പെഷവാറിലെ ഒരു മസ്ജിദില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ട ചാവേറാക്രമണം പാകിസ്ഥാനില്‍ വലിയ സുരക്ഷാ പ്രതിസന്ധിയായി വളര്‍ന്നിരിക്കുകയാണ്. സമീപകാലത്ത് പാകിസ്ഥാനില്‍ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്. പന്ത്രണ്ട് കിലോ വരുന്ന സ്ഫോടകവസ്തു ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് നിരവധി പേര് മരിച്ചത്. അഫ്ഗാനിസ്ഥാനോട് ചേര്‍ന്നു കിടക്കുന്ന ഖൈബര്‍-പക്തൂണ്‍ക്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറില്‍ പാക് താലിബാന് എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാന് ആണ് ഈ ചാവേറാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന ഈ ഭീകര സംഘടനയുമായി കഴിഞ്ഞവര്‍ഷം പാകിസ്ഥാന് സര്‍ക്കാരുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഭീകരാക്രമണം പുനഃരാരംഭിക്കുന്നത്. അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തിയിലും സംഘര്‍ഷം ശക്തമാണ്. ഈ പ്രവിശ്യയില്‍ നടന്നിരുന്ന ഭീകരപ്രവര്‍ത്തനത്തിന് നേര്‍ക്ക് പാകിസ്ഥാന് കണ്ണടച്ചതാണ് ഇപ്പോഴത്തെ ചാവേറാക്രമണത്തിനിടയാക്കിയതെന്ന വിമര്‍ശനം ശക്തമാണ്. അഫ്ഗാനില്‍ വീണ്ടും താലിബാന് വാഴ്ച തിരിച്ചെത്തിയത് പാക് താലിബാന് അനുകൂലമായിരിക്കുന്നു. അഫ്ഗാനിലെ യുഎസ് അധിനിവേശത്തിനെത്തിനെതിരെ പോരാടാന്‍ ഉയര്‍ന്നുവന്നതാണ് പാകിസ്ഥാന് താലിബാന്. സ്വഭാവികമായും പാക് താലിബാനെ അമേരിക്ക ഭീകര സംഘടനയുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയുമാണ്. അഫ്ഗാനിലെ താലിബാനെ പാകിസ്ഥാന് പിന്തുണക്കുമ്പോള്‍ ‘സ്വന്തം താലിബാനെ’ എതിര്‍ക്കുകയാണ്. താലിബാന് ഭീകരതയെ നല്ലതും ചീത്തയുമായി വേര്‍തിരിക്കുന്ന പാക് ഭരണകൂടത്തിന്റെ നയം ഫലപ്രദമല്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന് അധികാരം പിടിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കുകയാണ് അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്ഖാന് ചെയ്തത്. ഇതേ താലിബാന് ഭരണത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയാണ് പാക് താലിബാന് പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ അഫ്ഗാനിലെ പിന്തുണ പാക് താലിബാന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന്റെ പേരില്‍ പാകിസ്ഥാന് അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും താലിബാന് ഭരണകൂടം അത് തള്ളിക്കളയുകയാണ്. തങ്ങളെ അടിച്ചമര്‍ത്തുന്ന പാക് സൈന്യത്തെയാണ് തെഹ്രിക് ഇ താലിബാന് എതിര്‍ക്കുന്നത്. പാകിസ്ഥാനില്‍ മാറി മാറി അധികാരത്തില്‍ വരുന്ന ഭരണകൂടങ്ങള്‍ സൈന്യത്തിന് വിടുപണി ചെയ്യുന്നതിനാല്‍ പാക് താലിബാന്റെ എതിര്‍പ്പ് സര്‍ക്കാരിനെതിരെ തിരിയുകയാണ്. പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും വിരോധം പിടിച്ചുപറ്റുന്ന ഒരു സര്‍ക്കാരിനും അവിടെ അധികാരത്തില്‍ തുടരാന്‍ സാധ്യമല്ല. ആദ്യം സൈന്യത്തിന്റെ ഇഷ്ടക്കാരാവുകയും പിന്നീട് അവര്‍ക്ക് അനഭിമതരാവുകയും ചെയ്തവരാണ് ഏറെക്കുറെ എല്ലാ പാക് പ്രധാനമന്ത്രിമാരും. ഏറ്റവുമൊടുവില്‍ ഇമ്രാന്‍ഖാനാണ് ഇങ്ങനെ പുറത്തുപോവേണ്ടി വന്നത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഷഹബാസ് ഷെരീഫിന് എത്രകാലം സൈന്യത്തിന്റെ ഇഷ്ടക്കാരനായി കഴിയാനാവുമെന്ന് കണ്ടറിയണം. പാകിസ്ഥാനില്‍ സ്ഥിതിഗതികള്‍ ഏതു നിമിഷവും വഷളാവാം. എന്തൊക്കെയാണ് അവിടെ സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.
പാകിസ്ഥാനിലെ സമ്പദ് വ്യവസ്ഥ തകരുകയും, വലിയ ഊര്‍ജപ്രതിസന്ധി നേരിടുകയുമാണ്. പലയിടങ്ങളും ഇരുട്ടിലാവുകയും, ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ക്കായി പരക്കം പായുകയും ചെയ്യുമ്പോഴാണ് നിയമവാഴ്ച അസാധ്യമാക്കുന്ന ഭീകരാക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പാകിസ്ഥാനിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നതിനാല്‍ ആ രാജ്യത്തോട് ആര്‍ക്കും സഹതാപം തോന്നാനിടയില്ല. കാരണം ഭീകരപ്രവര്‍ത്തനത്തിന് വളരാന്‍ സ്വന്തം മണ്ണില്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയായിരുന്നുവല്ലോ പാകിസ്ഥാന്. ഇന്ത്യക്കെതിരെ നിരന്തരം ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന ലഷ്ക്കറെ തൊയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍, അല്‍ഖ്വയ്ദ, ഐഎസ് എന്നീ സംഘടനകള്‍ക്ക് എല്ലാ സഹായവും നല്‍കുകയാണ് പാകിസ്ഥാന്. മറ്റ് രാജ്യങ്ങളും ഏജന്‍സികളും വികസന പ്രവര്‍ത്തനത്തിന് നല്കുന്ന പണംപോലും ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി വഴിതിരിച്ചുവിട്ട പാരമ്പര്യമാണ് പാകിസ്ഥാനുള്ളത്. അല്‍ഖ്വയ്ദ തലവനായ ബിന്‍ലാദനെ അമേരിക്കന്‍ നാവികസേന വധിക്കുമ്പോള്‍ ആ കൊടുംഭീകരന് പാകിസ്ഥാന്റെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നല്ലോ. ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ലഷ്ക്കറിനെയും ഇന്ത്യന്‍ മുജാഹിദീനെയും പോലെ പാക് താലിബാന്റെയും ലക്ഷ്യം. ഇക്കാരണത്താല്‍ പാക് ഭരണകൂടത്തിന് ഈ ഭീകരരെ പൂര്‍ണമായും തള്ളിപ്പറയാന്‍ കഴിയുന്നില്ല. ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളില്‍ നിന്ന് പാഠംപഠിച്ചു എന്നു പറയുമ്പോള്‍ തന്നെ പാക് സൈന്യത്തെയും ഐഎസ്ഐയെയും പ്രീണിപ്പിക്കാന്‍ കശ്മീരിലെ ഭീകരവാദത്തെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയില്‍നിന്ന് അതിശക്തമായ തിരിച്ചടികളേറ്റിട്ടും ഭീകരപ്രവര്‍ത്തനം വിദേശനയത്തിന്റെ ഭാഗംപോലെ കൊണ്ടുനടക്കുകയാണ് പാകിസ്ഥാന്. ഈ നയമാണ് ഇപ്പോള്‍ പാകിസ്ഥാന്റെ നിലനില്‍പ്പുപോലും അപകടത്തിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പാകിസ്ഥാന് വിതച്ചത് കൊയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: