സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് പിഎച്ച്ഡി ലഭിച്ച ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അത്ര പെട്ടെന്ന് കെട്ടടങ്ങാനും പോകുന്നില്ല. അനുദിനമെന്നോണം ഈ പ്രബന്ധത്തിന്റെ അപാകതയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും കണ്ടുപിടുത്തങ്ങളും പുറത്തുവരികയാണ്. വെറും ആരോപണങ്ങളല്ല, തെളിവുസഹിതമുള്ള വിവരങ്ങളാണിത്. മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതായി പ്രബന്ധത്തില്‍ എഴുതിയിരിക്കുന്നതാണ് ആദ്യം പുറത്തുവന്നത്. ഒരു ബ്ലോഗില്‍ മറ്റൊരാള്‍ എഴുതിയ പ്രബന്ധം ചിന്ത കോപ്പിയടിക്കുകയായിരുന്നു എന്ന വിവരമാണ് പിന്നീട് അറിഞ്ഞത്. പ്രബന്ധത്തില്‍ കമ്യൂണിസ്റ്റ് എന്ന വാക്കുപോലും ചിന്ത തെറ്റായാണ് എഴുതിയിട്ടുള്ളതെന്നും തെളിഞ്ഞിരിക്കുകയാണ്. പൊറുക്കാനാവാത്ത പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും, ഗൈഡും ഡോക്ടറേറ്റ് നല്‍കിയവരുമെല്ലാം കുറ്റക്കാരാണെന്നും, പ്രബന്ധം പിന്‍വലിക്കണമെന്നും ചങ്ങമ്പുഴയുടെ മകള്‍ ലളിത ആത്മരോഷത്തോടെ പ്രതികരിച്ചിരുന്നു. ചിന്തയുടെ പ്രബന്ധം പിന്‍വലിക്കണമെന്ന് മറ്റ് ചില കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. അപകടം മനസ്സിലാക്കിയ ചിന്ത ജെറോം, ലളിതയെ വീട്ടില്‍ ചെന്നു കണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ശരികള്‍ക്കിടെ സംഭവിച്ചുപോയ ഒരു തെറ്റുമാത്രമാണെന്നും, തെറ്റുപറ്റാത്ത ആരാണുള്ളതെന്നുമൊക്കെ പറഞ്ഞ് അന്തരീക്ഷം തണുപ്പിക്കാനുള്ള ശ്രമം സിപിഎം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജനും നടത്തുകയുണ്ടായി.
പ്രസംഗത്തില്‍ നാക്കുപിഴ വരുന്നതുപോലെ ചിന്തയുടെ എഴുത്തില്‍ അറിയാതെ ഒരു തെറ്റു കടന്നുകൂടുകയല്ല ചെയ്തിട്ടുള്ളത്. അച്ചടിയില്‍ ഏതെങ്കിലും കുത്തും കോമയും മാറിപ്പോയതുമല്ല. ഒരാള്‍ ഒരു പ്രത്യേക വിഷയത്തില്‍ ആര്‍ജിക്കുന്ന അറിവിന്റെ ആകെത്തുകയാണ് അയാള്‍ സമര്‍പ്പിക്കുന്ന പ്രബന്ധം. ഇത് പരിശോധിച്ച് വ്യുല്‍പ്പത്തി ഉറപ്പുവരുത്തിയാണ് പിഎച്ച്ഡി ബഹുമതി സമ്മാനിക്കുന്നത്. യോഗ്യനായ ഗൈഡിനെ കണ്ടെത്തുന്നതും, മാര്‍ഗനിര്‍ദേശമനുസരിച്ച് ഏറെ ദുഷ്‌കരമായ ഗവേഷണം പൂര്‍ത്തിയാക്കുന്നതുമൊക്കെ ദീര്‍ഘമായ ഒരു പ്രക്രിയയാണ്. ഇതിനൊന്നും നില്‍ക്കാത്ത തട്ടിക്കൂട്ടു പ്രബന്ധമുണ്ടാക്കി സമര്‍പ്പിച്ച് ചുളുവില്‍ പിഎച്ച്ഡി അടിച്ചുമാറ്റുകയാണ് ചിന്ത ചെയ്തിട്ടുള്ളതെന്ന് വ്യക്തം. താന്‍ മോഷണമൊന്നും നടത്തിയിട്ടില്ല, ആശയം ഉള്‍ക്കൊള്ളുകയാണ് ചെയ്തിട്ടുള്ളതെന്നും മറ്റും ചിന്ത പറയുന്നത് ഒരു തരത്തിലും ന്യായീകരണമാവുന്നില്ല. ഒരാളുടെ ആശയം തന്റേതായി സ്വന്തം പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നതുതന്നെ തെറ്റാണ്. നിലവാരത്തകര്‍ച്ചയാണ്. മൗലികമായ ചില ആശയങ്ങളും കണ്ടെത്തലുകളുമാണല്ലോ ഒരു ഗവേഷണ പ്രബന്ധത്തില്‍ ഉണ്ടാവേണ്ടത്. ഇതിനു കഴിയാത്തവര്‍ ഇങ്ങനെയൊരു അഭ്യാസത്തിന് ഇറങ്ങിത്തിരിക്കാതിരിക്കുകയാണ് വേണ്ടത്. ഇവിടെയാണ് ചിന്ത തന്റെ പ്രബന്ധം പിന്‍വലിക്കണമെന്ന അക്കാദമിക്കലായ ആവശ്യം പരിഗണിക്കേണ്ടത്. അക്കാദമിക് നടപടിക്രമം അനുസരിച്ച് ഇതിന് കഴിയുമെന്നാണ് അറിയുന്നത്. ചിന്തയെ പിന്തുണച്ചും സംരക്ഷിച്ചും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനു പകരം പ്രബന്ധം പിന്‍വലിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ് അഭ്യുദയകാംക്ഷികള്‍ ചെയ്യേണ്ടത്.
ചിന്ത ജെറോം ഒരു പ്രതീകമാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍ അക്കാദമിക് സ്ഥാപനങ്ങളെ സ്വാധീനിച്ച് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുകയും, പേരിനൊപ്പം ഡോക്ടറേറ്റ് പദവി കൊണ്ടുനടക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരില്‍ രാഷ്‌ട്രീയ നേതാക്കളും ബുദ്ധിജീവികളും സ്ഥാപന മേധാവികളും എഴുത്തുകാരും വാഗ്മികളുമൊക്കെയുണ്ട്. ഇവരില്‍ പലരുടെയും പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്തത് കള്ളത്തരവും വിവരക്കേടുകളും പുറത്താവും എന്നതിനാലാണ്. താന്‍ വസന്തതിലകം എന്ന വൃത്തത്തിലെഴുതിയ കവിത കേകയിലാണെന്ന് ഒരു പിഎച്ച്ഡിക്കാരി കണ്ടുപിടിച്ചതിനെക്കുറിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈയിടെ പറയുകയുണ്ടായല്ലോ. ഇത്തരം ‘വ്യാജ ഡോക്ടര്‍മാര്‍’ വരുത്തുന്ന അപഹാസ്യമായ പിഴവുകള്‍ തലതല്ലി ചിരിക്കാന്‍ വക നല്‍കുന്നതുമാണ്. ഈ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് തന്റെ പേരിനൊപ്പമുള്ള ഡോക്ടര്‍ പദവി അധ്യാപകനും രാഷ്‌ട്രീയ ചിന്തകനുമായ ആസാദ് ഒഴിവാക്കുകയുണ്ടായി. കേരള മോഡല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഊറ്റംകൊള്ളുന്നതിന്റെ പരിഹാസ്യതയാണ് ഇവിടെ തെളിയുന്നത്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഒരു ഹെര്‍ക്കുലീസിനും കഴുകി വൃത്തിയാക്കാനാവാത്ത ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. വ്യാകരണപ്പിശകില്ലാതെ ഒരു കത്തെഴുതാന്‍ പോലും അറിയാത്ത വൈസ്ചാന്‍സലര്‍മാര്‍ സര്‍വശക്തന്മാരായി വാഴുന്നിടത്ത് മറിച്ച് സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ല. ദേശീയ നിലവാരമുള്ള ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനവും ഇന്ന് കേരളത്തിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അഹന്തയും കാപട്യവും കൊണ്ട് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: