അഡ്വ. ആര്. പത്മകുമാര്‍
ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതി ലോകത്തെവിടെയുമില്ല. ബ്രിട്ടനും, അമേരിക്കയുമടക്കമുള്ള ഒരു നാട്ടിലും ഇത്തരമൊരേര്പ്പാടില്ല. ഇന്ത്യയിലും ഇത് മുമ്പുണ്ടായിരുന്നില്ല. കൊളീജിയം തുടങ്ങിയത് 1993-98 കാലത്താണ്. ഭരണഘടനയുടെ അനുശാസനത്തിന് വിരുദ്ധമായ വ്യാഖ്യാനത്തിലൂടെയാണ് സുപ്രീംകോടതി കൊളീജിയത്തിന് തുടക്കം കുറിച്ചത്. നമ്മുടെ ഭരണഘടനയുടെ 124(2), 217(1) ആര്‍ട്ടിക്കിള്‍സ് പ്രകാരം ജഡ്ജിമാരെ നിയമിക്കേണ്ടത് ഇന്ത്യന്‍ പ്രസിഡന്റാണ്. അദ്ദേഹം മുതിര്‍ന്ന ജഡ്ജിമാരുമായി നിയമനത്തെ സംബന്ധിച്ച് കണ്സള്ട്ടേഷന് നടത്തിയാല്‍ മതി. ഈ വാക്കിന്റെ അര്‍ത്ഥം ‘കൂടിയാലോചന’യെന്നാണ്. പക്ഷെ ദൗര്‍ഭാഗ്യമെന്നു പറയട്ടെ ജഡ്ജസ് കേസുകളിലെ വിധിയിലൂടെ പ്രസിഡന്റിന്റെ അധികാരം സുപ്രീംകോടതി കവര്‍ന്നെടുക്കുകയായിരുന്നു. കണ്സള്ട്ടേഷന് അല്ല കണ്‍കറന്‍സ് അഥവാ സമ്മതം എന്നാക്കി ഭരണഘടന പരികല്പന മാറ്റിമറിക്കപ്പെട്ടു. ജുഡീഷ്യറിയുടെ ഇന്‍ഡിപെന്‍ഡന്‍സ് എന്ന തുറപ്പുചീട്ടും ജഡ്ജിമാര്‍ വിനിയോഗിച്ചു. സുഭാഷ്ശര്മ്മയുടെ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിയമനങ്ങളിലുണ്ടാവേണ്ട സമ്പൂര്‍ണ്ണ അധികാരം എടുത്തു പറയുന്നു (എഐആര്‍ 1991 എസ്സി 631). തുടര്‍ന്ന് അഡ്വക്കേറ്റ്സ് ഓണ്‍ റിക്കാര്‍ഡ്സ് കേസില്‍ ഗവണ്മെന്റിന് ഭരണഘടന നല്കിയ മേല്‍കൈ നിരാകരിക്കുകയും ചെയ്തു (എഐആര്‍ 1994 എസ്സി 268). ഇതുവഴി ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് ഭരണഘടന ഉദ്ദേശിക്കാതിരുന്ന ഗൗരവമുണ്ടായി. അതോടെ വിചിത്രമായ കൊളീജിയം രൂപപ്പെടുകയും ചെയ്തു.
ഇത്തരത്തില്‍ സുപ്രീംകോടതി വിധിയിലൂടെ ഭരണഘടനാവിരുദ്ധമായ പൊസിഷന്‍ എടുക്കുകയാണുണ്ടായത്. ഭാരതത്തിലെ സ്വതന്ത്ര ജുഡീഷ്യറിയുടെ തകര്‍ച്ചയാണ് നാമിതിലൂടെ കണ്ടത്. ജനാധിപത്യപരമായ ഡിബേറ്റ് ഇത് സംബന്ധിച്ച് പാര്‍ലമെന്റിലോ, ജനസമക്ഷമോ ഉണ്ടായിട്ടില്ല. വിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നില്ല. ഏതാനും ജഡ്ജിമാരുടെ തീരുമാനപ്രകാരം, ഭരണഘടനാ നിയമം അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതുവഴി പുതിയതും, ഭരണഘടനാ ബാഹ്യവുമായ ഒരു നിയമം നിലവില്‍ വന്നു. പാര്‍ലമെന്റും, അസംബ്ലികളുമാണ് നിയമം പാസാക്കേണ്ടതെന്ന മൗലികമായ ധര്‍മ്മം ഇവിടെ വിസ്മരിക്കപ്പെട്ടു. ജഡ്ജിമാരുണ്ടാക്കിയ നിയമപ്രകാരം, തങ്ങളുടെ ഇഷ്ടക്കാരെ അക്കാലം മുതലെ ജഡ്ജിമാരാക്കാനാരംഭിച്ചു.
കൊളീജിയത്തെക്കുറിച്ച് ഗൗരവമേറിയ വിമര്‍ശനങ്ങളാണ് പ്രഗത്ഭമതികളായ മുന്‍ ജഡ്ജിമാര്‍ പോലും ഉന്നയിച്ചിരുന്നത്. ഇതിലൊട്ടും തന്നെ സുതാര്യത ഇല്ല. എന്താണ് നിയമിക്കപ്പെട്ടവന്റെ യോഗ്യത എന്നത് ആര്‍ക്കുമറിയില്ല. അത് പറയുന്നതിന് ആര്‍ക്കും ബാധ്യതയുമില്ല. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ മൗലികതയ്ക്ക് എതിരാണ്. ഇപ്രകാരം നിയമിക്കപ്പെടുന്നവര്‍ പലപ്പോഴും യോഗ്യത ഇല്ലാത്തവരാണെന്നാക്ഷേപമുണ്ട്. ബന്ധുക്കളെ വരെ ജഡ്ജിമാരാക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. സാമൂഹിക നീതിയുടെ താല്പര്യങ്ങള് പരിഗണിക്കപ്പെടുന്നില്ല. മാത്രമല്ല, ജഡ്ജിമാര്‍ തമ്മിലുള്ള കുടിപ്പക നിമിത്തം വര്‍ഷങ്ങളോളം കൊളീജിയം കൂടാത്ത സാഹചര്യവുമുണ്ട്. കൊളീജിയം കൂടാനിരിക്കുന്നതിനായ്, കോടതി സിറ്റിംഗ് സമയം ദീര്‍ഘിപ്പിച്ച് കൊളീജിയം മീറ്റിംഗ് ഒഴിവാക്കിയ സംഭവങ്ങളും കേള്‍ക്കുന്നുണ്ട്. ജഡ്ജിമാര്‍ തമ്മില്‍ വീതം വെച്ച് നിയമനം നടത്തുന്ന അനുഭവങ്ങളും ഏറെയുണ്ട്.
എന്തു മാനദണ്ഡത്തിലാണ് ഒരു വ്യക്തി ജഡ്ജിയാക്കപ്പെട്ടതെന്നറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. കാരണം നമ്മുടേത് ഒരു ജനാധിപത്യ സമൂഹമാണ്. മെറിറ്റുള്ള അഭിഭാഷകര്‍ പോലും തഴയപ്പെടുന്ന അനുഭവങ്ങളും ഏറെയുണ്ട്. വിവിധ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റീസായിരുന്നവര്ക്കു പോലും, കൊളീജിയം കനിയാത്തതിനാല്‍ സുപ്രീംകോടതിയിലെത്താന്‍ കഴിയാതെ വന്നിട്ടുണ്ട്. മലയാളിയായ ഒരു പ്രഗത്ഭ ജഡ്ജിക്കു പോലും സുപ്രീംകോടതിയിലെത്താന്‍ കഴിയാതിരുന്നത് ജഡ്ജിമാരുടെ കുടിപ്പക നിമിത്തം കൊളീജിയം കൂടാതിരുന്നതിനാലായിരുന്നു.
യോഗ്യതയില്ലാത്തവരെ ജഡ്ജിമാരാക്കുന്നതാണ് കൊളീജിയത്തിന്റെ മികവെന്നാണ് ഒരു മുന്‍ സുപ്രീംകോടതി ജഡ്ജി ഒരു മീറ്റിംഗില്‍ പറഞ്ഞത്. ജഡ്ജിമാരുടെ സ്ഥാപിത താല്പര്യങ്ങളും സ്വജനപക്ഷപാതവും നടപ്പിലാക്കുന്നതിനാണ് കൊളീജിയം നിലകൊള്ളുന്നതെന്നാണ് ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യര്‍ തന്നെ മുമ്പ് പറഞ്ഞിട്ടുള്ളത്.
കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കണമെന്ന അഭിപ്രായം ശക്തമാണ്. അഭിഭാഷകര്‍, ജഡ്ജിമാര്‍, തുടങ്ങി പ്രബുദ്ധ വിഭാഗങ്ങളെല്ലാം ഇതിനായി വാദിക്കുന്നുണ്ട്. ഈ സാഹചര്യം കൊണ്ടാണ് ഒന്നാം നരേന്ദ്രമോദി ഗവണ്മെന്റ്, നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മീഷന് ബില്‍ (2014) പാര്‍ലമെന്റിലവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും എതിര്‍പ്പുകൂടാതെ ഈ നിയമം പാസാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലും, ഈ ബില്ലിന് വലിയ പിന്തുണ ലഭിയ്ക്കുകയുണ്ടായി. ഈ നിയമത്തിന് ഒട്ടനവധി പ്രത്യേകതകളുണ്ടായിരുന്നു. നിയമനം നടത്തേണ്ടത് കമ്മീഷനാണ്. കമ്മീഷനംഗങ്ങള്‍, ചീഫ്ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ നിയമം സുപ്രീംകോടതി റദ്ദു ചെയ്യുകയാണുണ്ടായത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഇതുവഴി ഉണ്ടായത്. പാര്‍ലമെന്റിന്റെ ഇരുസഭകളും, അസംബ്ലികളും പാസാക്കിയ നിയമമാണ്, സുപ്രീംകോടതി റദ്ദാക്കിയത്. സുതാര്യവും, സ്വതന്ത്രവുമായ ജഡ്ജി നിയമനമാണ് ഇതുവഴി ദുര്‍ബലപ്പെട്ടത്, തടയപ്പെട്ടത്. കൊളീജിയത്തിലൂടെ മതസാമുദായിക താല്പര്യങ്ങള് സംരക്ഷിക്കപ്പെടുന്നതായും ആക്ഷേപമുണ്ട്.
ജഡ്ജിനിയമന ശുപാര്‍ശകളില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇതു സംബന്ധിച്ച സംശയങ്ങളുടെ പരിഹാരം ഭരണഘടനാ പരമാണ്. തങ്ങളുടെ നിയമന ശുപാര്‍ശകള്‍ വേഗത്തില്‍ അംഗീകരിച്ചു കിട്ടണമെന്ന വാശി ജഡ്ജിമാര്‍ക്ക് പാടില്ലാത്തതാണ്. ഭരണഘടന ഇതു സംബന്ധിച്ച് ഗവണ്മെന്റിന് നല്കുന്ന അധികാരം ഗൗരവമുള്ളതും പാലിക്കപ്പെടേണ്ടതുമാണ്. ആര്‍ട്ടിക്കിള്‍ 124(2), 217(1) ഇവ പ്രസക്തമായതും, നടപ്പാക്കേണ്ടതുമാണെന്ന് സുപ്രീംകോടതി ജഡ്ജിമാരെ വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഗവണ്മെന്റിനുള്ള അധികാരാവകാശങ്ങള്‍ ജലരേഖയാവാന് പാടില്ലാത്തതാണ്.
കേന്ദ്രനിയമന്ത്രി കിരണ്‍ റിജ്ജു പ്രസ്താവിച്ചതുപോലെ, ജനാധിപത്യത്തില്‍ ആരും, ആരേയും വിരട്ടേണ്ടതില്ല. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ ജഡ്ജിമാരും സര്‍ക്കാരും ബാധ്യസ്ഥമാണ്. ആവശ്യമെങ്കില്‍ ജഡ്ജിനിയമനം സംബന്ധിച്ച് പരിഷ്കരിച്ച നിയമം കൊണ്ടുവരേണ്ടതാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളും ഈ വിഷയത്തില്‍, തങ്ങള്‍ ഭരണഘടനയോടൊപ്പമാണോയെന്ന് നിലപാട് പറയേണ്ടതുമാണ്. അല്ലാത്തപക്ഷം കൊളീജിയം രീതിയിലുള്ള നിയമനങ്ങള്‍ തുടര്‍ക്കഥയായേക്കും. കേന്ദ്രഗവണ്മെന്റിന്റെ ഇക്കാര്യത്തിലുള്ള ശക്തമായ നിലപാട് അഭിനന്ദനാര്‍ഹവും മുമ്പില്ലാതിരുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: