ചിലര്‍ ‘വാലന്റിന്‍സ് ഡേ’ ആഘോഷിക്കുന്ന ഫെബ്രുവരി 14 ന്, പശുക്കളെ സ്നേഹിക്കുന്നവര്‍ക്ക് അവയെ ആലിംഗനം ചെയ്യണോ വേണ്ടയോ എന്നത് അവരവര്‍ക്ക് തീരുമാനിക്കാം. കെട്ടിപ്പിടിക്കാത്തവര്ക്ക് ‘തൊഴിലുറപ്പ് പണി ഇനി തരില്ലെ’ന്നോ ‘ലൈഫ് പദ്ധതിയില്‍ പെടുത്തില്ലെ’ന്നോ ‘കിറ്റ് നല്‍കില്ലെ’ന്നോ ആരും പറഞ്ഞിട്ടില്ല. മാത്രമല്ല, ഏതെങ്കിലും സംവിധാനമോ സ്ഥാപനമോ പറഞ്ഞിട്ടുള്ളതോ നിയമപ്രകാരമുള്ളതോ ആയ കാര്യങ്ങള്‍ അതേപടി രാജ്യത്ത് എല്ലാവരും അനുസരിക്കാറുമില്ലല്ലോ. അങ്ങനെ അനുസരിച്ചിരുന്നെങ്കില്‍ എന്തെല്ലാം ഒഴിവാക്കാമായിരുന്നു! രാജ്യം എവിടെ എത്തിച്ചേര്‍ന്നേനെ. കേന്ദ്ര മൃഗസംരക്ഷണ ബോര്ഡിറക്കിയ സര്‍ക്കുലര്‍ (ഉത്തരവല്ല, ഉത്തരവ് ഓര്‍ഡറാണ്) പിന്‍വലിച്ചു, അത് തെറ്റായിപ്പോയി എന്നായിരിക്കാം ഇനി വാദം. സര്‍ക്കുലര്‍ ഒരു സഹായം ചെയ്തു- ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അത്രയേ വേണ്ടൂ, വേണ്ടിയിരുന്നുള്ളു.
ഒന്നു സങ്കല്പ്പിച്ചുനോക്കുക. ഭരണഘടന പ്രകാരമുള്ള നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും എല്ലാ പൗരന്മാരും കൃത്യമായി പാലിച്ചിരുന്നെങ്കില്‍, അനുസരിച്ചിരുന്നെങ്കില്‍ കോടതി, പോലീസ്, ജയില്‍, അന്വേഷണ ഏജന്‍സികള്‍ തുടങ്ങി എന്തെന്തെല്ലാം വേണ്ടാതായേനെ. ക്രിമിനില്‍ നടപടിച്ചട്ടം ലംഘിക്കാതിരിക്കുന്ന ജനതയാണെങ്കില് എന്തൊക്കെ അനാവശ്യ ചെലവുകള്‍ ഒഴിവായേനെ. ആരും മറ്റാരുടെയും അധികാരവും അവകാശവും കൈയാളാതെയുള്ള സാമൂഹ്യ ജീവിതമായിരുന്നെങ്കില്‍…
ഭാഗ്യം, ഇന്ത്യന്‍ ജനാധിപത്യം അങ്ങനെയൊരു അടിച്ചേല്‍പ്പിക്കല്‍ നടപ്പാക്കുന്നില്ല. സകല അതിരും കടക്കുമ്പോള്‍ ചിലപ്പോള്‍ ഒന്നു പ്രതികരിച്ചാലായി. ഞങ്ങള്‍ കാലന്മാരായി നിങ്ങളെ കൊല്ലാന്‍ വരുന്നുണ്ട്, നിങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍തന്നെ കരുതിവെച്ചോളൂ എന്നൊക്കെ പറയുന്നത്, ഒരാളുടെ ജീവിക്കാനുള്ള അവകാശത്തില്‍ മറ്റൊരാള്‍ അകാരണമായി, അധികാരപരിധി കടന്ന് നടത്തുന്ന ഇപെടലാണല്ലോ. അത് സഹനത്തിന്റെയും ക്ഷമയുടെയും ‘നെല്ലിപ്പലക’യും കടന്ന കളിയായപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ഇടപെട്ടില്ലേ. അതൊക്കെ വേണ്ടിവരും. അതു ചിലര്‍ പറയാറുള്ളതുപോലെ അറ്റകൈയാണ്. അതിനാല്‍ത്തന്നെ ഫെബ്രുവരി 14ന് പശുക്കളെ ലാളിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാനെപ്പോലെ ആരും ഫത്വ പുറപ്പെടുവിച്ചിട്ടില്ല. പശുവിനെ കൊന്നാല്‍പോലും കൊലയാളിക്ക് നെഞ്ചുവിരിച്ച് നടക്കാവുന്നതാണ് ഇന്ത്യയിലെ നിലവിലെ സ്ഥിതി. പട്ടാപ്പകള്‍ പശുക്കുട്ടിയെ പൊതുനിരത്തില്‍ കഴുത്തറുത്തവന്‍ ഗാന്ധിസം പഠിപ്പിക്കുന്നത് നാം കാണാറുമുണ്ടല്ലോ. അപ്പോള്‍ ചിലര്‍ പശുവിനെ ആലിംഗനം ചെയ്തില്ലെന്നുവെച്ചോ, ചെയ്യാന്‍ പറഞ്ഞതിനെ ചെറുക്കുന്നെന്നുവെച്ചോ ഒന്നും സംഭവിക്കാനില്ല.
അതെക്കുറിച്ചാണ് പറയുന്നത്. അതിനുമുമ്പ് മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. ‘നടന് മമ്മൂട്ടിയുടെ വിരിമാറില്‍ ഒരു മിനിട്ടെങ്കില്‍ ഒരു മിനിട്ട് തലചായ്ച്ചാല്‍ സ്വര്‍ഗം കിട്ടുന്നതുപോലെ’യാണെന്ന്, ഒരു സ്ത്രീ പരസ്യമായി പറയുമ്പോള്‍ അതിലെ സദാചാരപ്രശ്നമോ, സാമൂഹ്യ വിഷയമോ, യുക്തിയോ പൗരാവകാശമോ, അമാന്യതയോ, മനുഷ്യാവകാശ പ്രശ്നമോ ഒന്നും ആര്‍ക്കും വിഷയമാകുന്നേയില്ല എന്നിടത്താണ് നമ്മില്‍ ചിലരുടെ മൃഗീയതയും മാനുഷികതയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതാകുന്നത്.
ശോഭാ ഡേ എന്ന ‘എഴുത്തുവിവാദ’ക്കാരിയുടേതാണ് പരസ്യ പ്രഖ്യാപനം. അത് കേട്ടിരുന്ന്, ഓര്‍ത്തും ആര്ത്തും സ്ഥലം മറന്ന് ചിരിച്ചവര്‍ നവോത്ഥാന കേരളത്തിലെ സാംസ്കാരിക പരിച്ഛേദമായി സ്വയം പുകഴ്ത്തുന്ന ‘വനിതാ രത്നങ്ങ’ളാണ്. അവരൊക്കെത്തന്നെയാണ് വാലന്റീന്സ് ഡേയുടെ പ്രയോക്താക്കള്‍. അവരാണ് ചുംബന സമരവും താലിപൊട്ടിക്കല്‍ സമരവും ആര്‍പ്പോ ആര്‍ത്തവാഘോഷവും നടത്തുന്നത്. ആയിക്കോട്ടെ, അതിനും ആരും എതിരല്ലല്ലോ. നമ്മുടെ ജനാധിപത്യം അങ്ങനെയാണല്ലോ. അവര്‍ കുടുംബം എന്ന സങ്കല്‍പ്പത്തെ തകര്‍ക്കുകയാണ് ആദ്യം വേണ്ടതെന്ന പക്ഷക്കാരാണ്. തറവാട് കുളം തോണ്ടുക, കുടുംബ വ്യവസ്ഥ ഇല്ലാതാക്കുക, ദാമ്പത്യം വേര്‍പിരിക്കുക, വിവാഹം പോലുള്ള സാമൂഹ്യ ക്രമങ്ങള്‍ ഇല്ലാതാക്കുക, നഗ്നത പ്രദര്‍ശിപ്പിക്കുക, അശ്ലീലവും അസഭ്യവും കൊണ്ട് സംസ്കാരം എന്ന വാക്കിന്റെ അര്‍ത്ഥത്തെത്തന്നെ പ്രതിരോധിക്കുക, സദാചാരം പോയിട്ട് ആചാരം പോലും അനാവശ്യമെന്ന് സ്ഥാപിക്കുക തുടങ്ങിയവയാണ് അവരുടെ പ്രവൃത്തിപദ്ധതികള്‍. ആയിക്കോട്ടെ, അതും നമ്മുടെ ജനാധിപത്യത്തില്‍ സാധ്യമാണ്. പക്ഷേ, അതും കടന്നുവന്ന ഒരു ജനതയാണല്ലോ നമ്മുടേത്.
ആണ്‍പെണ്‍ ബന്ധങ്ങളിലെ അപക്വമായ ഇടപാടുകളേയുംമറ്റും പണ്ടൊക്കെ ‘പൂവാലത്തര’മെന്നായിരുന്നു വിളിച്ചിരുന്നത്. ‘പൂവാലി’ത്തരമെന്ന് പറഞ്ഞുകേട്ടിട്ടില്ല, പൂവാലിയെന്ന് വിളി കുറുമ്പുള്ള പശുക്കുട്ടികള്ക്കായിരുന്നു. പാശ്ചാത്യ പരിഷ്കാരം തള്ളിത്തള്ളിവന്നപ്പോള് രഹസ്യമായിരുന്ന അത്തരം പ്രണയ ബന്ധങ്ങള്‍ പരസ്യമായി. അതിന് പിന്തുണപകരാന് വാലന്റീന്സ് ഡേ ആയി… ഫെബ്രുവരി 14 അങ്ങനെ മറ്റൊരു വൈദേശിക പരിഷ്കാരത്തിന്റെ അടയാളമായി. വാലന്റീന്സ് ഡേയുടെ യഥാര്‍ത്ഥ ചരിത്രവും കഥയും ചതിയും അറിയാത്തവര്‍ പ്രണയ വലകളില്‍ വീണ് ആഘോഷിച്ചു തുടങ്ങി. അതിന്റെ കച്ചവടവശം കാണാതെയും പോയി. അതും നമ്മുടെ ജനാധിപത്യത്തിലെ സാധ്യതകളാണെന്നോര്മ്മിക്കുക.
ആയിക്കോട്ടെ, ആ ദിവസം പ്രണയിനിയെയോ പ്രണേതാവിനെയോ ആലിംഗനം ചെയ്യട്ടെ, അതിനാഗ്രഹിക്കുന്നവര്‍. ആരും വിലക്കുന്നില്ലല്ലോ. തടസപ്പെടുത്തുന്നവര്‍ക്ക് അതിന്റേതായ കാരണങ്ങള്‍ ഉണ്ടാകും. രണ്ടും നമ്മുടെ ജനാധിപത്യത്തിലെ അവകാശമായി കണക്കാക്കാവുന്നതേയുള്ളു. എന്നാല്‍ ആ ദിവസം പശുവിനെ താലോലിക്കാന്‍ താല്പര്യമുള്ളവര്ക്ക് അങ്ങനെയും ചെയ്യാം, പശുവിനെ കെട്ടിപ്പിടിക്കാം എന്ന് പറഞ്ഞാല്‍ ഇത്രത്തോളം ‘ഇടയാ’നെന്താണ് കാരണം?
പശുവെന്നല്ല, എല്ലാമൃഗങ്ങളേയും സ്നേഹിക്കണം, കെട്ടിപ്പിടിക്കണം. പശുവെന്നാല്‍ മൃഗമെന്നാണ് സംസ്കൃതം. പണ്ട് അങ്ങനെയൊക്കെയായിരുന്നു, മനുഷ്യരും മൃഗങ്ങളും കഴിഞ്ഞിരുന്നതെന്നൊക്കെയാണ് അറിവ്. ശകുന്തപ്പക്ഷി ലാളിച്ചു വളര്‍ത്തിയ ‘ശകുന്തള'(ല)യും മാന്കിടാവിനെ ചാമയരികൊടുത്തു വളര്‍ത്തിയ ശകുന്തളയും ഒക്കെ കഥപോലുള്ള ജീവിതങ്ങളായിരുന്നു. ‘ടാര്‍സ’ന്റെ കഥവായിച്ച് രോമാഞ്ചം കൊണ്ടിട്ടില്ലേ. ‘ആന വളര്‍ത്തിയ വാനമ്പാടി’യുടെ സിനിമ കണ്ട് ആഹ്ലാദിച്ചിട്ടില്ലേ. ‘മൗഗ്ലി’യുടെ കഥ ആവേശം കൊള്ളിച്ചിട്ടില്ലേ.
വളര്‍ത്തുനായകളെയും തെരുവുനായകളെയും കെട്ടിപ്പിടിച്ചും പൂച്ചയെ പുറത്തുകയറ്റിയും പുന്നാരിക്കുന്നത് പ്രശ്നമല്ലാത്തവര്‍ക്ക് പശുവിനെ എന്തിനാണിത്ര പേടി, എന്തുകൊണ്ടാണ് അലര്‍ജി. അപ്പോള്‍ മൃഗമല്ല, പ്രശ്നം ‘പശു’വാണ്. അവിടെ ജനാധിപത്യമായ അവകാശം അങ്ങനെ അഭിപ്രായം പറയുന്നവര്ക്കില്ലാതെയാകുന്നതെങ്ങനെയാണ്? ആ അവകാശം മന്ത്രിക്കില്ലേ?, സെക്രട്ടറിക്കില്ലേ? ‘ഫെബ്രുവരി 14 പശുസ്നേഹികള്ക്ക് അവയെ ആലിംഗനം ചെയ്ത് ആഘോഷിക്കുകയുമാകാം’ എന്നല്ലാതെ ‘അങ്ങനെ ചെയ്യണം’, ഇല്ലെങ്കില്‍ തൊഴിലുറപ്പു പദ്ധതില്‍ ചേര്‍ക്കില്ല എന്ന് ചില രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ പറയും പോലെ പറഞ്ഞിട്ടില്ല. ആനിമല്‍ വെല്ഫേര് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി അങ്ങനെ പറയുമ്പോള്‍ അതിന് കാരണവും വിശദീകരിക്കുന്നുണ്ട്, പശു എങ്ങനെയാണ് രാജ്യത്തിന്റെയും വ്യക്തിയുടെയും സമ്പത്തിന് ഗുണകരമാകുന്നത്, വ്യക്തികളുടെ മാനസികാരോഗ്യത്തിന് സഹായകമാകുന്നത് എന്ന്.
കോഴിയും താറാവും മാടപ്രാവും അടക്കം പക്ഷികളെ തിന്ന് മടുത്തപ്പോള്‍, മയിലിനെ കൂട്ടാന്‍ വെച്ച് കഴിക്കാന്‍ തരം കിട്ടിയാല്‍ മടിക്കാത്തവരുടെ നാട്ടില്‍ പശുവെന്നാല്‍ ‘നാലുകാലില്‍ നടന്നുപോകുന്ന ഇറച്ചിത്തുണ്ട’മാണ്. മനുഷ്യരെ ‘ഇരുകാലി മാംസക്കഷണ’മായി കാണുന്ന മനസ്സുള്ളവര്‍ക്ക് അതുസാധ്യവുമാണ്. അവര്‍ക്ക് ഇതര ജീവികള്‍, ചിലപ്പോള്‍ നാളെ മനുഷ്യരും! ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ്. അതും ജനാധിപത്യത്തില്‍ സാധ്യമാണെന്നായിരിക്കാം.
അതായത് പറഞ്ഞുവരുന്നത്, ഇല്ലാത്ത ഒരു വിവാദം ഉണ്ടാക്കി പ്രചരിപ്പിച്ച്, ആരെയൊക്കെയോ ഭയപ്പെടുത്തി വശപ്പെടുത്താനുള്ള പതിവ് രാഷ്ട്രീയപ്രയത്നം മാത്രമാണിത്. അത് ഒറ്റ ദിവസത്തേക്കുള്ള ആശയക്കുഴപ്പം സൃഷ്ടിക്കല്‍ മാത്രമാണെങ്കിലും മതി, ലക്ഷ്യം കണ്ടതായി സമാധാനിക്കും; അത് നരേന്ദ്രമോദിക്ക് എതിരെയാകണം, സംഘ പരിവാറിനെതിരേ തിരിക്കണം എന്നുമാത്രം. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന് സമാധാനിക്കണം, അത്രമാത്രം. അതാണ് ചിലരുടെ, പരാജിതരുടെ,രാഷ്ട്രീയം.
പക്ഷേ, പശുവിനെയും മൃഗങ്ങളേയും കെട്ടിപ്പിടിച്ചല്ലേ പണ്ട് മനുഷ്യര്‍ കഴിഞ്ഞിരുന്നത്. അതേസമയം അവയെ വേട്ടയാടി ഭക്ഷിച്ചിരുന്നുമില്ലേ. ഉണ്ട്, അതാണ് ചരിത്രം. ഇതിന് മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം നാടകം മികച്ച ഉദാഹരണം. വേട്ടയാടാനെത്തിയ ദുഷ്യന്തനാണ്, ശകുന്തളയെ പ്രണയിച്ച് വിവാഹ വാഗ്ദാനം ചെയ്ത് ഗാന്ധര്‍വ വിധിപ്രകാരം വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കി കൊട്ടാരത്തിലേക്ക് മടങ്ങിയത്. അച്ഛന് കണ്വന്റെ കണ്ണുതെറ്റിയപ്പോള്‍ സംഭവിച്ച, ശകുന്തളയുടെ അപക്വമനസ്സിന്റെ പിഴവ്. ഇതിനെ വാലന്റിന്‍സ് ഡേയും ഫെബ്രുവരി 14 ഉം ഒന്നുമായി കൂട്ടിക്കെട്ടാനൊന്നുമല്ല ശ്രമം. അന്ന് മൃഗവേട്ടയുണ്ടായിരുന്നു എന്ന് പറയാനാണ്. വഴിതെറ്റിയാണ് രാജാവ് കാട്ടില്വന്നത്. കാട്ടിലെ വേട്ട രാജാക്കന്മാരുടെ കര്‍ത്തവ്യവുമായിരുന്നു. എന്നാല്‍ ശാകുന്തളത്തിലെ നാലാമങ്കമാണ് നമ്മുടെ വിഷയത്തില്‍ ഏറെ പ്രസക്തം. മൃഗങ്ങള്‍, മനുഷ്യര്‍, മരങ്ങള്‍, ചെടികള്‍, പക്ഷികള്‍ എങ്ങനെയാണ് ഒന്നിച്ചു ജീവിച്ചിരുന്നതെന്നതിന്റെ മികച്ച ഉദാഹരണമാണത്. ചൂടാന്‍ കൊതിയുണ്ടായിട്ടും വനജ്യോത്സ്ന എന്ന മുല്ലയിലെ പൂവ് ശകുന്തള ഇറുത്തില്ല. അവയ്ക്ക് വെള്ളം കൊടുത്തിട്ടല്ലാതെ അവള് കുടിച്ചില്ല. മുല്ല തേന്മാവില് പടര്‍ന്ന് ഇരുവരുടെയും ജീവിതം സുരഭിലമായെന്നതാണ് അവളു െആശ്വാസം. ദീര്‍ഘാപാംഗനെന്ന മാനിനെ, അപകത്തില്പ്പെട്ടപ്പോള് ഓടലെണ്ണ തടവി വളര്‍ത്തി ശകുന്തള. ശകുന്തള ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് പോകുമ്പോള്‍ കുയിലുകള്‍ കൂവി അനുമതി നല്‍കുന്നുണ്ട്. സങ്കടംകൊണ്ടെന്നപോലെ വെള്ളിലച്ചെടികള്‍ ഇല പൊഴിക്കുന്നുണ്ട്. കാളിദാസനെ, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി ‘കേരള ശാകുന്തള’ത്തില്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്യുന്നു:
”മാനുകള്‍ ചവച്ച പുല്ലും-
കാര്ന്നിതു, നൃത്തം വെടിഞ്ഞു മയിലുകളും
കാനന വല്ലികള്‍ കണ്ണീര്-
ക്കണം കണക്കേ പൊഴിപ്പു വെള്ളിലകള്‍”
നഗരത്തിലേക്ക് പോകുന്ന ശകുന്തളയ്ക്ക് മരങ്ങള്‍ അലങ്കാരാഭരണങ്ങള്‍ സമ്മാനിച്ചതായി കാളിദാസന് വര്‍ണിക്കുന്നുണ്ട്. അങ്ങനെയായിരുന്നുവല്ലോ മനൃഷ്യനും പ്രകൃതി യും ഇണങ്ങിക്കഴിഞ്ഞിരുന്നത്. ഇന്ന് കാട്ടാനയും കാട്ടുപന്നിയും വീട്ടില്‍ (കാട് കൈയേറിയ) കിടത്തിയുറക്കുന്നില്ലെങ്കില് അതിന് കാരണക്കാരും മനുഷ്യര്‍തന്നെയാണല്ലോ. മൃഗങ്ങളുമായി സഹവസിക്കാന്‍, അവയെ ഒന്നു കെട്ടിപ്പിടിക്കുന്നത് നല്ലതുതന്നെയാണ്. നമ്മള് പണ്ട് കെട്ടിപ്പുണര്‍ന്നു കഴിഞ്ഞവരാണല്ലോ.
വാസ്തവത്തില്‍ ഈ കെട്ടിപ്പിടിക്കാനുള്ള ആഹ്വാനത്തില്‍ മറ്റൊരു സാമ്പത്തിക ശാസ്ത്രവുമുണ്ട്. പശുക്കള്‍ സ്വയം സമ്പത്താണ്. പണ്ട്, രാജാക്കന്മാരുടെ സ്വത്ത് ഇന്നത്തെ ചില ഭരണാധികാരികളുതേു പോലെ കള്ളക്കടത്തുസ്വര്ണമല്ലായിരുന്നു; പശുക്കളായിരുന്നു. സമ്മാനമായി ദാനം ചെയ്തിരുന്നത് പശുവിനെയാണ്, അയല്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടന്നിരുന്നത് രാജാക്കന്മാര് പരസ്പരം പശുക്കൂട്ടത്തെ മോഷ്ടിക്കുകയോ തട്ടിയെടുക്കുകയോ ചെയ്യുന്നതിന്റെ പേരിലായിരുന്നു. പശു ഇന്നും നാടിന്റെ സമ്പത്താണ്. കേരളത്തിനുപുറമേ വന്‍ തോതില്‍ ക്ഷീരകര്ഷകഗണമുണ്ട്. ഹരിയാനയും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളില്‍ പോകണം. ഗുജറാത്തിലെ ആനന്ദ് ഗ്രാമം പശുക്കളുടേതാണ്. ഇനിയും അത് വളരാനും പടരാനുമുള്ള സാധ്യതകള്‍ ഏറെയാണ്. കേരളത്തിലും അവിവിടെ ഇല്ലാതില്ല. അവിടെയും ലാഭം നോക്കും മലയാളി. പശുക്കളെ ഉപേക്ഷിച്ച് എരുമ വളര്‍ത്തും, കൂടുതല്‍ ചുരന്നു കിട്ടാന്‍. നമുക്ക് ദോഹനം അറിയില്ല, ചൂഷണമാണ് പഥ്യം. എന്തിനും അതിര്‍ത്തികടന്ന് വരുന്ന ലോറി കാത്തിരിക്കുന്ന കേരളത്തിലെ ചിലര്‍ക്ക് പശുവും പശുജന്യജീവികളും മാംസക്കൊതി തീര്ക്കാനുള്ളതുമാത്രയതാണ് ദുരന്തം.
‘കൗ ഹഗ്ഗിങ്’ (പശുവിനെ കെട്ടിപ്പിടിക്കല്‍) ലോക വ്യാപകമായ ഒരു ആഘോഷമാണ്. സ്വീഡനും ആസ്ട്രേലിയയും ന്യൂസ് ലാന്‍ഡും മറ്റും ഇത് ഉത്സവം പോലെ നടത്തുന്നു. അവിടെ ഡയറി ഫാമുകളില്‍ ഇതൊരു ബിസിനസ് പോലുമാണ്. മണിക്കൂര്‍ ഒന്നിന് പശുക്കള്‍ക്കൊപ്പം ചെലവിടാന്‍ 80 ഡോളര്വരെയൊക്കെ മുടക്കണം, ആളുകള്‍ മുടക്കുന്നു. പലര്‍ക്കും മാനസിക സംഘര്‍ഷം ഒഴിവാക്കാനൊക്കെ ഇത് സഹായകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊക്കെ പറയുന്നുണ്ട്, മൃഗക്ഷേമ സമിതിയുടെ ഉത്തരവില്‍. പക്ഷേ, കേരളത്തിലുള്‍പ്പെടെ എതിരൊച്ചയുണ്ടാക്കിയവര്ക്ക് അതൊന്നും വായിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അറിഞ്ഞ ഇതരഭാഷാ മാധ്യമങ്ങള്‍, അബദ്ധം തിരുത്തിയില്ലെങ്കിലും മണ്ടത്തരം ആവര്‍ത്തിക്കുന്നത് മതിയാക്കി. വിദേശത്തുനിന്ന് വാലന്റിന്‍സ് ഡേ ആഘോഷം ഇവിടെ വീടുവീടാന്തരം നടത്താന്‍ ചിലര്‍ക്ക് ആവേശമാണ്. പക്ഷേ, പശുപാലനം വിദേശത്തുണ്ടെങ്കിലും ഇവിടെ പാടില്ല, പാടില്ല.
കാളിദാസന്റെ അഭിഞ്ജാന ശാകുന്തളം അതിന്റെ ഗൗരവ ഭാഗത്തേക്ക് കടക്കുന്നത്, മാനിനെ വേട്ടയാടി വരുന്ന രാജാവിനെ തടഞ്ഞുകൊണ്ട് മുനികുമാരന് പറയുന്ന വാക്യത്തിലൂടെയാണ്. ”അത് ആശ്രമമൃഗമാണ്, കൊല്ലാവുന്നതല്ല, കൊല്ലാവുന്നതല്ല” എന്നു പറഞ്ഞ്, ഉദ്ധരിച്ചത് ആറ്റൂരിന്റെ കേരള ശാകുന്തളത്തിലെ വിവര്‍ത്തന വരികള്‍. പുതിയ കാലത്തെ ‘കേരള ശാകുന്തളം’ തുടങ്ങുന്നത് ഇങ്ങനെയാണ്: ”അത് ആശ്രമമൃഗമാണ്, കൊല്ല് കൊല്ല്…” എന്ന്. ആരോടോ ഉള്ള വാശി തീര്‍ത്ത് അവര്‍ കൊല്ലാനും തലോടരുതെന്നും പറയുന്നത് പശുവിനെ അല്ലല്ലോ, ഒരു സംസ്കാരത്തെയാണല്ലോ.
പിന്കുറിപ്പ്:
2023 ഫെബ്രുവരി മൂന്നുവരെ പെട്രോള്‍ ഉല്‍പ്പാദിപ്പിച്ച് വില നിശ്ചയിച്ച് വിതരണം ചെയ്തിരുന്നത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരായിരുന്നു! അന്നുമുതല്‍ വില നിശ്ചയിക്കുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായി. ഇനി പോളണ്ടിനെക്കുറിച്ചും പെട്രോളിനെക്കുറിച്ചും മിണ്ടിപ്പോകരുത്… കരയാനുമാവാതെ സഖാക്കള്‍, ക്യൂബാ മുകുന്ദന് കക്കൂസിലെങ്കിലും മുദ്രാവാക്യം വിളിക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: