അമ്പലവയല്‍: പൊന്മുടിക്കോട്ടയില് ഭീതിപരത്തിയ കടുവ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യംചെയ്ത നാട്ടുകാരന് തൂങ്ങിമരിച്ച നിലയില്‍. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയെ പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിനുശേഷം കേസില്‍ കുടുക്കുമെന്ന് ഹരി ഭയപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഹരിയെന്നും കുടുംബം പറയുന്നു.
എന്നാല്‍, ആരോപണം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്. ഹരിയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും സാക്ഷിയാക്കിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം.ഒരാഴ്ച മുമ്പാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കടുവ കഴുത്തില്‍ കുരക്ക് മുറുകി ചത്തത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്കി, ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഹരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: