കിയ ആകുലതകളില്‍നിന്നാണ് രാജസ്ഥാന്‍ മരുഭൂമിയിലെ കോട്ട ജില്ലയിലെ തന്റെ ഗ്രാമത്തില്‍ ഒരു ഡോക്ടറെയും നഴ്‌സിനെയും വാടകയ്‌ക്ക് എടുത്ത് തന്റെ സഹജീവികള്‍ക്ക് ചികിത്സ നല്‍കാന്‍ ശ്യാം ശര്‍മ എന്ന ചെറുപ്പക്കാരന്‍ 1995ല്‍ തീരുമാനിച്ചത്.
ശ്യാം ശര്‍മയുടെ വാടക ക്ലിനിക്കിലേക്ക് ഗ്രാമീണര്‍ ഒഴുകിത്തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഒരു ഡോക്ടറുടെ സേവനം മതിയാകാതെ വന്നു. ക്ലിനിക്ക് വളര്‍ന്നു ചെറിയ ആശുപത്രിയായി. കാരുണ്യതീരത്തേക്ക് രോഗീപ്രവാഹം അനുസ്യൂതം തുടര്‍ന്നു. സൗകര്യങ്ങള്‍ തികയാതായി. സേവനത്തിന്റെ മുല്യമറിഞ്ഞ ചില ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. സര്‍ക്കാരില്‍നിന്നു കുറച്ചു സ്ഥലം ലഭ്യമാക്കി ചെറിയൊരു ആശുപത്രി നിര്‍മിച്ചു. ശ്യാം ശര്‍മ വിശ്രമമില്ലാതെ ഓടുകയായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍. കോട്ടയില്‍ മാത്രമല്ല, രാജ്യം മുഴുവന്‍.
പിന്നീട് ബിവിപി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഭാരത് വികാസ് പരിഷത്തിനും ആശുപത്രിക്കും ഒരേ കഥയാണു പറയാനുണ്ടായിരുന്നത്. മരുഭൂമിയിലെ കാരുണ്യനദികള്‍ സാഗരമായതിന്റെ കഥ. 28 വര്‍ഷം മുന്‍പ് ശ്യാം ശര്‍മ ആരംഭിച്ച വാടക ക്ലിനിക്ക് ഇന്ന് കോട്ടയിലെ വലിയൊരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായിക്കഴിഞ്ഞു. 350ഓളം ബെഡുള്ള ഈ ആതുരാലയത്തില്‍ സാധാരണക്കാര്‍ക്കെല്ലാം ചികിത്സ സൗജന്യമാണ്. കോട്ട നഗര പരിധിയില്‍ തന്നെ പുതിയ മെഡിക്കല്‍ കോളജ് പണിയാനുള്ള നടപടികളും ആരംഭിച്ചു. ബിവിപിയുടെ സേവനഹസ്തങ്ങള്‍ കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നു.
എറണാകുളത്തു തന്നെ ആറ് വീടു വച്ചു നല്‍കി. കേരളത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ശൗചാലയങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കി. കൊവിഡ് കാലത്തും മൊബെല്‍ ഫോണ്‍, ടെലിവിഷന്‍ ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കി. കോവിഡ് കാലത്തു നിന്നുപോയ സൗജന്യ മെഡിക്കല്‍ ക്ലിനിക്കുകകള്‍ സംസ്ഥാനമാകെ പുനരാരംഭിക്കാന്‍ പോവുകയാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊഷ്മളത പകരാനായി കൊച്ചിയിലെത്തിയപ്പോഴാണ് ബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ശ്യാം ശര്‍മ ജന്മഭൂമിയോട് സംസാരിച്ചത്, കനിവിന്റെ പര്യായമായ പ്രസ്ഥാനത്തെപ്പറ്റിയും താന്‍ വിഭാവനം ചെയ്യുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെപ്പറ്റിയും.
- സംഘടന തുടങ്ങാനുണ്ടായ സാഹചര്യം?
ഭാരതീയ സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഭാരത് വികാസ് പരിഷത്ത് രൂപം കൊള്ളുന്നത്. വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ സംസ്‌കാരവും ദേശഭക്തിയുമൊക്കെ ഇനി വരാനിരിക്കുന്ന തലമുറകളിലേക്കു പകരുക എന്നതാണ് ലക്ഷ്യം. സേവനം എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പരിഷത്ത് നടത്തുന്ന സേവാ പ്രവര്‍ത്തനത്തിലൂടെ ഭാരതത്തെ മനസ്സിലാക്കുക എന്ന വികാരത്തിലാണ് സംഘടന തുടങ്ങുന്നത്. സ്വാമി വിവേകാനന്ദന്റെ മഹത് വചനങ്ങളും പ്രവര്‍ത്തന രീതികളും സംഘടനയ്‌ക്ക് എപ്പോഴും പ്രചോദനമാണ്.
- ഏതൊക്കെയാണ് ബിവിപിയുടെ പ്രവര്‍ത്തനമേഖല?
മറ്റു പല സേവന പ്രസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി സാമൂഹ്യവും സാംസ്‌കാരികവുമായ ഉന്നമനത്തിനും രാഷ്‌ട്ര പുനര്‍നിര്‍മാണത്തിനും വേണ്ടിയാണ് ഭാരത് വികാസ് പരിഷത്ത് നിലകൊള്ളുന്നത്. യുവാക്കളില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുന്നതിനായി വന്ദേമാതരം പോലുള്ള പരിപാടികള്‍ നടത്തുന്നു. അംഗവൈകല്യം സംഭവിച്ചവര്‍ക്കായുള്ള സൗജന്യ സേവനങ്ങള്‍, സാധാരണക്കാര്‍ക്ക് സൗജന്യമായി ചികിത്സ, സ്ത്രീ സുരക്ഷാ പദ്ധതികള്‍, ആരോഗ്യ രംഗത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ താഴെത്തട്ടില്‍ മുതല്‍ നല്‍കിവരുന്നു. ആയിരത്തില്‍പ്പരം വനവാസി കുട്ടികളെ ദത്തെടുത്തുകൊണ്ട് വനവാസി ക്ഷേമപദ്ധതിയും, പരിസര ശുചീകരണ-ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളും പരിഷത്ത് ദേശീയതലത്തില്‍ നടത്തുന്നവയാണ്.
- ഇത്ര വലിയൊരു രാജ്യത്ത് എല്ലായിടത്തും എത്തിച്ചേരാന്‍ എങ്ങനെ സാധിക്കുന്നു?
ബിവിപി സംഘടനയായി രൂപംകൊള്ളുന്നത് 1963 ല്‍ ദല്‍ഹിയില്‍ വച്ചാണ്. സംഘടന രൂപപ്പെട്ട കാലം മുതല്‍ക്കെ സാമൂഹികമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചു. ഇതെല്ലാം സംഘടനയ്‌ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ പ്രയത്നം കൊണ്ടുമാത്രമാണ്. ഇന്ന് രാജ്യത്ത് 1500 ഓളം ബ്രാഞ്ചുകളും ഏഴു ലക്ഷത്തോളം അംഗങ്ങളും സംഘടനയ്‌ക്കുണ്ട്. സംഘടനയുടെ ശേഷി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സന്നദ്ധസേവാ പ്രവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സംഘടനയുടെ ഭാഗമാകാനും സാധിക്കും.
- മറ്റ് സേവനസംഘടനകളുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഭാരതത്തിന്റെ പുരാതനമായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകത്തില്‍നിന്നുള്ള ആവേശവും ഉള്‍ക്കൊണ്ട് സമസ്തമേഖലയിലെയും വികാസത്തെ ലക്ഷ്യമാക്കിയാണ് ഭാരത് വികാസ് പരിഷത്ത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ ഒരു വിഭാഗത്തിന് ഇന്ന് മെച്ചപ്പെട്ട അടിസ്ഥാന ജീവിത സാഹചര്യമില്ല. രാജ്യവികസനത്തില്‍ പങ്കാളിയാകുന്നതിലുള്ള തടസം നീക്കികൊടുക്കുക എന്നതും പരിഷത്തിന്റെ ലക്ഷ്യമാണ്. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, സൗജന്യ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി എല്ലാത്തരത്തിലും വേണ്ട സൗകര്യങ്ങളും സേവനങ്ങളും ചെയ്തുവരുന്നു. ഭാരതത്തില്‍ ഇന്ന് വ്യാപകമായി പ്രവര്‍ത്തിക്കുന്ന ലയണ്‍സ്, റോട്ടറി തുടങ്ങിയ പ്രസ്ഥാനങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായാണ് ബിവിപിയുടെ പ്രവര്‍ത്തനം. സമ്പര്‍ക്കം, സഹയോഗം, സംസ്‌കാരം, സേവനം, സമര്‍പ്പണം എന്നീ അഞ്ച് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ആദര്‍ശശുദ്ധിയും സ്വഭാവഗുണവുമുള്ള വ്യക്തികളേയും പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്താനുള്ള സമ്പര്‍ക്ക പരിപാടികളും പരിഷത്തിന്റെ ഭാഗത്തുനിന്നുണ്ട്.
- സേവാഭാരതിയും ഭാരത് വികാസ് പരിഷത്തും സമാനപ്രവര്‍ത്തനമല്ലേ നടത്തുന്നത്?
ഭാരത് വികാസ് പരിഷത്തിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഒരേ പാതയില്‍ ആണെങ്കിലും സംഘടനകള്‍ തമ്മില്‍ പ്രത്യക്ഷമായ ബന്ധം ഒന്നുമില്ല. ഇരു സംഘടനകളും രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഒരേ മരത്തിലെതന്നെ വ്യത്യസ്ത ശിഖരങ്ങളാണ് രണ്ടും എന്നു പറയാം.
- സ്ത്രീകള്‍ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു തന്നെയാണ് സ്ത്രീകളുടെ ഉന്നമനം. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളുടെ ജീവിത സാഹചര്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നുണ്ട്. എങ്കിലും ബിവിപിക്ക് സ്ത്രീകള്‍ക്കു വേണ്ടി മാത്രമായി ഒട്ടേറെ പ്രവര്‍ത്തനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘മഹിളാ ശാക്തീ കരണ്‍.’ സ്ത്രീകള്‍ക്ക് സാമ്പത്തികമായും സാമൂഹികമായും സുരക്ഷ ഉറപ്പിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. ഇതില്‍ സ്ത്രീ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത കോഴ്സുകള്‍, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ നല്ല രീതിയിലുള്ള സേവനങ്ങളുണ്ട്. വിവാഹത്തിനും മറ്റാവശ്യങ്ങള്‍ക്കും സാമ്പത്തികമായി സഹായം നല്‍കുന്നു. പദ്ധതികളിലെല്ലാംതന്നെ നല്ല രീതിയിലുള്ള സ്ത്രീ പങ്കാളിത്തമുണ്ട്. തൊഴില്‍ അധിഷ്ഠിതമായ കോഴ്സുകളിലൂടെ പല കുടുംബങ്ങളിലും ജീവിത സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികളെക്കെ നല്ല വിജയകരമായിരുന്നു.
- വനിതാ പ്രാതിനിധ്യം സംഘടനയില്‍?
ബിവിപിക്കു കീഴില്‍ രണ്ടായിരത്തോളം ബ്രാഞ്ചുകളുണ്ട്. ഒരു ബ്രാഞ്ചില്‍ത്തന്നെ നൂറിനടുത്ത് കുടുംബങ്ങള്‍. ഓരോ കുടുംബത്തിലേയും വനിതകളും സംഘടനയുടെ പ്രാഥമിക അംഗങ്ങള്‍ തന്നെയാണ്. അതുകൊണ്ട് വലിയ രീതിയിലുള്ള സ്ത്രീ പങ്കാളിത്തം സംഘടനയ്‌ക്കുണ്ട്. സ്ത്രീകളും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഓരോ പ്രദേശത്തെയും കണ്ടത്തുന്ന ചുമതല സ്ത്രീകള്‍ക്കാണ്. ഇങ്ങനെ, എല്ലാത്തരത്തിലും സ്ത്രീകള്‍ക്കും കൂടി പ്രവര്‍ത്തിക്കുന്നതിന് അഭികാമ്യമായ സാഹചര്യമാണ് പരിഷത്തിലുള്ളത്. സ്ത്രീകള്‍ എന്നതിലുപരി കുടുംബങ്ങളാണ് വികാസ് പരിഷത്തിലെ പ്രധാന അംഗങ്ങള്‍.
- കേരളത്തിലെ സംഘടനയുടെ സാന്നിധ്യം?
സംഘടന കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. ഈ വര്‍ഷങ്ങളില്‍ സംഘടനയ്‌ക്ക് അഭിമാനിക്കാവുന്ന പല നേട്ടങ്ങളും കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ ജില്ലകളിലും പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഓരോ ശാഖയിലും 50ല്‍ അധികം കുടുംബങ്ങളുണ്ട്. ശാഖയുടെ പ്രത്യേകത അതുതന്നെയാണ്. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമല്ല സംഘത്തില്‍ അംഗത്വമുള്ളത്. ആ കുടുംബത്തിലെ കൊച്ചുകുട്ടികളടക്കം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. കൊച്ചിയില്‍ അഞ്ച് ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ അഞ്ഞൂറിലധികം വികലാംഗര്‍ക്ക് ഇതിനകം കൃത്രിമ കാലുകള്‍ സൗജന്യമായി നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ നിരാലംബരായ ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ പരിഷത്ത് മുന്‍പന്തിയിലുണ്ടായിരുന്നു. കൂടാതെ സുനാമിയില്‍ വീട് നഷ്ടമായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും പരിഷത്തിന് കഴിഞ്ഞു. എറണാകുളം പുതുവൈപ്പില്‍ 15 ലക്ഷം രൂപ ചെലവില്‍ ഭാരത് വികാസ് ഭവന്‍ എന്ന പേരില്‍ ഒരു കമ്മ്യൂണിറ്റി ഹാളും പണിത് നല്‍കിയിട്ടുണ്ട്. ഇവിടെ എല്ലാ ഞായറാഴ്ചകളിലും ആശുപത്രികളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്ലിനിക്ക് മുടങ്ങാതെ നടത്തിവന്നിരുന്നു.
1892 ല്‍ സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം കാലുകുത്തിയ എറണാകുളം ബോട്ടുജട്ടിയില്‍ത്തന്നെ സ്വാമിജിയുടെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിച്ചു. സ്വാമിജിയുടെ സമാധിയുടെ നൂറാം വര്‍ഷത്തിലാണ് പ്രതിമ സ്ഥാപിച്ചത്. എല്ലാവര്‍ഷവും വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 13-ാം തീയതി പുഷ്പാര്‍ച്ചനയും കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട്.
- അംഗപരിമിതരിലെ പ്രവര്‍ത്തനങ്ങള്‍?
പൊതുവെ സമൂഹത്തിലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്നു മാറി നില്‍ക്കുന്നവരാണ് അംഗപരിമിതിയുള്ള ആളുകള്‍. ഏകദേശം 50 ലക്ഷത്തിലധികം ആളുകളുണ്ട് ഭാരതത്തില്‍. കണ്ണ് കാണാത്തവര്‍, കാല് നഷ്ടമായവര്‍, കൈ ഇല്ലാത്തവര്‍… ഇത്തരത്തില്‍ ജീവിക്കുന്ന ആളുകള്‍ ഒരുപാടുണ്ട് നമുക്കിടയില്‍. ഇക്കൂട്ടരെ ചിലപ്പോള്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെ മാറ്റിനിര്‍ത്താറുണ്ട്. ഇങ്ങനെ ഉള്ളവരെ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. അവര്‍ക്ക് വേണ്ടി കൗണ്‍സിലിങ് നല്‍കുക, ചികിത്സാ സഹായങ്ങള്‍ ചെയ്ത് കൊടുക്കുക, അംഗപരിമിതരായ ആളുകളെ ഉള്‍ക്കൊള്ളിച്ച് പരിപാടികള്‍ നടത്തുക ഇതൊക്കെ ഇവരെപോലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പരിഷത്ത് നടത്തുന്ന പദ്ധതികളാണ്. കുടാതെ അംഗവൈകല്യം സംഭവിച്ചവര്‍ക്കായുള്ള കൃത്രിമ അവയവ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും, കൃത്രിമ അവയവങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്.
- എന്തൊക്കെയാണ് ഭാവിപദ്ധതികള്‍?
സേവനത്തിലൂടെ യുവജനങ്ങളിലേക്ക് ഭാരത സംസ്‌കാരത്തെക്കുറിച്ച് മനസിലാക്കി കൊടുക്കുകയാണ് ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. സ്വാമി വിവേകാനന്ദനാണ് എല്ലാത്തിന്റെയും പ്രചോദനം. അംഗപരിമിതര്‍ക്ക് വേണ്ടവിധം സഹായം വിപുലീകരിക്കും. എല്ലാ സ്ഥലങ്ങളിലും സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ബഌഡ് ബാങ്ക് സെന്റേഴ്‌സ്, സൗജന്യ മെഡിക്കല്‍ സെന്ററുകള്‍, ആളുകള്‍ക്ക് സൗജന്യമായി കണ്ണ് ഓപ്പറേഷന്‍ നടത്താനുള്ള സൗകര്യം, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിവയാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ഇതെല്ലാം ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. മഹാരാഷ്‌ട്ര പോലുള്ള സ്ഥലങ്ങളില്‍ സംസ്‌കാരം പഠിപ്പിക്കുന്നതിനായി സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തനമുണ്ട്.. ഇത് കേരളത്തിലും നടപ്പാക്കും. ഇത്തരം നിരവധി പരിപാടികളാണ് ആലോചനയിലുള്ളത്.
- ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചല്ലോ?
നാല് നാഷണല്‍ അവാര്‍ഡുകള്‍ ഭാരത് വികാസ് പരിഷത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യമായി ലഭിക്കുന്നത് 1995 ലാണ്. വികലാംഗരുടെ ക്ഷേമത്തിനായി ദല്‍ഹി ഭാരത് വികാസ് ഫൗണ്ടേഷന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള പൊതു അംഗീകാരമായി ലഭിച്ച ദേശീയ അവാര്‍ഡാണത്. അന്നത്തെ ഇന്ത്യന്‍ രാഷ്‌ട്രപതിയാണ് അവാര്‍ഡ് സമ്മാനിച്ചത്. പിന്നീട് 2004 ല്‍ ലുധിയാനയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്, ശാരീരികമായി വെല്ലുവിളി നേരിടുന്ന ആളുകളുടെ ശാക്തീകരണത്തിന് 2007 ല്‍ പ്രധാനമന്ത്രി അവാര്‍ഡ് സമ്മാനിച്ചു,
2008ല്‍ ഭാരത് വികാസ് പരിഷത്ത് ദത്തെടുത്ത മൊഹബത്പൂര്‍ ഗ്രാമത്തിന്, വീടുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ശുചിത്വ പരിരക്ഷ നേടിയതിനും, ഗ്രാമീണ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയതിനും ഇന്ത്യന്‍ രാഷ്‌ട്രപതിയില്‍ നിന്നും നിര്‍മല്‍ ഗ്രാം പുരസ്‌കാരം ലഭിച്ചിരുന്നു.
- താങ്കളുടെ കുടുംബത്തെക്കുറിച്ച്?
സാധാരണ കര്‍ഷക കുടുംബത്തിലാണ് എന്റെ ജനനം. സ്‌കൂള്‍ കാലത്ത് തന്നെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സേവനത്തിന്റെ ആദ്യ പടി എന്ന നിലയ്‌ക്ക് 32 വര്‍ഷം രാജസ്ഥാന്‍ സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് സ്വമേധയാ വിരമിക്കുകയും ചെയ്തു. 1988ലാണ് ഭാരത് വികാസ് പരിഷത്തില്‍ ചേരുന്നത്. കോട്ടയില്‍ പരിഷത്ത് തുടങ്ങുകയും പിന്നീട് ആതുര സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അന്ന് തൊട്ട് ഇന്നു വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വളരെയധികം പിന്തുണ നല്‍കിയത് കുടുംബമാണ്. ഭാര്യ ലളിതയും മൂന്ന് മക്കളും പരിഷത്ത് പ്രവര്‍ത്തനത്തില്‍ വളരെയധികം പിന്തുണ നല്‍കുന്നുണ്ട്. അലിവിന്റെ നദികള്‍ അവിഘ്നം പ്രവഹിക്കുന്നു. നിരാര്‍ദ്രതയുടെ മരുഭൂമികള്‍ ഇല്ലാതാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: