കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടശേഷം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചിട്ടുള്ള പുതിയ ബജറ്റ് സംസ്ഥാനത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതാണ്. വിലക്കയറ്റത്തിന്റെ പ്രളയംതന്നെ സൃഷ്ടിക്കാന്‍ പോകുന്ന പ്രഖ്യാപനങ്ങളുടെ ഒരു ഘോഷയാത്രതന്നെയാണ് ബജറ്റിലുള്ളത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ധിപ്പിച്ചത് അവശ്യവസ്തുക്കളുടെ മുഴുവന്‍ വില വര്‍ധനയിലേക്ക് നയിക്കും. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി വേണ്ടെന്നുവച്ചപ്പോള്‍ അതിനനുസൃതമായി വില കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്ത ഒരു ധനമന്ത്രിയാണ് യാതൊരു കൂസലുമില്ലാതെ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ ശിക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമെയാണ് കെട്ടിടനികുതി വര്‍ധിപ്പിച്ചും ഭൂമിയുടെ ന്യായവില വന്‍തോതില്‍ കൂട്ടിയും മദ്യത്തിന് സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹനസെസില്‍ വര്‍ധന കൊണ്ടുവന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന് ഒരുവിധം കരകയറിവരുന്ന ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും വിലക്കയറ്റ ഭീഷണി നേരിടാന്‍ 200 കോടി നീക്കിവച്ചിരിക്കുകയാണെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ചെകുത്താന് വേദമോതുന്നതിന് തുല്യമാണ്. നിത്യനരകമായിരിക്കും ഈ ബജറ്റ് ജനങ്ങള്‍ക്ക് സമ്മാനിക്കുകയെന്നു പറയാന്‍ മടിക്കേണ്ടതില്ല.
ധനമന്ത്രിയെന്ന നിലയ്ക്ക് കെ.എന്‍. ബാലഗോപാല്‍ ഒരു പരാജയമാണെങ്കില്‍ അതിന്റെ കണ്ണാടിയാണ് ഈ ബജറ്റും. സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത് ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയല്ല, സമ്പൂര്‍ണമായ തകര്‍ച്ചയാണ്. ധനകാര്യത്തെക്കുറിച്ച് ധാരണയുള്ള പലരും ഇക്കാര്യം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ ഈ പ്രശ്നത്തെ നേരിടാനുള്ള യാതൊരു പ്രഖ്യാപനവും നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. ഇതിനുപകരം പൊള്ളയായ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും അശാസ്ത്രീയമായ വീതംവയ്പ്പുമാണ് കാ ണുന്നത്. ചെലവുചുരുക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ സംസ്ഥാനം ഭരിച്ചു മുടിക്കാന്‍ ജനങ്ങളെ നിഷ്കരുണം ചൂഷണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാനുള്ള പോംവഴികളൊന്നും നിര്‍ദ്ദേശിക്കാനില്ല. വരുന്നിടത്തുവച്ചു കാണാം എന്നൊരു നയം സര്‍ക്കാര്‍ സ്വീകരിച്ചതായാണ് തോന്നുന്നത്. വിഭവസമാഹരണത്തിനുള്ള ഗൗരവമായ ശ്രമങ്ങളൊന്നും ബജറ്റിലില്ല എന്നു മാത്രമല്ല, അങ്ങനെയൊരു ചിന്ത ധനമന്ത്രിക്കുണ്ടോ എന്നുപോലും ഈ ബജറ്റു കാണുമ്പോള്‍ സംശയിക്കണം. വലിയ അധ്വാനമൊന്നുമില്ലാതെ പിരിച്ചെടുക്കാവുന്ന നികുതിയില്‍ മാത്രം കണ്ണുവച്ച് അത് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കടമെടുപ്പ് മാത്രമാണ് സര്‍ക്കാര്‍ വിഭവസമാഹരണമായി കാണുന്നതെന്ന് തോന്നുന്നു. പരിധിയില്ലാതെ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതിലുള്ള കടുത്ത അമര്‍ഷം ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ആവര്‍ത്തിച്ച് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ജനവിരുദ്ധമായ പ്രഖ്യാപനങ്ങള്‍ക്കിടയിലും സ്വന്തം പാര്‍ട്ടിയുടെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള വേലത്തരങ്ങളൊക്കെ ധനമന്ത്രി ബജറ്റില്‍ കാണിച്ചുവച്ചിട്ടുണ്ട്. പല നിര്‍ദ്ദേശങ്ങളും വകയിരുത്തലുകളും ജനങ്ങളുടെ നികുതിപ്പണം പാര്‍ട്ടി ഫണ്ടിലേക്ക് തിരിച്ചുവിടുന്നതിനു തുല്യമാണ്. ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ ലോകസമാധാനത്തിന് രണ്ട് കോടി നീക്കിവച്ചതിന് സമാനമായ പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലുമുണ്ട്. റീബില്‍ഡ് കേരളയ്ക്ക് 100 കോടിയോളവും നവകേരള കര്‍മപദ്ധതിക്ക് 54 കോടിയും ബിനാലെയ്ക്ക് രണ്ട് കോടിയും മെയ്ക്ക് ഇന്‍ കേരള പദ്ധതിക്ക് 100 കോടിയുമൊക്കെ നീക്കിവച്ചിട്ടുള്ളത് ആത്യന്തികമായി പാര്‍ട്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കുമാവും ഗുണം ചെയ്യുക. ജനകീയാസൂത്രണത്തിന്റെ കാലം മുതല്‍ പൊതുമുതല്‍ വിജയകരമായി കൊള്ളയടിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭിക്കുന്ന യാതൊരു പദ്ധതിയും ബജറ്റിലില്ല. അത്തരമൊന്നിനെക്കുറിച്ച് ധനമന്ത്രി ആലോചിച്ചതിനുപോലും തെളിവില്ല. ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ബജറ്റവതരണ പ്രസംഗത്തില്‍ മന്ത്രി ആവേശം കാണിച്ചത്. യാതൊരു മടിയുമില്ലാതെ പല കള്ളങ്ങ ളും മന്ത്രി പറയുന്നുണ്ട്. തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാരിനോട് ശത്രുതാപരമായ സമീപനമാണ് ധനമന്ത്രി ബാലഗോപാല്‍ സ്വീകരിച്ചുപോരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാന്‍ ജനങ്ങളെ ബലിയാടാക്കുകയാണ്. ബജറ്റിലൂടെ ചെയ്യുന്നതും ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: