അഞ്ച് വയസ് തികയാത്ത ആ പെണ്‍കുട്ടിയുടെ പേര് പൂര്‍ണിമ എന്നായിരുന്നു. ഗ്രാമത്തിലെ വലിയ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമായിരുന്നു അവളുടെ കൂട്ടുകാര്‍. നീണ്ട് പരന്നൊഴുകുന്ന ബ്രഹ്മപുത്രയുടെ ഓരമായിരുന്നു അവളുടെ കളിക്കളം.
അമ്മൂമ്മയുടെ കൈപിടിച്ച് ആറ്റുതീരത്തില്‍ നടക്കുമ്പോള്‍ എന്നും അവളൊരു കാഴ്ച കാണും. ഗ്രാമത്തില്‍ തലങ്ങും വിലങ്ങും പറക്കുന്ന പടുകൂറ്റന്‍ കൊക്കുകള്‍. നാട്ടുകാര്‍ തരംകിട്ടുമ്പോഴൊക്കെ അവയെ എറിഞ്ഞോടിക്കും. അവ കുടിപാര്‍ത്ത് മുട്ടയിടുന്ന വന്മരങ്ങള് വെട്ടിവീഴ്ത്തും. കൊക്കിന് കുഞ്ഞുങ്ങള്‍ താഴെ വീണ് പിടയും. മിണ്ടാപ്രാണികളായ ആ കൊക്കുകളോടുള്ള സഹതാപം ആ കൊച്ചുകുട്ടിയുടെ മനസ്സില്‍ നിറഞ്ഞു. കാണക്കാണെ അവയുടെ എണ്ണം കുറഞ്ഞുവരുന്നത് അവള് ദുഃഖത്തോടെ കണ്ടുനിന്നു.
അതുകൊണ്ടാണ് വലുതായപ്പോള്‍ അവള് ജന്തുശാസ്ത്രം പഠിക്കാനുറച്ചത്. മാസ്റ്റര്‍ ബിരുദമെടുത്തതും ജന്തുശാസ്ത്രത്തില്ത്തന്നെ. പിന്നെ ഡോക്ടറേറ്റിനായുള്ള ഗവേഷണവും. വിഷയം കാമരൂപിലെ ഗ്രാമങ്ങളില്‍ പാറി നടക്കുന്ന കൊക്കുകള്‍ തന്നെ. കൊക്കുകള്‍ എന്നു പറഞ്ഞാല്‍ പോര, ഭീമന്മാരായ ഗ്രേറ്റര്‍ അഡ്ജുട്ടന്റ് സ്റ്റോര്‍ക്കുകള്‍ എന്നു തന്നെ പറയണം. അഞ്ച്-ആറ് അടി വരെ വലിപ്പമുള്ളവ. പക്ഷേ ലോകത്ത് ആകെ അവശേഷിക്കുന്നത് 1200 എണ്ണം മാത്രം. അതില്‍ ഭൂരിപക്ഷവും കാമരൂപിലെ മൂന്ന് നാല് ഗ്രാമങ്ങളിലും.
ഫീല്‍ഡ് ഗവേഷണത്തിനിടെയാണ് മറ്റൊരു സംഭവം പൂര്‍ണിമയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. പത്ത്-പതിനഞ്ച് കൊക്കുകള്‍ കൂടുകെട്ടിയ ഒരു വന്മരം വെട്ടിവീഴ്ത്തുകയാണ് കുറെ ഗ്രാമീണര്‍. പൂര്‍ണിമ അവരെ തടയാന്‍ ശ്രമിച്ചു. പക്ഷേ മഴു ഓങ്ങിയവര്‍ പിന്മാറിയില്ല. ദുഃശ്ശകുനം നിറഞ്ഞ ‘ഹാര്‍ഗില്ല’ (ഗ്രേറ്റര്‍ അഡ്ജുട്ടന്റ് സ്റ്റോര്‍ക്ക്)യെ രക്ഷിക്കാനാത്തിയെ പൂര്‍ണിമയെ അവര്‍ കളിയാക്കി. അപമാനിച്ചു. ‘വയല്‍ നായ്ക്കന്’ എന്നൊക്കെ വിളിക്കുന്ന ആ കൊക്കുകള്‍ക്ക് വേണ്ടി വാദിക്കരുതെന്ന് ഭീഷണി പറഞ്ഞു. ഒടുവില്‍ മരം വീണു. കൊക്കുകളുടെ പിഞ്ചുകുഞ്ഞുങ്ങളും.
അന്ന് പൂര്‍ണിമ ഒരു തീരുമാനമെടുത്തു. ഡോക്ടറേറ്റ് പിന്നെയും ആവാം. എന്നാല്‍ കൊക്കുകളുടെ കാര്യം അങ്ങനെയല്ല. ‘ഹാര്‍ഗില്ല’കളെ വംശനാശത്തില്‍നിന്ന് രക്ഷിക്കുകയാണ് ആദ്യം വേണ്ടത്. അതിനാവശ്യം ബോധവല്‍ക്കരണം. ഹാര്‍ഗില്ലകളെ അശുഭസൂചനയായാണ് നാട്ടുകാര്‍ കണ്ടത്. അവയുടെ ആകാരത്തിലെ അഭംഗി ആ വിശ്വാസത്തിന് കരുത്ത് പകര്‍ന്നു. തൊടിയിലും തോട്ടിലും പുരപ്പുറത്തും അവ കാഷ്ഠിച്ചു കൂട്ടുന്നതും ഗ്രാമീണര്‍ക്ക് വെറുപ്പ് കൂട്ടി. പൂര്‍ണിമ ഗ്രാമീണ വനിതകളുടെ ഇടയിലേക്കിറങ്ങി ചെല്ലാനുറച്ചു.
അവരെ അവര്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. വനിതകളുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് അതിന് ‘ഹാര്‍ഗില്ല സൈന്യം’ എന്ന് പേര് നല്കി. അയല്‍ക്കൂട്ടങ്ങളും തെരുവ് നാടകങ്ങളും നാടന്‍ കലാരൂപങ്ങളും ഒക്കെ സമര്‍ത്ഥമായി ഉപയോഗിച്ചു. ഹാര്ഗില്ലകളുടെ തലയും മുഖംമൂടിയും ധരിച്ച് ആടിപ്പാടി. അതിനൊപ്പം വനിതകളെ ശാക്തീകരിച്ചും. അവര്‍ക്ക് സ്വയം പര്യാപ്തത ഉണ്ടാക്കുവാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തു. ഹാര്‍ഗില്ല കൊക്കുകളുടെ പ്രകൃതിയിലെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു. ബ്രഹ്മപുത്രാ തീരത്തെ ജൈവ സംതുലനത്തിലും ഭക്ഷണചക്രത്തിലും കൊക്കുകള്‍ക്കുള്ള പ്രാധാന്യം പഠിപ്പിച്ചു.
കാമരൂപിലെ വനിതകള്‍ക്ക് പൂര്‍ണിമയുടെ സ്വരത്തിലെ ആത്മാര്‍ത്ഥത മനസ്സിലായി. അവരെല്ലാം ഹാര്‍ഗില്ല സൈന്യത്തില്‍ അംഗങ്ങളായി. തങ്ങളുടെ കുട്ടികളെയും ഭര്ത്താക്കന്മാരെയും കൊക്കിന്റെ പരിസ്ഥിതി പ്രാധാന്യം പഠിപ്പിച്ചുകൊടുത്തു. മരത്തില്‍ നിന്ന് വീഴുന്ന കൊക്കിന് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളര്‍ത്തി ആകാശത്തേക്ക് തിരികെ വിട്ടു. ചതുപ്പുകളിലും പുഴയോരത്തും കൊക്കിന് പ്രിയപ്പെട്ട മരങ്ങള്‍ നട്ടു. കൊക്കിന് കൂടുകെട്ടാനായി നിരവധി ഏറുമാടങ്ങള്‍ നിര്‍മിച്ചു.
അങ്ങനെ 2007 ല്‍ തുടങ്ങിയ ഹാര്‍ഗില്ല യജ്ഞം പത്ത് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഹാര്‍ഗില്ലകളെ ഗ്രാമീണര്‍ വെറുക്കാന്‍ മറന്നു. അവയ്ക്ക് മുട്ടയിടാനും വളരാനും അവര്‍ അവസരമൊരുക്കി. പത്ത് വര്‍ഷംകൊണ്ട് ‘ഹാര്‍ഗില്ല ആര്‍മി’യിലെ ഗ്രാമീണ സ്ത്രീകള്‍ നട്ടുവളര്‍ത്തിയത് ഒരു ലക്ഷത്തോളം മരങ്ങള്‍. അഞ്ഞൂറോളം ഏറുമാടങ്ങള്‍. ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ആയിരത്തോളം കൊക്കിന് കുഞ്ഞുങ്ങളെ. ഈ കാലംകൊണ്ട് ഹാര്‍ഗില്ല സൈന്യത്തിന്റെ അംഗസംഖ്യ പതിനായിരം കവിഞ്ഞു. വംശനാശത്തെ അഭിമുഖീകരിച്ച ഗ്രേറ്റര്‍ അഡ്ജുട്ടന്റ് കൊക്ക് വംശത്തില്‍ ജനസംഖ്യ വര്‍ധിച്ചു.
കാമരൂപിലെ സ്ത്രീകളുടെ ജീവിതത്തിലും കാര്യമായ മാറ്റം വരുത്താന്‍ പൂര്‍ണിമയ്ക്ക് കഴിഞ്ഞു. ജൈവ കൃഷിയും ഭക്ഷണവ്യവസായവും കൈത്തറി നിര്‍മാണവുമൊക്കെയായി അവരുടെ നിത്യജീവിതം ഏറെ പുരോഗമിച്ചു. കൊക്കുകളുടെ ചിത്രം തുന്നിയ കൈത്തറിഷാളുകള്ക്ക് (ഗമോച്ച) നാട്ടിനകത്തും പുറത്തും ആവശ്യക്കാര്‍ ഏറി.
പൂര്‍ണിമയുടെ ഹാര്‍ഗില്ല ഗാഥ നാടെങ്ങും അറിഞ്ഞു. പരിസ്ഥിതി സംരക്ഷണവും ഗ്രാമീണ ജീവിതവും ഇഴചേര്‍ത്ത് അവര്‍ ഒരുക്കിയ ഹാര്‍ഗില്ല മോഡല്‍ ഏറെ പ്രശംസിക്കപ്പെട്ടു. ഹാര്‍ഗില്ല ആര്‍മി ഏറെ ആദരിക്കപ്പെട്ടു. ഓരോ കൊക്കിന് കുഞ്ഞിന്റെ ജനനവും ഗ്രാമവാസികള്‍ ആടിപ്പാടി ആഘോഷിച്ചു. കൊക്ക് സംരക്ഷണത്തിന്റെ ഭാഗമായി തുടങ്ങിവച്ച തണ്ണീര്‍ത്തട ശുചീകരണവും നദികളെ മാലിന്യമുക്തമാക്കാനുള്ള നാടന്‍ പദ്ധതികളും ഏറെ പ്രശംസിക്കപ്പെട്ടു. ഹാര്‍ഗില്ല ആര്‍മി ഏറെ ആദരിക്കപ്പെട്ടു. ഓരോ കൊക്കിന് കുഞ്ഞിന്റെ ജനനവും ഗ്രാമവാസികള്‍ ആടിപ്പാടി ആഘോഷിച്ചു. കൊക്ക് സംരക്ഷണത്തിന്റെ ഭാഗമായി തുടങ്ങിവച്ച തണ്ണീര്‍ത്തട ശുചീകരണവും നദികളെ മാലിന്യമുക്തമാക്കാനുള്ള നാടന്‍ പദ്ധതികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊക്കുകളുടെ സംരക്ഷണത്തിനായി ബീജാവാപം ചെയ്യപ്പെട്ട ഹാര്‍ഗില്ല ആര്‍മി പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പര്യായമായി മാറി.
അതിന്റെ അംഗീകാരമായിരുന്നു നാരീശക്തി പുരസ്കാരം. ഇന്ത്യയിലെ സ്ത്രീശക്തിക്ക് നല്‍കിവരുന്ന ഈ പരമോന്നത ബഹുമതി ഡോ. പൂര്‍ണിമാ ദേവി ബര്‍മ്മനെ തേടിയെത്തിയത് 2017ല്‍. തുടര്‍ന്ന് ഗ്രീന്‍ ഓസ്കര് എന്നറിയപ്പെടുന്ന വൈറ്റ്ലി പുരസ്കാരം അതിനു പിന്നാലെ ശ്രീ സത്യസായി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റും. അത് സമ്മാനിച്ചതാവട്ടെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അതിനെല്ലാം പിന്നാലെ ആഗോള പുരസ്കാരവും പൂര്ണിമയെത്തേടിയെത്തിയിരക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത്’ സമ്മാനം..
ആവാസവ്യവസ്ഥയുടെ ശോഷണത്തെ പ്രതിരോധിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയായ യുഎന്‍ഇപി ഈ പുരസ്കാരം നല്കി ആദരിക്കുന്നത്. ഇത്തവണ ‘ചാംപ്യന്‍ ഓഫ് ദ എര്‍ത്ത്’ ആയി തെരഞ്ഞെടുത്തത് അഞ്ചുപേരെ. മാലിന്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ആര്‍സെന്‍ ബില്‍ (ലെബനന്), സാമൂഹ്യവനവല്‍ക്കരണത്തില്‍ പുത്തന്‍ മാതൃക പ്രാവര്‍ത്തികമാക്കിയ കോണ്‍സ്റ്റാന്റിനോ ഒക്കാ ചുതാസ് (പെറു), ലിംഗസമത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പോരാടുന്ന സിസിലി ബിബിയാനെ ഡിബെറ്റ് (കാമറൂണ്‍), ജൈവ വൈവിധ്യത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ സംഭാവനകള്‍ അര്‍പ്പിച്ച പാര്‍ത്ഥദാസ് ഗുപ്ത (യു.കെ) എന്നിവരും പൂര്‍ണിമാദേവി ബര്‍മ്മനും.
”മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഇരുവിഭാഗത്തിനും പ്രയോജനകരമാംവിധം പരിഹരിച്ചെടുക്കാമെന്ന് പൂര്‍ണിമാദേവി ലോകത്തിന് കാണിച്ചുകൊടുത്തു.” യുഎന്‍ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇങ്കര്‍ അന്റേഴ്സണ് പറഞ്ഞതിങ്ങനെ. ഇങ്കര്‍ പറഞ്ഞത് നൂറ് ശതമാനം സത്യം. ഗ്രേറ്റര്‍ അഡ്ജുട്ടന്റ് സ്റ്റോര്‍ക്കുകളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രജനന കേന്ദ്രമായി കാമരൂപ് ജില്ലയിലെ ദദാര, പഞ്ചാരിയ, സിങ്കിമാരി തുടങ്ങിയ ഗ്രാമങ്ങള്‍ മാറിയിരിക്കുന്നു. അവിടങ്ങളിലെ അമ്മമാര്‍ സ്വയംപര്യാപ്തതയുടെ മാധുര്യം അറിയുന്നു. ഭൂമിയിലെ അവരുടെ കുടുംബങ്ങളിലും ആകാശത്തെ കൊക്കുകളുടെ കൂടുകളിലും സന്തോഷം നിറയുന്നു. നന്ദി, പൂര്‍ണിമാ ദേവി, നന്ദി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: