ന്യൂദല്‍ഹി: കോഴിക്കോട് ബാലുശ്ശേരി കിനാലൂരിലെ ഉഷ സ്കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പി.ടി. ഉഷ എംപി. നേരത്തെയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്കൂള്‍ ഭൂമിയില്‍ പഞ്ചായത്തിന്റെ അനുമതിയോടെ അനധികൃത നിര്‍മാണം നടക്കുകയാണെന്നും ഉഷ പറഞ്ഞു.
വെള്ളിയാഴ്ച മണ്ണുമാന്തി യന്ത്രവുമായെത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത്. പഞ്ചായത്തിന്റെ അനുമതിയുണ്ടെന്ന് അറിയിച്ചതോടെ പോലീസിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കുകയായിരുന്നു. ജില്ലാ കളക്ടറും റൂറല്‍ എസ്പി യും ഇടപെട്ടാണ് പ്രവര്‍ത്തി നിര്‍ത്തിവെച്ചത്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് പ്രസിഡന്റ് കൂടിയായ പി.ടി ഉഷ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മതില് കെട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. എന്നാല്‍ അന്ന് അത് തടസ്സപ്പെടുത്തി. അന്ന് മതില് നിര്‍മ്മിക്കാന്‍ സ്പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരും അതിന് തയ്യാറായി മുന്നോട്ടു വന്നിട്ടില്ല. മതില് കെട്ടി സംരക്ഷണം ഉറപ്പു വരുത്താന്‍ നിലവില്‍ സ്കൂളിന്റെ കൈവശം അതിനാവശ്യമായ പണവും ഇല്ലെന്ന് ഉഷ പറഞ്ഞു.
പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ്. വൈകിട്ടായാല്‍ ആ പ്രദേശം മയക്കുമരുന്ന് ലോബികള്‍ കയ്യേറും. പ്രദേശത്ത് ഏതെങ്കിലും വീട്ടില്‍ കല്യാണം നടന്നാല്‍ ആ മാലിന്യം മുഴുവന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ തള്ളുമെന്നും ഉഷ പറഞ്ഞു. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. കുറച്ചു മുമ്പ് ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞാണ് അത് മാറ്റിയത്. ഇപ്പോള്‍ ആരാണെന്ന് അറിയില്ല. വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. 25 കുട്ടികളില്‍ 11 പേര് നോര്‍ത്ത് ഇന്ത്യക്കാരാണ്. 12-ാം തിയതി സെലക്ഷന് നടക്കാന്‍ പോകുകയുമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികള്‍ സ്വകരിക്കണം.
മുഖ്യമന്ത്രി ഇടപെട്ട് വിഷയം പരിഹരിക്കണം. ഇല്ലെങ്കില്‍ സ്കൂളിന്റെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെന്നും പി.ടി. ഉഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: