തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്സ്ജെണ്ടറായ പ്രതി ചിറയിന്‍കീഴ് ആനത്തലവട്ടം എല്‍പിഎസിന് സമീപം സച്ചു സാംസണ് (34) ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗകോടതി ശിക്ഷിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്ജെണ്ടറെ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്ശന് വിധിയില്‍ പറയുന്നു.
2016 ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തമ്പാനൂര്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതിക്കൊപ്പം പോകാന്‍ കുട്ടി വിസമ്മതിച്ചെങ്കിലും പ്രതി ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു.
ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. പലതവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെങ്കിലും കുട്ടി പോകാന്‍ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോണ്‍ ബ്ലോക്ക് ചെയ്തപ്പോള്‍ പ്രതി ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകള്‍ അയച്ചു. കുട്ടിയുടെ ഫെയ്സ് ബുക്ക് അമ്മയുടെ ഫോണില്‍ ടാഗ്ഗ് ചെയ്തിട്ടുണ്ടായിരുന്നു. മെസേജുകള്‍ കണ്ട അമ്മ സംശയിച്ച് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് സംഭവം സ്ഥിരീകരിച്ചത്. തമ്പാനൂര്‍ പോലീസിനെ ഉടനെ വിവരം അറിയിച്ചു. പോലീസ് നിര്‍ദ്ദേശപ്രകാരം അമ്മ പ്രതിക്ക് മെസേജുകള്‍ അയച്ച് തമ്പാനൂരില്‍ വരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.
സംഭവസമയം പ്രതി പുരുഷനായിരുന്നു. വിചാരണവേളയില്‍ പ്രതി വനിതാ ട്രാന്‍സ്ജെന്‍ഡറായി (ട്രാന്‍സ് വുമണ്‍) മാറി. സംഭവ സമയത്തും ട്രാന്‍സ്ജെന്‍ഡറായിരുന്നെന്നും ഷെഫിന് എന്ന് പേരായിരുന്നുവെന്നും പ്രതി വാദിച്ചിരുന്നു. എന്നാല്‍ സംഭവ സമയത്ത് പ്രതിയുടെ പൊട്ടന്‍സി പരിശോധന പോലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ്മോഹന്‍, അഭിഭാഷകരായ എം. മുബീന, ആര്.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന് ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകള്‍ ഹാജരാക്കി. തമ്പാനൂര്‍ എസ്ഐയായിരുന്ന എസ്.പി. പ്രകാശാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: