തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിചിത്രവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബജറ്റിലേതു നിര്‍ദേശങ്ങളാണ്, കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയാവും ഇതില്‍ അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരെയും എം വി ഗോവിന്ദന് വിമര്‍ശിച്ചു. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന കടന്നാക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില മുഴുവന്‍ കൂട്ടിയത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്രം അനിയന്ത്രിതമായി നികുതി കൂട്ടിയതാണ് വില വര്‍ധനവിന് കാരണം. സംസ്ഥാനം ഇപ്പോള്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്.
കേരളത്തെ വീര്‍പ്പ് മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്നത് മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിമര്‍ശനം. കേരളത്തിനു നല്‍കേണ്ട 40,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചതു കൊണ്ടാണ് അധിക സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: