ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന വില വര്‍ധനവിനു പിന്നാലെ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വര്‍ധിപ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സര്‍വത്രവിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സമരത്തിനിറങ്ങുകയും, ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അനാവശ്യമായ പിടിവാശിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളത്. ഇന്ധന സെസ് വര്‍ധിപ്പിച്ചതോടെ ചരക്കുനീക്കത്തിന് ചെലവേറുകയും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയും ചെയ്യും. സ്വകാര്യ ബസ്സുകാര് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഉടന്‍ രംഗത്തിറങ്ങും. ഇതൊക്കെ ഏത് കുട്ടിക്കും അറിയാവുന്ന കാര്യമായിരുന്നിട്ടും ജനങ്ങളെ ദ്രോഹിക്കാന്‍ കരുതിക്കൂട്ടി തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും, ഇന്ധന സെസ് പിന്‍വലിക്കില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലും മറ്റും പ്രഖ്യാപിക്കുന്നത് സര്‍ക്കാരിന്റെ ജനവിരുദ്ധ സ്വഭാവത്തിന് തെളിവാണ്. പെട്രോളിനും ഡീസലിനും അധികസെസ് ഏര്‍പ്പെടുത്തിയത് അന്യായമാണെന്നറിഞ്ഞിട്ടും സമരമുഖത്തുള്ള പ്രതിപക്ഷം രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു കരുതി അത് പിന്‍വലിക്കാതിരിക്കുകയാണ്. സെസ് പിന്‍വലിക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കുന്നതെന്ന ധനമന്ത്രി ബാലഗോപാലിന്റെ പ്രസ്താവന ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ഇതിലൂടെ മന്ത്രി ജനങ്ങളെ അപമാനിക്കുകയാണ്.
വിലവര്‍ധനവിന് കാരണമാകുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കു പുറമെ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ്. വെള്ളക്കരം നാലിരട്ടി കൂട്ടിയത് പകല്‍ക്കൊള്ളയാണ്. എല്ലാ തട്ടിലുള്ളവരും ഇനി മുതല്‍ ജലം ഉപയോഗിക്കുന്നതിന് വലിയ വില നല്‍കേണ്ടിവരും. പൊതുടാപ്പിലെ വെള്ളം ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ തുകയാണ് ഇനിയങ്ങോട്ട് അടയ്ക്കേണ്ടിവരിക. ഇത് വലിയ അന്യായമാണെന്ന വികാരം ശക്തമായിരിക്കെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇരുപത് രൂപ കൊടുത്ത് കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നവര്‍ക്ക് വെള്ളക്കരമായി ഒരുരൂപ അധികം നല്‍കിയാലെന്താണെന്നാണ് മന്ത്രി ചോദിക്കുന്നത്. ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ ബാധ്യതയാണ്. ഇതിന്റെ പേരില്‍ അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് ഒരു രൂപയും രണ്ടു രൂപയുമൊന്നുമല്ല ജനങ്ങള്‍ അധികമായി നല്‍കേണ്ടിവരുന്നത്. വലിയ തുകതന്നെ നല്‍കണം. അത് ഒരു ദിവസവും രണ്ടു ദിവസവുമല്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് കുപ്പിവെള്ളത്തിന്റെ കാര്യം പറഞ്ഞ് ഈ മന്ത്രി ജനങ്ങളുടെമേല്‍ കുതിരകയറുന്നത്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതോടെ സിപിഎം നേതാക്കളുടെ ഭാഷയിലാണ് ജലവിഭവ മന്ത്രി സംസാരിക്കുന്നത്. ഇത്തരക്കാരെ ജനങ്ങള്‍ തന്നെ പാഠം പഠിപ്പിക്കുന്നതാണ് അനുഭവം.
സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നതില്‍ വന്നിട്ടുള്ള വന്‍ പരാജയമാണ് ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പണക്കാരും വന്‍കിടക്കാരുമൊക്കെ നടത്തുന്ന നികുതി വെട്ടിപ്പ് തടയാന്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ നടപടികളില്ല. വരുമാനത്തിന് നൂതന മാര്‍ഗങ്ങള്‍ കണ്ടെത്താതിരിക്കുകയും, ചെലവ് കുറയ്ക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ നയം. പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും ധൂര്‍ത്തിനു മാത്രം യാതൊരു കുറവും വരുത്തുന്നില്ല. സിപിഎമ്മിന്റെ പാര്‍ശ്വവര്‍ത്തികള്‍ക്ക് നികുതിപ്പണം വാരിക്കോരി നല്കാന് അവരെ കൂട്ടത്തോടെ ഉന്നത പദവികളില്‍ നിയമിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്ന യുപിഎസ്സിയില് ആറ് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ സംസ്ഥാനത്തെ പിഎസ്സിയിലുള്ളത് പന്ത്രണ്ട് പേരാണ്! ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ക്കായി ചെലവഴിക്കേണ്ടി വരുന്നത്. ഇതുപോലെ തന്നെയാണ് ഓരോ മന്ത്രിക്കും കണക്കിലേറെ സ്റ്റാഫുകളെ നിയമിച്ച് നികുതിപ്പണം ഒഴുക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഈ കൊള്ളയടി തുടരുകയാണ്. അടുത്തൊന്നും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന സിപിഎമ്മിന്റെ ധൈര്യമാണ് ജനങ്ങള്‍ക്കുമേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഇനിയൊരു അധികാരത്തുടര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നു മനസ്സിലാക്കി ഭരിച്ചു മുടിക്കാന്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: