കോവിഡ് കാലത്തിനുശേഷം കഴിഞ്ഞയാഴ്ച എളമക്കരയിലെ പ്രാന്തകാര്യാലയത്തില്‍ പോയി പ്രിയ ഹരിയേട്ടനുമായി മതിയാവോളം സംസാരിച്ചു. അതിനു മുമ്പദ്ദേഹവുമായി അല്പസമയം ചെലവഴിക്കാനവസരം ലഭിച്ചത് പരമേശ്വര്‍ജി അന്തരിച്ച ദിവസമായിരുന്നു. താനും പരമേശ്വര്‍ജിയും തലേന്നു തങ്ങളെ ചികിത്സിച്ച ഭിഷഗ്വരന്റെ വീട്ടിലെ വിവാഹച്ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചതും ആഹ്ളാദം നിറഞ്ഞ അന്തരീക്ഷത്തില്‍ ഏറെനേരം ചെലവഴിച്ചതും അദ്ദേഹം സ്വതസ്സിദ്ധമായ ചാരുതയോടെ വിവരിച്ചു. അന്നത്തെ കൂടിച്ചേരലിനുശേഷം ഹരിയേട്ടനുമായി ഒരുമിച്ചിരിക്കാനും മനസ്സിനെ ഉത്തേജിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും ഇടകിട്ടിയില്ല. തുടര്‍ന്ന് കോവിഡിന്റെ വിഷ്കംഭകാലമായതിനാല് കാര്യാലയ യാത്രകള്‍ നിലച്ചു. ഇടയ്ക്കു ബൈഠക്കുകളില്‍ പങ്കെടുത്തില്ലെന്നില്ല. അപ്പോള്‍ ഭാസ്കരീയത്തില്നിന്നും കാര്യാലയത്തില്‍ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു അന്തരീക്ഷം. പുതിയ പ്രാന്തസംഘചാലകനെ തെരഞ്ഞെടുത്ത പ്രക്രിയയും അതുപോലത്തെ അന്തരീക്ഷത്തിലായി.
ഏതായാലും ഇക്കുറി അതു സാധിച്ചു. താനിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹിത്യരചനയെക്കുറിച്ചായിരുന്നു അദ്ദേഹത്തോടു പറയാനുണ്ടായിരുന്നത്. ഇക്കാര്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടുനിന്നും എറണാകുളത്തേക്കു ഒരുമിച്ചു മടങ്ങവേ അദ്ദേഹം പറഞ്ഞിരുന്നു. ജ്ഞാനേശ്വരി എന്ന മറാഠി ഭാഷയിലെ സുപ്രസിദ്ധ ഭഗവദ്ഗീതാ വ്യാഖ്യാനമാണ് അത്. അതിന്റെ ഇംഗ്ലീഷിലുള്ള വ്യാഖ്യാനം അദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞു. അതിന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എഴുതിയ അഭിനന്ദനവും ഗോവിന്ദ ദേവഗിരിസ്വാമിജിയുടെ അഭിപ്രായവും ലഭിച്ചുകഴിഞ്ഞു. 2017 ല്‍ കാഞ്ഞങ്ങാട്ട് ആനന്ദാശ്രമം പ്രസിദ്ധീകരിച്ച എം.പി. ചന്ദ്രശേഖരന്‍പിള്ളയുടെ മലയാള വിവര്‍ത്തനവുമുണ്ടായിരുന്നു.
രാമായണ മഹാഭാരതങ്ങളിലെ ഇതിഹാസ കഥാപാത്രങ്ങളെക്കുറിച്ചു ഹരിയേട്ടന് നടത്തിയ പഠനങ്ങളെക്കുറിച്ച് വളരെ അപ്രതീക്ഷിതനായ ഒരു വ്യക്തി, കെ. ഗോവിന്ദന്‍കുട്ടി എന്നോടു പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സിന്റെ കൊച്ചിയിലെ പത്രാധിപരുമായിരുന്ന ഗോവിന്ദന്കുട്ടിയുമൊരുമിച്ചു ജനതാ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ഒരു പരിപാടിയനുസരിച്ച് കേരളത്തിലെ ഗോത്രപ്രദേശങ്ങള് സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു ഞങ്ങള്‍. ഇടതുപക്ഷക്കാരനായിരുന്ന അദ്ദേഹവും ഞാനുമായി ഒരു കാര്യത്തില്‍ തികഞ്ഞ യോജിപ്പുണ്ടായിരുന്നു. ഞങ്ങള്‍ തികഞ്ഞ സസ്യാഹാരികളാണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് യാദൃച്ഛികമായി അദ്ദേഹത്തെ കണ്ടപ്പോള്‍, ആരാണീ ആര്. ഹരി എന്നന്വേഷിച്ചു. ഇതിഹാസങ്ങളെക്കുറിച്ചു ഇത്രയേറെ ഗഹനമായ ധാരണയുള്ള അദ്ദേഹത്തിന്റെ രചനകള്‍ കുട്ടികൃഷ്ണമാരാരേയും അതിശയിപ്പിക്കുന്നുവെന്ന് ഗോവിന്ദന്‍കുട്ടി പറഞ്ഞു. ആദ്യം പറഞ്ഞ യാത്രക്കിടെ അദ്ദേഹവുമൊത്ത് ഗണപതിവട്ടം ക്ഷേത്രം കാണാനും
അതിന്റെ ചരിത്രം അറിയിക്കാനും അവസരമുണ്ടായി. നിലമ്പൂരിലെ താമസത്തിനിടെ ടി.എന്‍. ഭരതേട്ടന്റെ വസതിയിലും കൊണ്ടുപോയി. അദ്ദേഹത്തിന്റെ പുത്രന് ദുര്‍ഗാദാസിന്റെ കൊലപാതകം കഴിഞ്ഞു അധികമായിരുന്നില്ല. ആ യാത്രക്കിടയില്‍ ഗോവിന്ദന്കുട്ടിക്കു സംഘത്തോടുണ്ടായിരുന്ന വെറുപ്പിന് അല്പം മയം വന്നുവെന്നു പിന്നീടദ്ദേഹത്തിന്റെ ലേഖനങ്ങളില്‍നിന്ന് തോന്നി.
ഹരിയേട്ടനുമായി രണ്ടു മണിക്കൂറിലേറെ സംസാരിച്ചിരുന്നു. പിന്നെ എം.എ. സാറിനെ കാണാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ പോയി. 1951-55 കാലത്ത് ഞങ്ങള്‍ തിരുവനന്തപുരം ശാഖയിലെ സ്വയംസേവകരായിരുന്നു. അതിനാല്‍ സ്വാഭാവികമായും വര്‍ത്തമാനം അക്കാലത്തെക്കുറിച്ചായി. അന്നത്തെ സ്വയംസേവകരില്‍ ഇപ്പോള്‍ ആരൊക്കെ ജീവിച്ചിരിക്കുന്നു, ഇന്ന് അവരെവിടെയാണ്? മുതലായ കാര്യങ്ങള്‍ കൗതുകകരമാണ്. ”കെ.ഇ. കൃഷ്ണന് എവിടെയാണ്” എന്നായിരുന്നു ഒരു ചോദ്യം. എന്നെ ശാഖയില്‍ കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമായിരുന്നു. കോതമംഗലത്തിനടുത്ത് ചെറുവട്ടൂര്‍ ഗ്രാമക്കാരന്‍. ആഗമാനന്ദസ്വാമിജിയുടെ അനുഗ്രഹത്തോടെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ ഡിപ്ലോമ ചെയ്യുകയായിരുന്നു. കോഴ്സ് ജയിച്ചശേഷം അദ്ദേഹത്തിന് റെയില്‍വേയില്‍ ജോലി കിട്ടി. സെക്കന്തരാബാദില്‍ പോയി. കുറെക്കാലം ബന്ധപ്പെട്ടിരുന്നു.
ഞാന്‍ തിരുവനന്തപുരത്ത് പഠിച്ച 1951-55 കാലത്ത് അവിടെ പല തലങ്ങളിലുള്ളവരും ശാഖകളില്‍ വന്നിരുന്നു. അന്നു തിരു-കൊച്ചി സംസ്ഥാനമായിരുന്നതിനാല് നാഗര്‍കോവില്‍, കന്യാകുമാരി, കുഴിത്തുറ മുതലായ സ്ഥലങ്ങളിലെ പലരും പഠിക്കാനും ജോലിക്കുമായി എത്തിയിരുന്നു. അക്കൂട്ടത്തില്‍ ഗോപാലപിള്ളസാര്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. ഉന്നത സംഘാധികാരിമാര്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ്രപവര്‍ത്തകരും വന്നു. എഞ്ചിനീയറിങ്ങിനു പഠിച്ചിരുന്ന ഈശ്വരന് പുത്തന്‍ചന്ത ശാഖയിലായിരുന്നു. പുലവര്‍ സുബ്രഹ്മണ്യം തമിഴില്‍ ഉന്നതപഠനം നടത്തിയാണ് ആ ബിരുദം നേടിയത്. പില്ക്കാലത്ത് അദ്ദേഹം കേസരിയില്‍ ലേഖനങ്ങളെഴുതിവന്നു.
തിരുവനന്തപുരത്തെ പഴയ സ്വയംസേവകരെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് പരമേശ്വര്‍ജിതന്നെ. അദ്ദേഹത്തോടൊപ്പം നാം സ്മരിക്കുന്നത് രാമചന്ദ്രന് കര്‍ത്താവിനെയാണ്. ഐതിഹാസികമായ പാരമ്പര്യമുള്ള മീനച്ചല്‍ കുടുംബത്തിലെ അംഗമായ അദ്ദേഹം പരമേശ്വര്‍ജിയോടൊപ്പം പ്രചാരകനായി. പിന്നീട് ചേരാനെല്ലൂര്‍ കുടുംബത്തില്‍ നിന്നു വിവാഹം കഴിച്ച് അവിടത്തുകാരനായി. കബഡി കളിക്കുന്നതില്‍ വിദഗ്ദ്ധനായ സുന്ദരം മറ്റൊരവസ്മരണീയനാണ്. കബഡി കളിക്കിടെ കാലിലെ രണ്ടസ്ഥികള്‍ ഒടിഞ്ഞ് അദ്ദേഹം മാസങ്ങളോളം ആസ്പത്രി വാസം കഴിച്ചു. പിന്നീട് തമിഴ്നാട്ടിലെ ശങ്കരനല്ലൂരില്‍ അധ്യാപകനായി ഏതാനും വര്‍ഷം മുമ്പുവരെ ബന്ധപ്പെട്ടിരുന്നു. മറ്റൊരു ആചാര്യതുല്യനായിരുന്നു എനിക്ക് ജി. കൃഷ്ണമൂര്‍ത്തി. അദ്ദേഹം ഫാസിക് ഇന്ത്യ എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനായി. ജന്മഭൂമി തുടങ്ങിയ സമയത്ത് അദ്ദേഹം ഷെയര്‍ എടുക്കുകയും ചെയ്തു.
എന്റെ സഹപാഠി സി.വി. ലക്ഷ്മണന് തലസ്ഥാനത്തെ ആദ്യ ശാഖയിലെ ബാല സ്വയംസേവകനായിരുന്നു. പഠിപ്പുകഴിഞ്ഞശേഷം ബന്ധപ്പെട്ടിട്ടില്ല. കേരളത്തിലെ ആദ്യകാല പ്രചാരകന്മാരില് പെട്ട എസ്. ലക്ഷ്മീ നാരായണന് (മണി)ഞങ്ങള്‍ മാതൃകയാക്കിയവരില് പെടുന്നു. ഇന്റര്‍ കഴിഞ്ഞയുടന്‍ അദ്ദേഹം പ്രചാരകനായി. പിന്നീട് പഠനം തുടര്‍ന്നു. ഇന്ററിനു പഠിക്കുമ്പോള്‍ ചീനയുടെ അതിക്രമത്തെ തുടര്‍ന്നു കോളജില്‍ ഒരു പരിപാടി സംഘടിപ്പിച്ചതില്‍ അദ്ദേഹത്തിന്റെ പ്രസംഗം അധ്യാപകരെ വിസ്മയിപ്പിച്ചതിനു പുറമെ വലിയ ചര്‍ച്ചാ വിഷയവുമായി. പിന്നീടദ്ദേഹം മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു ഡോക്ടറായി.
ആദ്യകാല സ്വയംസേവകരില്‍ കുമാരസ്വാമി രാജഗോപാല്‍, ഗോപി രാധാകൃഷ്ണന് എന്നീ സോദരര്‍ അവിസ്മരണീയരാണ്. കുമാരസ്വാമിയും പരമേശ്വര്‍ജിയും ഹൃദയബന്ധം പുലര്‍ത്തിയവരായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ അദ്ദേഹം രാജ്യത്തിന്റെ ഇരുമ്പുരുക്ക് വ്യവസായത്തിന്റെ തലപ്പത്തെത്തി. അനുജന്മാരില് രാജഗോപാല്‍ ഇപ്പോഴും ബന്ധം നിലനിര്‍ത്തുന്നു. ഗോപിയാണ് സംഘപ്രവര്‍ത്തനത്തില്‍ ഏറ്റവും സജീവമായത്. വിവേകാനന്ദ ശിലാ സ്മാരക നിര്‍മാണത്തില്‍ ഏകനാഥ് റാനഡേയുടെ ഇച്ഛക്കനുസരിച്ച് അമൂല്യസേവനം അദ്ദേഹമനുഷ്ഠിച്ചു. രാജഗോപാല്‍ ഇടയ്ക്കിടെ ബന്ധം പുലര്‍ത്താറുണ്ട്.
ഛോട്ടാജി, ചന്ദ്രേട്ടന് തുടങ്ങിയ പേരുകളില്‍ കേരളമെങ്ങും പ്രശസ്തി നേടിയ പി. രാമചന്ദ്രന്റെ ശബ്ദം ചെവിയില്‍ മുഴങ്ങാത്ത മുതിര്‍ന്ന സ്വയംസേവകരുണ്ടാവില്ല. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് ജനാര്ദ്ദനന് സര്‍ക്കാര്‍ സേവനത്തിലായിരുന്നു.
അക്കാലത്തെ 1950 കളിലെ പലരെയും ഈ പ്രകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്കൃത കോളജില്‍നിന്നു പ്രശസ്തമായി വിജയിച്ചുവന്ന മണക്കാട് ഗോപാലകൃഷ്ണന് കുറെക്കാലം വിട്ടുനിന്നു. അങ്ങനത്തവര്‍ വേറെയുമുണ്ടായിരുന്നു. ഗോപാലകൃഷ്ണനും മാധവ്ജിയുമായി നടന്ന സംഘകാര്യ സംവാദങ്ങളിലൂടെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നു. തൃപ്പൂണിത്തുറ സംസ്കൃത കോളജിന്റെ തലവനായി അദ്ദേഹം സ്വയംസവകര്ക്ക് മാര്‍ഗദര്‍ശനം നല്കി. മറ്റൊരു സംസ്കൃത വിദ്യാര്‍ത്ഥി രാമാനന്ദ നായക് പിന്നീട് അധ്യാപകനായെങ്കിലും മാനസികമായ പ്രശ്നങ്ങള്‍ ബാധിച്ചു. വൈക്കത്ത് വാത്മീക അന്തര്‍ദേശീയ സംസ്കൃത വിദ്യാലയം സ്ഥാപിച്ച് പ്രഭാഷണങ്ങളും മറ്റും നടത്തി വന്നു. ധാരാളം പുസ്തകങ്ങളും പ്രബന്ധങ്ങളുമെഴുതി.
കേരളത്തില്‍ ആദ്യം പ്രചാരകന് എത്തിയതും ശാഖയാരംഭിച്ചതും തിരുവനന്തപുരത്തായിരുന്നല്ലൊ. സംഘത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുമ്പോള്‍ ആദ്യമായി സംഘവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി സമ്പര്‍ക്കം പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതു നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: