ആലത്തൂര്‍: ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 28ന്. എല്‍ഡിഎഫിലെ കെ.വി. ശ്രീധരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നാളെവരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. പത്തിനാണ് സൂക്ഷ്മപരിശോധന. പിന്‍വലിക്കേണ്ട അവസാന തിയതി 13. ഇടതുമുന്നണി ഘടകക്ഷിയായ സിപിഐയുടേതാണ് കാലങ്ങളായി ആലത്തൂര്‍ ഡിവിഷന്‍ സീറ്റ്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും ആലത്തൂര്‍ മണ്ഡലം സെക്രട്ടറിയുമായ കെ. രാമചന്ദ്രൻ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത.
തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായി എം. സഹദിനാണ് യുഡിഎഫില്‍ സാധ്യത. എരിമയൂര്‍ മുന്‍ പഞ്ചായത്തംഗം വി. സുദര്‍ശന്‍, പുതുക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ഇസ്മയിലിന്റെ പേരും പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയെയും ഉടന്‍ നിശ്ചയിക്കും.
എരിമയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് പുള്ളോടും ആലത്തൂര്‍ പഞ്ചായത്തിലെ മൂന്ന് മുതല്‍ 16 വരെയുള്ള 14 വാര്‍ഡുകളും, കാവശ്ശേരിയിലെ 13 വാര്‍ഡുകളും പുതുക്കോട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ണമ്പ്രയിലെ 13ഉം ഉള്‍പ്പടെ 56 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് മണ്ഡലത്തിലുള്ളത്. 100 പോളിങ് ബൂത്തുകളുമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കെ.വി. ശ്രീധരന്‍ 9219 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ യു. അംബുജാക്ഷനെ പരാജയപ്പെടുത്തിയത്. 73,550 വോട്ടുകളാണ് ഡിവിഷനിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 59,563 വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ സിപിഐയിലെ കെ.വി. ശ്രീധരന് 28,979 വോട്ടുകളും കോണ്‍ഗ്രസിലെ അംബുജാക്ഷന് 19,760 വോട്ടുകളുമാണ് ലഭിച്ചത്. മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇന്ന് അന്തിമ തീരുമാനമാവും.
സിപിഐയുടെ സിറ്റിങ് സീറ്റായ ഇവിടെ സിപിഎം അവരെ കാലുവാരുമോ എന്ന ഭയമുണ്ട്. സിപിഐയുടെ ഏറ്റവും പ്രമുഖനും ജനകീയനുമായിരുന്ന നേതാവായിരുന്നു മരിച്ച ശ്രീധരന്‍. വന്‍ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അതിനാല്‍ സിപിഐയെ പരാജയപ്പെടുത്താന്‍ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുന്ന സിപിഎം ഇവിടെയും കെണിയൊരുക്കുമോ എന്ന ആശങ്കയുണ്ട്. അതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള തന്ത്രം സിപിഐ ആവിഷ്‌കരിക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: