ന്യൂദല്‍ഹി: അങ്കമാലി – ശബരിമല റെയില്‍പാതയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ബജറ്റില്‍ നൂറുകോടി രൂപ അനുവദിച്ചതിലൂടെ ജീവന് വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ചുവപ്പുനാടയില്‍ കുരുക്കിയ പദ്ധതി. 116 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി എറണാകുളത്തെ അങ്കമാലിയില്‍ നിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയില്‍ ശബരിമലയ്ക്കടുത്ത് എരുമേലിയിലാണ് അവസാനിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാത ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഉപകാരപ്രദമാകുന്നതാണ്.
അങ്കമാലി-ശബരിമല പുതിയ റെയില്‍ പാതയ്ക്ക് 1997-1998ല്‍ 550 കോടി രൂപയുടെ പദ്ധതിയായാണ് കേന്ദ്രം അനുമതി നല്‍കിയത്. പദ്ധതി വൈകിയത് മൂലം 2017-18ല്‍ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 2815 കോടി രൂപയായി. സ്ഥലമേറ്റെടുപ്പിനും ലൈന്‍ അലൈന്‍മെന്റിനുമെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും പദ്ധതിക്കെതിരായ കോടതിയലക്ഷ്യ കേസുകളും കേരള സര്‍ക്കാരിന്റെ നിസ്സഹകരണവും കാരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല.
പദ്ധതിച്ചെലവ് 1997-ലെ 550 കോടി രൂപയില്‍ നിന്ന് 2011-ല്‍ 1566 കോടി രൂപയായും (ഭൂമിയുടെ വില 719 കോടി രൂപയും) 2,815 കോടി രൂപയായും (ഭൂമിയുടെ വിലയുള്‍പ്പെടെ) കൂടി. ഇതോടെ ഈ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നത് റെയില്‍വേ ഫണ്ട് കൊണ്ട് മാത്രം സാധ്യമല്ലെന്ന് റെയില്‍വേ കേരള സര്‍ക്കാരിനോട് പലതവണ കത്തുകളിലൂടെ അറിയിച്ചു. 2015 നവംബര്‍ 27ന് പദ്ധതിയുടെ 50% ചെലവ് പങ്കിടാന്‍ കേരളം സമ്മതിച്ചു. 2016 സപ്തംബര്‍ ഒന്നിന് ധാരണാപത്രവും ഒപ്പുവച്ചു. എന്നാല്‍ അധികം വൈകാതെ 50% ചെലവ് പങ്കിടാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറി.
2017 ഡിസംബറില്‍ പങ്കിടല്‍ അടിസ്ഥാനത്തില്‍ പദ്ധതി ചെലവ് ഏറ്റെടുക്കാമെന്ന ആവശ്യമുന്നയിച്ച് റെയില്‍വെ സംസ്ഥാനത്തിന് കത്തയച്ചു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. ഇതോടെ പദ്ധതിയുടെ തുടര്‍ചെലവുകള്‍ താത്കാലികമായി മരവിപ്പിക്കാനും പ്രവൃത്തികള്‍ നിര്‍ത്തി വയ്ക്കാനും റെയില്‍വേ തീരുമാനിച്ചു. തനതു ഫണ്ടില്‍ പദ്ധതി മുന്നോട്ടുപോകില്ലെന്ന് റെയില്‍വേ മന്ത്രാലയം 2020 ജനുവരി 11ന് കേരള സര്‍ക്കാരിനെ വീണ്ടും അറിയിച്ചു. 2021 ജനുവരി ഏഴിന് പദ്ധതിയുടെ മൊത്തം പദ്ധതിച്ചെലവിന്റെ 50% കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് മുഖേന പങ്കിടാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കാനും പദ്ധതിച്ചെലവ് കാലാനുസൃതമായി പരിഷ്കരിക്കാനും കെആര്‍ഡിസിഎല്ലിനോട് നിര്‍ദേശിക്കുകയായിരുന്നു. കെആര്‍ഡിസിഎല്‍ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി നല്കി. ബാക്കി വരുന്ന ഭാഗത്തിന്റെ ലിഡാര്‍ സര്‍വേ നടത്തി എസ്റ്റിമേറ്റ് പുതുക്കി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. സമ്പൂര്‍ണ പ്രോജക്ടിന്റെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും റെയില്‍വേയോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്കായി കേന്ദ്രം നൂറു കോടി രൂപ അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: