രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തിയ പ്രസംഗം ഒരേസമയം രാജ്യസ്നേഹികളെ സന്തോഷിപ്പിക്കുന്നതും, രാഷ്ട്രത്തിന്റെ പുരോഗതിയിലും ക്ഷേമത്തിലും താല്‍പ്പര്യമില്ലാത്തവരെ കണക്കിന് പ്രഹരിക്കുന്നതുമായിരുന്നു. പാര്‍ലമെന്റംഗങ്ങള്‍ക്കു മാത്രമല്ല, രാജ്യത്തെ പൗരന്മാര്ക്കും വഴികാട്ടുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നയപ്രഖ്യാപനമാണ് രാഷ്ട്രപതി നടത്തിയതെന്നു പറഞ്ഞ പ്രധാനമന്ത്രി, പ്രചോദനത്തിന്റെ കേന്ദ്രമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവെന്നും അഭിപ്രായപ്പെട്ടു. ഗോത്ര വര്‍ഗത്തില്‍നിന്നുള്ള അവര്‍ ആ ജനതയുടെ അഭിമാനമുയര്‍ത്തിയെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന മാര്‍ഗരേഖയെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ വിശേഷിപ്പിച്ച പ്രധാനമന്ത്രി അത് രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുമെന്ന പ്രത്യാശയും പങ്കുവച്ചു. നയപ്രഖ്യാപനത്തെ രാഷ്ട്രീയ പ്രേരിതമായി വിമര്‍ശിച്ച പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് ശരിയായ മറുപടി നല്‍കാനും പ്രധാനമന്ത്രി മറന്നില്ല. ഈ നേതാക്കളുടെ പ്രസംഗം നാം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തെന്നും, ഇത് അവരുടെ കഴിവും കാഴ്ചപ്പാടും ധാരണയും ഉദ്ദേശശുദ്ധിയുമൊക്കെ എത്രയുണ്ടെന്ന് ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തുവെന്നും പറഞ്ഞ പ്രധാനമന്ത്രി, രാജ്യം എല്ലാം കാണുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് നേതാക്കളായ ചില അംഗങ്ങള്‍ നിരുത്തരവാദപരമായി പ്രസംഗിച്ചതില്‍ ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ച ആഹ്ലാദത്തെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് ചില കേന്ദ്രങ്ങള്‍ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. സര്‍ക്കാരിനുള്ള മറുപടിയായി ഇതിനെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് രാജ്യത്തെ പ്രമുഖ വ്യവസായിയായ അദാനിയുടെ ഷെയറുകള്‍ക്ക് ഓഹരി കമ്പോളത്തില്‍ വലിയ ഇടിവു നേരിട്ടിരുന്നു. അദാനി തന്റെ ഓഹരികളുടെ മൂല്യം പെരുപ്പിച്ചുകാട്ടുകയാണെന്ന് ഒരു അമേരിക്കന്‍ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണിത്. ആവേശഭരിതരായ കോണ്‍ഗ്രസ്സും ചില പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനുള്ള തിരിച്ചടിയായി ഇതിനെ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരു വ്യവസായി എന്ന നിലയ്ക്ക് അദാനിയുമായി നിയമപരമായ ബന്ധം മാത്രമാണ് സര്‍ക്കാരിനുള്ളതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കുകയുണ്ടായി. അദാനിയുടെ കമ്പനികളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് ‘സെബി’യും പറയുകയുണ്ടായി. എന്നാല്‍ ഇതില്‍ തൃപ്തരാവാതെയാണ് പ്രതിപക്ഷം ദുഷ്പ്രചാരണം ആരംഭിച്ചത്. ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ യാതൊരു തെളിവുമില്ലാതെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ലോക്സഭാ സ്പീക്കര്‍ രേഖകളില്‍നിന്ന് നീക്കുകയും ചെയ്തു. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് രാഹുലിനെതിരെ നടപടി വേണമെന്ന പരാതി സ്പീക്കറുടെ പരിഗണനയിലുമാണ്. ഇതിനു പിന്നാലെയാണ്, പ്രതിപക്ഷം കെട്ടിപ്പൊക്കിയ വിമര്‍ശനങ്ങളുടെ ചീട്ടുകൊട്ടാരത്തെ പ്രധാനമന്ത്രി നിഷ്പ്രയാസം ചിതറിച്ചു കളഞ്ഞത്. ഇതോടെ പ്രതിപക്ഷത്തെ പല നേതാക്കള്‍ക്കും മുഖം നഷ്ടമായി. പതിവുപോലെ അവര്‍ നിശ്ശബ്ദരായി. ഇനി അടുത്ത ഊഴത്തിനുവേണ്ടി കാത്തിരിക്കും.
പ്രതിപക്ഷവും മാധ്യമങ്ങളും സൃഷ്ടിച്ചതല്ല തന്റെ സ്വീകാര്യതയെന്നും, 140 കോടി ജനങ്ങളാണ് തന്റെ സുരക്ഷാകവചമെന്നും പറഞ്ഞ പ്രധാനമന്ത്രി, പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളൊന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും, ഗുജറാത്ത് മുഖ്യമന്ത്രിയായ കാലംമുതലുള്ള ഇരുപത്തിരണ്ട് വര്‍ഷത്തെ അനുഭവം അതാണെന്നും പറയുകയുണ്ടായി. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ മുന്നേറ്റത്തെ കാണുന്നതെന്നും, എന്നാല്‍ ജി 20 ഉച്ചകോടിക്ക് രാജ്യം അധ്യക്ഷത വഹിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞത് കൊള്ളേണ്ടിടത്തുകൊണ്ടു. കോണ്‍ഗ്രസ് ഭരണകാലത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലേക്ക് വിരല്‍ചൂണ്ടിയ പ്രധാനമന്ത്രി അത് എങ്ങനെയാണ് രാജ്യത്തെ അപമാനിച്ചതെന്നും വിശദീകരിച്ചു. പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലം നഷ്ടങ്ങളുടെ ദശകമായിരുന്നെങ്കില്‍ 2014 മുതലുള്ള എന്‍ഡിഎ ഭരണകാലം നേട്ടങ്ങളുടെ ദശകമാണ്. ഇന്ന് ഇന്ത്യയുടെ വികസനത്തെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് ചിലര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. അഴിമതിക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോള്‍ കോലാഹലവുമായി ഒന്നിക്കുന്ന പ്രതിപക്ഷത്തിന്റെ തനിനിറവും പ്രധാനമന്ത്രി തുറന്നുകാട്ടി. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം വിമര്‍ശകര്‍ക്കുപോലും ബോധ്യം വന്നതായി ജോഡോ യാത്രയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരംമുട്ടി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഇപ്പോള്‍ മുതല്‍ കുതന്ത്രങ്ങള്‍ മെനയുന്ന പ്രതിപക്ഷത്തിന് അതിന്റെ ഫലവും നഷ്ടക്കച്ചവടമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രിയുടെ ആവേശം തുളുമ്പുന്ന വാക്കുകള്‍ അവരെ ആശങ്കപ്പെടുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: