ചാലക്കുടി: വിവാഹ വാര്‍ഷിക ദിനത്തില്‍ അതിരപ്പിള്ളി മുക്കുംപുഴ വനവാസി ഊരിലേക്ക് വഞ്ചി സമ്മാനിച്ച് സിനിമാ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപി. എട്ട് ദിവസം കൊണ്ട് വാഗ്ദാനം നിറവേറ്റി ഇവിടുത്തുകാരുടെ സ്വപ്നമാണ് സുരേഷ് ഗോപി യാഥാര്‍ത്ഥ്യമാക്കിയത്.
റോഡില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള കോളനിയിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സുരേഷ് ഗോപി കുറച്ച് ദിവസം മുന്‍പ് ഇവിടെ മഞ്ചല് നല്‍കിയിരുന്നു. കോളനിയോട് ചേര്‍ന്ന് കിടക്കുന്ന തുരുത്തിലേക്ക് ഒരു വഞ്ചി വേണമെന്ന് കോളനി നിവാസികള്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. തുരുത്തില് കഴിയുന്നവര്‍ ഈ ആവശ്യം അറിയിച്ച ഉടനെ ഇതിന് പരിഹാരം കാണുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയക്കുള്ളില്‍ തന്നെ സുരേഷ്ഗോപിക്ക് വേണ്ടി സിനിമ താരം ടിനിടോം, വഞ്ചി നിര്‍മ്മിച്ച സ്ഥാപന ഉടമ നിഷിജിത്ത് എന്നിവര്‍ ബിജെപി മണ്ഡലം ഓഫിസിലെത്തി ഫൈബര്‍ വള്ളം കൈമാറി. ഇന്നലെ സുരേഷ് ഗോപിയുടെ വിവാഹ വാര്‍ഷികമായിരുന്നു.
മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഫൈബര്‍ വഞ്ചി ഏറ്റവാങ്ങി. ശനിയാഴ്ച സുരേഷ് ഗോപി മുക്കുംപുഴ ആദിവാസി ഈരില്‍ നേരിട്ടെത്തി വഞ്ചി അവര്‍ക്ക് കൈമാറും. ആദ്യമായി അതിരപ്പിള്ളി പഞ്ചായത്തിലെ ഊര് സന്ദര്‍ശിക്കുന്ന സുരേഷ് ഗോപിയുടെ സന്ദര്‍ശനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് പറഞ്ഞു. ഫൈബര്‍ വഞ്ചിയുടെ കൈമാറ്റ ചടങ്ങില്‍ ജനറല്‍ സെക്രട്ടറിമാരായ ഷാജു കോക്കാടന്‍, ബൈജു ശ്രീപുരം, നിഷിജിത്ത് കെ.ഒ, ടി,എസ്.മുകേഷ്,പട്ടികജാതി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വി. സി. സിജു തുടങ്ങിയര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: