തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ശമ്പള, പെന്ഷന് വര്‍ദ്ധനയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റിയന്. കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശമ്പള പെന്ഷന് വര്‍ദ്ധന കാരണം ചെലവ് 50 ശതമാനം കൂടി. 47,000 കോടിയായിരുന്നു ശമ്പള പെന്ഷന് ചെലവ്. 2022ല്‍ ഇത്72500 കോടിയായി. വെറും അഞ്ചു ശതമാനം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി വരുത്തിയ വര്‍ദ്ധന മൂലം ഖജനാവ് കാലിയായി. ഇത് മറച്ചുവയ്ക്കാനാണ് കേന്ദ്രത്തെ പഴി ചാരുന്നത്. ഇതുമൂലമുണ്ടായ അമിത ഭാരം സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. അദ്ദേഹം പ്രതികരിച്ചു.
എകെജി മ്യൂസിയത്തിന് ആറു കോടി; ബ്രണ്ണന്‍ കോളജിന് 30 കോടി
സാമ്പത്തിക പ്രതിസന്ധിക്കിടയിലും എകെജിയുടെ സ്മരണാര്‍ത്ഥം കണ്ണൂരില്‍ മ്യൂസിയം സ്ഥാപിക്കും. കണ്ണൂര്‍ പെരളശ്ശേരി എകെജി മ്യൂസിയത്തിന് ആറുകോടി ബജറ്റില്‍ വകയിരുത്തി. കൊല്ലത്തെ പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയര്‍ നിര്‍മിക്കും. ഇതിനായി അഞ്ചുകോടി.
മുഖ്യമന്ത്രി പിണറായി വിജയന് പഠിച്ച തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ 30 കോടി ചെലവില്‍ അക്കാദമിക് ക്ലോംപ്ലക്സ് നിര്‍മിക്കും. ഇതിന് 10 കോടി അനുവദിച്ചു. പിണറായിയില്‍ നിര്‍മിക്കുന്ന എഡ്യുക്കേഷന്‍ ഹബില്‍ പോളിടെക്നിക്ക് ആരംഭിക്കും. കൊണ്ടോട്ടിയിലെ മൊയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിക്ക് 15 ലക്ഷം. ചെമ്പഴന്തി ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന് 35 ലക്ഷം. കെഎസ്എഫ്ഡിസിയുടെ തീയേറ്ററുകള്‍ക്ക് 17 കോടി. അന്താരാഷ്ട്ര നാടകോത്സവത്തിന് ഒരു കോടി. കേരള സാഹിത്യ അക്കാഡമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കാന്‍ ഒരു കോടി.
ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ; വകയിരുത്തിയത് 2.5 കോടി മാത്രം
സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി വകയിരുത്തിയത് 2.5 കോടി മാത്രം. കൊവിഡിനാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഞ്ചുകോടി. പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ 11 കോടി. പൊതുജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി.
മെഡിക്കല്‍ കോളജുകളോടു ചേര്‍ന്ന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ കെട്ടിടത്തിനുള്ള ആശ്വാസ് വാടക ഭവന പദ്ധതിക്ക് നാലുകോടി. താലൂക്ക്, ജനറല്‍ ആശുപത്രികളോടും ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും ചേര്‍ന്ന് പുതിയ നഴ്സിംഗ് കോളജുകള്‍. ഇതിന് 20 കോടി.
അന്തരീക്ഷ മലിനീകരണം തടയാന്‍ ഗീന് ഹൈഡ്രജന്‍ ഹബ്. 200 കോടി രൂപയുടെ പദ്ധതി. 20 കോടി അധികമാക്കി നീക്കിവച്ചു. ചെലവ് കുറഞ്ഞകെഎസ്ആര്‍ടിസി മന്ദിരങ്ങള്‍ക്ക് 20 കോടി. റോഡ് ഗതാഗത മേഖലയ്ക്ക് 184.07 കോടി. കെഎസ്ആര്‍ടിസിക്ക് 131 കോടി. മോട്ടോര്‍ വാഹന വകുപ്പിന് 44.07 കോടി. കെഎസ്ആര്‍ടിസി വാഹനനവീകരണം 75 കോടി. അടിസ്ഥാന സൗകര്യ വികസനം, വര്‍ക്ക്ഷോപ്പ് നവീകരണം 30 കോടി. കംപ്യൂട്ടര്‍വത്കരണം, ഇ ഗവേണന്‍സ് 20 കോടി. ഇ മൊബിലിറ്റി 15.55 കോടി. ഉള്‍നാടന്‍ ജലഗതാഗതം 141.66 കോടി. പുതിയ ബോട്ടുകള്‍ക്ക് 24 കോടി. ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം2.01 കോടി
കൃഷിക്ക് 971.71 കോടി; ഇതില്‍ 156.30 കോടി കേന്ദ്രസഹായം
കാര്‍ഷിക മേഖലയ്ക്ക് 971.71 കോടി. ഇതില്‍ 156.30 കോടി കേന്ദ്രസഹായമാണ്. വിളപരിപാലന മേഖലയ്ക്കായി 732.46 കോടി. നെല്‍ക്കൃഷി വികസനത്തിന് 95.10 കോടി. സമഗ്ര പച്ചക്കറി കൃഷി വികസനത്തിന് 93.45 കോടി
നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്നും 34 ആക്കി. കേര വികസന പദ്ധതികള്‍ക്ക് 68.95 കോടി. സുഗന്ധവ്യഞ്ജന കൃഷിക്ക് 4.60 കോടി രൂപ വകയിരുത്തി. ഫലവര്‍ഗ കൃഷിക്ക് 18.92 കോടി രൂപ. സ്മാര്‍ട്ട് കൃഷിഭവനുകള്‍ക്ക് 10 കോടി. കൃഷിദര്ശന് 2.10 കോടി. കാര്‍ഷിക കര്‍മസേനകള്‍ക്ക് എട്ടുകോടി. സംസ്ഥാന വിള ഇന്‍ഷ്വറന്‍സിന് 30 കോടി. കുട്ടനാട് കാര്‍ഷിക വികസനത്തിന് 17 കോടി.
അങ്കണവാടിക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി. അങ്കണം എന്നാണ് പേര്. അപകട ഇന്‍ഷ്വറന്‍സും ലൈഫ് ഇന്‍ഷ്വറന്‍സും ചേര്‍ന്നതാണ്. വാര്‍ഷിക പ്രീമിയം 360 രൂപ. അപകട മരണത്തിന് രണ്ടുലക്ഷം രൂപ. മറ്റു മരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് പരിരക്ഷ. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരം 63.50 കോടിയും നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം 500ല്‍ നിന്നും 1000 രൂപയാക്കി. കോവളം മുതല്‍ ബേക്കല്‍ വരെ വെസ്റ്റ്കോസ്റ്റ് കനാല്‍ വികസനത്തിന് 300 കോടി. ലൈഫ് മിഷന്റെ ഭാഗമായി 71861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മിക്കാന്‍ 1436.26 കോടി.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം 8258 കോടി.കുടുംബശ്രീക്ക് 260 കോടി. സ്വച്ഛ് ഭാരത് മിഷന് (ഗ്രാമം) സംസ്ഥാന വിഹിതം24.40 കോടി. കേന്ദ്രവിഹിതം 36.60 കോടി. സാനിറ്ററി നാപ്കിനുകള്‍ക്കു പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രോത്സാഹിപ്പിക്കും. ഇതിന്പത്തുകോടി. ജെന്‍ഡര്‍ പാര്ക്കിന് പത്തുകോടി. വയോജനങ്ങള്‍ക്ക്് ഡേ കെയര്‍ സെന്ററുകള്‍. ശിശുസംരക്ഷണ പദ്ധതിക്ക് 13 കോടി. ശിശു വികസന സേവനങ്ങള്‍ക്ക് 194.32 കോടി.
പോലീസിനെ ആധുനീകരിക്കാന്‍ 152.90 കോടി
പോലീസ് സേനയുടെ ആധൂനിക വത്കരണത്തിന് ബജറ്റില്‍ 152.90 കോടി വകയിരുത്തി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് 15 കോടി. ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം 1.80 കോടി. ജനമൈത്രി സുരക്ഷാ 4.40 കോടി. സൈബര്‍ സുരക്ഷ നാലുകോടി. ഫോറന്‍സിക് സൗകര്യം അഞ്ചുകോടി. നിര്‍ഭയ പദ്ധതിക്ക് പത്തു കോടി. ജയിലുകളുടെ ഭരണം 13 കോടി. ജയില്‍പ്പുള്ളികളുടെ പുനരധിവാസം എട്ടു കോടി. മയക്കുമരുന്നിനെതിരെ 15 കോടി. വിമുക്തി- ഡി അഡിക്ഷന് സെന്ററുകള്‍ക്ക് 9.43 കോടി.
പ്രവാസിക്ക് 100 തൊഴില്‍ ദിനങ്ങള്‍
വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനങ്ങള്‍. ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ പദ്ധതിക്ക്അഞ്ചു കോടി. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ 84.60 കോടി. പ്രത്യേക പദ്ധതിക്ക് 25 കോടി. പ്രവാസി ക്ഷേമം 50 കോടി രൂപ. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ കുടുംബശ്രീ വഴി പലിശരഹിത വായ്പ. കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്സ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം. ലോകകേരള സഭക്ക് 2.5 കോടി. മാവേലിക്കരയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കാന്‍ ഒരു കോടി.
തൃശൂര്‍ പൂരത്തിന് എട്ടുകോടി
തൃശൂര്‍ പൂരം നടത്തിപ്പിന് എട്ടുകോടിയും വിനോദസഞ്ചാരത്തിന് 362.15 കോടിയും ബജറ്റിലുണ്ട്. ടൂറിസം ഇടനാഴികള്‍ക്ക് 50 കോടി. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ എക്സ്പിരിയന്‍ഷ്യല്‍ വിനോദസഞ്ചാരകേന്ദ്രമാക്കും. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവക്ക് 19.30 കോടി. ടൂറിസം പ്രചാരണം 81 കോടി. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൈതൃക ഉത്സവങ്ങള്‍ക്കള്‍ക്ക് എട്ടു കോടി. 2024 കേരള ട്രാവല്‍ മാര്‍ട്ട് ഏഴു കോടി. കൊച്ചി-മുസിരിസ് ബിനാലെ രണ്ടുകോടി. ടൂറിസം മേഖലയില്‍ വൈദ്യുതി സബ്സിഡിനല്‍കാന്‍ 10 കോടി. കാരവന് ടൂറിസം 3.70 കോടി. കാപ്പാട് ചരിത്ര മ്യൂസിയം നിര്‍മിക്കാന്‍ പത്തു കോടി.
അബ്കാരി കുടിശിക 286 കോടി
അബ്കാരി കുടിശിക ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കാനുള്ളത് 286 കോടി. അബ്കാരി കുടിശിക തീര്‍പ്പാക്കുന്നതിന് പുതിയ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു. ഇതില്‍ ഭൂരിപക്ഷവും 1949-50 മുതല്‍ 2001-02 വരെയുള്ള കാലയളവിലെ കുടിശികയാണെന്നും കുടിശികക്കാര്‍ പലരും മരിച്ചു പോയെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആര്‍ആര്‍ നടപടികളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി നിരവധി കേസുകളും നിലനില്ക്കുന്നു. ഇതു തീര്‍പ്പാക്കുന്നതിലെ കാലതാമസവും സ്റ്റേ ഉത്തരവുകളും കുടിശിക പിരിവില്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ഇതിനു വേണ്ടിയാണ് ആംനസ്റ്റി പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: