തിരുവനന്തപുരം: തിയേറ്ററുകളില്‍ എത്തിയ മമ്മൂട്ടിയുടെ സ്റ്റയിലിഷ് ത്രില്ലര്‍ മാസ് മൂവി ‘ക്രിസ്റ്റഫര്‍’ ഹൈദരാബാദ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വിസി സജ്ജനാറുടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സജ്ജനാറും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ തെളിവായി ഉയര്‍ത്തി സമൂഹ മാദ്ധ്യമങ്ങള്‍. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളില്‍ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാന്‍ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികള്‍ക്ക് മുന്നില്‍ ദശാബ്ദങ്ങള്‍ കാത്തുകെട്ടികിടക്കാന്‍ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ‘ക്രിസ്റ്റഫര്‍’.
വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന സ്വബോധ്യത്തില്‍ നിന്ന് നിയമം കയ്യിലെടുത്ത് ‘ക്രിസ്റ്റഫര്‍’ നടത്തുന്ന താന്തോന്നിത്തരങ്ങളെ തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന കയ്യടികളോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ നീതിനിയമ വ്യവസ്ഥക്ക് നല്‍കുന്ന അപായ സൂചന എന്താണെന്ന് പഠിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് സമൂഹ മാദ്ധ്യങ്ങളിലെ ഒരുകൂട്ടര്‍ വാദിക്കുന്നു.
അതെ, പ്രതികള്‍ക്കെതിരെ വേഗത്തില്‍ നീതി നടപ്പിലാക്കാന്‍ ഇഷ്ടപ്പെടുന്ന ഏതൊരാളും തറപ്പിച്ചു പറയും ‘ക്രിസ്റ്റഫര്‍’ ആണ് ശരിയെന്ന്. ചിത്രത്തിന്റെ ഇനിഷ്യല്‍ഡേയിലെ ഷോകള്‍ക്കുള്ള ആസ്വാദകരുടെ തിരക്ക് അത് അടിവരയിടുന്നുമുണ്ട്. എന്നാല്‍, അത് പൊലീസ് സംവിധാനത്തിനും കോടതികള്‍ക്കും ആധുനിക നിയമവ്യവസ്ഥക്കും തലവേദന തീര്‍ക്കും എന്ന സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ വിശദീകരണം തള്ളിക്കളയാന്‍ കഴിയില്ല.
പോലീസ് ‘വിജിലന്റിസം’ പ്രമേയമാകുന്ന ‘ക്രിസ്റ്റഫര്‍’ ഈ രീതിയിലുള്ള വിവിധ വഴികളിലെ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന സ്‌നേഹ അവതരിപ്പിച്ച കഥാപാത്രം പറയുംപോലെ നിയമവിരുദ്ധമായ നരഹത്യയെ ഇങ്ങനെ സെലിബ്രെറ്റ് ചെയ്യുന്നത് അപകടം തന്നെയാണ്. പക്ഷെ, നീതിയുടെ കാലതാമസം മനസാക്ഷിയുള്ള മനുഷ്യരെ, ക്രിസ്റ്റഫറിന് കയ്യടിക്കാന്‍ പ്രേരിപ്പിക്കും.
ഇതിനിടയിലാണ് മറ്റൊരുകാര്യം കൂടി സമൂഹ മാദ്ധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നത്. 2019 നവംബര്‍ 28ന് ഹൈദരാബാദില്‍ യുവഡോക്ടറെ അതിക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം, മൃതദേഹം കത്തിച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ നാലു പ്രതികളെ പോലീസ് ആത്മ രക്ഷക്കായി വെടിവച്ചു കൊന്നതായി 2019 ഡിസംബര്‍ 6ന് ഹൈദരാബാദ് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജനാര്‍ പ്രഖ്യാപിച്ചിരുന്നു.
2008ല്‍ ഹൈദരാബാദിലെ വാറങ്കലിലെ രണ്ട് വനിതാ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ, പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ശ്രീനിവാസന്‍ എന്നയാളും സുഹൃത്തുക്കളായ ബി സന്‍ജയ്, പി ഹരികൃഷ്ണന്‍ എന്നീ മൂന്നുപേര്‍ ചേര്‍ന്ന് ആസിഡ് ആക്രമണം നടത്തി ശരീരത്തെ ക്രൂരമായി വികൃതമാക്കിയിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെയും പിന്നീട് പൊലീസ് ആത്മരക്ഷാര്‍ഥം എന്നപേരില്‍ വെടിവെച്ച് കൊന്നിരുന്നു. ഈ സമയത്ത് വാറങ്കല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നു വിസി സജ്ജനാര്‍.
നിലവില്‍ സൈബരാബാദ് പോലീസ് കമ്മീഷണറായ വിസി സജ്ജനാര്‍ ഐപിഎസ്, ക്രിസ്റ്റഫറെ പോലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ്. ഇദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന നിയമവിരുദ്ധമായ എട്ടോളം നരഹത്യകള്‍ സമൂഹം വലിയരീതിയില്‍ സെലിബ്രെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ വിസി സജ്ജനാര്‍ ഐപിഎസിനൊപ്പം ‘ക്രിസ്റ്റഫര്‍’ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ വയറലായതോടെ ക്രിസ്റ്റഫറിന്റെ രചനയില്‍ വിസി സജ്ജനാറുടെ ജീവിതകഥ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് സമൂഹമാദ്ധ്യമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: