ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമപരമായി പൊരുതാന്‍ വാക് ടെല്‍ എന്ന അമേരിക്കയിലെ ഏറ്റവും ചെലവേറിയ നിയമസ്ഥാപനത്തെ വാടകയ്ക്കെടുത്ത് അദാനി. വാക് ടെല്‍, ലിപ്റ്റന്‍, റോസന്‍ ആന്റ് കാറ്റ്സ് എന്നതാണ് മുഴുവന്‍ പേര്. ആക്ടിവിസം ഡിഫന്‍സ് നിയമ സ്ഥാപനമായാണ് വാക് ടെല്‍ അറിയപ്പെടുന്നത്. ആരോപണശരങ്ങളില്‍ കുടുങ്ങി പ്രതിരോധത്തിലായ കമ്പനികളെ ആക്രമണോത്സുകമായ നീക്കങ്ങളിലൂടെ കരകയറ്റാന്‍ വാക് ടെലിന് കഴിയും.
പലിന് പകരം പല്ല് എന്ന നയമാണിവിടെ അദാനി പിന്തുടരുന്നത്. യുഎസിലെ ഒരു സ്ഥാപനത്തെ യുഎസിലെ തന്നെ മറ്റൊരു സ്ഥാപനത്തെ ഉപയോഗിച്ച് നേരിടാനാണ് ശ്രമം. എതിരാളികളുടെ ആക്രമണത്തെ നേരിടാന്‍ അമേരിക്കയിലെ കോര്‍പറേറ്റുകള്‍ സഹായം തേടുന്ന കമ്പനിയാണ് വാക് ടെല്‍. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹിന്‍ഡന്‍ബര്‍ഗിനെ നേരിടാന്‍ ഏറ്റവും ഫലപ്രദമായി ന്യൂയോര്‍ക്കില്‍ നിന്നുതന്നെയുള്ള വാക് ടെലിന് കഴിയുമെന്ന് അദാനി പ്രതീക്ഷിക്കുന്നു.
അദാനിയ്ക്കെതിരെ ഇന്ത്യയില്‍ മാധ്യമങ്ങളില്‍ ഓരോ മണിക്കൂറിലും നെഗറ്റീവ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം പ്രചരിപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനെല്ലാം നേരിടണമെങ്കില്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ ഫലപ്രദമായി ചെറുത്തേ മതിയാവൂ. അതിനാണ് വാക് ടെലിനെ വിളിക്കുന്നത്.
അദാനിയുടെ ഇന്ത്യന്‍ ലീഗല്‍ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസാണ് വാക് ടെലിനെ ബന്ധപ്പെട്ട്ത്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നയിക്കുന്ന സിറില്‍ ഷ്രോഫിന്റെ മകള്‍ പരീധിയെയാണ് ഗൗതം അദാനിയുടെ മൂത്ത മകന് വിവാഹം ചെയ്തിരിക്കുന്നത്.
ഇതിനിടെ ഓഹരിവിലകള്‍ പെരുപ്പിച്ച് കാട്ടിയ ശേഷം അത് പണയം വെച്ച് വന്‍തുക വായ്പ എടുക്കുന്നു എന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തെ ഫലപ്രദമായി അദാനി നേരിട്ടിരുന്നു. ബാങ്കുകളില്‍ പണയം വെച്ച ഓഹരികള്‍ രൊക്കം പണം നല്കി മടക്കിവാങ്ങിയാണ് അദാനി ഇതിനെതിരെ പ്രതികരിച്ചത്. ഇത് ഓഹരിവിപണികളില്‍ അദാനി ഓഹരികളുടെ വിശ്വാസ്യത കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: