തിരുവനന്തപുരം : കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് സര്‍ക്കാര്‍ മറുപടി പറയണം. അവധിയില്‍പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കൂട്ട അവധി സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയായിട്ടും വിനോദയാത്ര തുടരാനുള്ള തീരുമാനം ധാര്‍ഷ്ട്യമാണ്. ഇടത് യൂണിയനുകളില്‍പ്പെട്ട ഇവര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. കോന്നി എംഎല്‍എക്ക് വിഷയത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ജനങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണം
എഡിഎം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് ഒരു ഭരണകക്ഷി എംഎല്‍എക്ക് വിലപിക്കേണ്ടി വരുന്നതില്‍ നിന്നു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പരാജയം വ്യക്തമാണ്. അനുമതിയില്ലാതെ യാത്ര നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി കെ. രാജന്‍ തയ്യാറാവണം. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജനദ്രോഹ കേന്ദ്രങ്ങളായി മാറുകയാണ്. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. പിണറായി സര്‍ക്കാരിന്റെ കുത്തഴിഞ്ഞ സമീപനമാണ് സിപിഎം- സിപിഐ സര്‍വ്വീസ് സംഘടനകള്‍ക്ക് വളം വെച്ചുകൊടുക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: