ആലപ്പുഴ: അന്നം തരുന്ന നെല്‍കര്‍ഷകരെ ബജറ്റില്‍ പൂര്‍ണമായും ഇടതുസര്‍ക്കാര്‍ അവഗണിച്ചു. നെല്ല് സംഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വര്‍ധനവ് നല്‍കാതെ കബളിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ തുടര്‍ച്ചയായി വഞ്ചിക്കുകയാണെന്നാണ് വിമര്‍ശനം. നെല്ല് വിലയിനത്തില്‍ കൃഷിക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയെ സംബന്ധിച്ചോ നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടോ ഒന്നും തന്നെ ബജറ്റില്‍ പറഞ്ഞിട്ടില്ല.
നെല്ല് സംഭരണത്തിന് പ്രത്യേക തുക വകയിരുത്തണമെന്ന ആവശ്യം ഇത്തവണയും അവഗണിച്ചു. സംഭരണ വിലയില്‍ നേരിയ വര്‍ധനവിന് പോലും തയ്യാറായിട്ടില്ല. പ്രതിവര്‍ഷം നെല്ല് സംഭരണത്തിന് 1500 കോടിയോളം രൂപയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് ഒരു രൂപ പോലും വകയിരുത്താതിരുന്നത്. കഴിഞ്ഞ കൃഷിയില്‍ സംഭരിച്ച നെല്ലിന്റെ തുക മാസങ്ങള്‍ കഴിഞ്ഞിട്ടും സപ്ലൈകോയ്ക്ക് കൊടുത്തു തീര്‍ക്കാനായിട്ടില്ല.
കേന്ദ്രം കൂട്ടിയ ഒരു രൂപയും സംസ്ഥാനം ബജറ്റില്‍ പ്രഖ്യാപിച്ച 20 പൈസ വര്‍ധനയും ഉള്‍പ്പെടെ കിലോയ്ക്കു 29.20 രൂപക്കാണ് നെല്ല് സംഭരിക്കേണ്ടതെങ്കിലും 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇതില്‍ കേന്ദ്ര താങ്ങുവില 19.40 രൂപയാണ്. സംസ്ഥാന പ്രോത്സാഹന ബോണസ് 8.80 മാത്രമാണ്. കേന്ദ്രവിഹിതം ഒരു രൂപ വര്‍ധിപ്പിച്ചപ്പോള്‍ അതു നല്‍കാതെ തങ്ങളുടെ വിഹിതം അതില്‍ നിന്നു കുറയ്ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്.
കൂലി വര്‍ധനവും വളം, കീടനാശിനികള്‍ എന്നിവയുടെ വില വര്‍ധനവും ട്രാക്ടര്‍, കൊയ്ത്ത്യന്ത്രം എന്നിവയുടെ വാടക വര്‍ധനവും കണക്കിലെടുത്ത് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വര്‍ധിപ്പിച്ച വില പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത സ്ഥിതിയുള്ളത്. നെല്‍കൃഷി മേഖലക്കായി 91.05 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ കുട്ടനാട്ടിലടക്കം കര്‍ഷകര്‍ കൃഷിയോട് വിടപറയുകയാണ്. നെല്ല് വില യഥാസമയം കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി. രണ്ടാംകൃഷിയുടെ നെല്ലുസംഭരിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും നെല്ലുവില കിട്ടാത്ത കര്‍ഷകര്‍ പുഞ്ച കൃഷിക്ക് ഇറങ്ങണോ എന്ന ആലോചനയിലാണ്.
ആലപ്പുഴ ജില്ലയില്‍ 4,049 കര്‍ഷകര്‍ക്കായി 34 കോടി രൂപയാണു കിട്ടാനുള്ളത്. പുഞ്ച കൃഷിക്കു വിതച്ച് 22 ദിവസത്തിലേറെ പിന്നിടുമ്പോള്‍ കളനാശിനി അടിക്കാനും വളമിടാനും പണമില്ലാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബജറ്റിലെ അവഗണന കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
കുട്ടനാട്ടില്‍ കൃഷി ഒരുക്കത്തിന്റെ ഭാഗമായി റിങ് ബണ്ട് നിര്‍മിക്കുന്നത് പതിവാണ്. ഇതുപ്രകാരം ചെലവായ തുകയുടെ 60 ശതമാനം പാടശേഖരങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ഇത് ലഭിക്കാത്ത പാടശേഖരങ്ങള്‍ ഒട്ടേറെയാണ്. കഴിഞ്ഞ പുഞ്ച കൃഷിക്ക് നെല്ല് നശിക്കുകയും ഭാഗികമായി മാത്രം നെല്ല് ലഭിക്കുകയും ചെയ്തവര്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയാണ് പല കര്‍ഷകര്‍ക്കായി ലഭിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: