തിരുവനന്തപുരം: യുവജനകമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണ് എന്നതുള്‍പ്പെടെ വസ്തുതാപിശകുകളെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം തുടങ്ങി.
പ്രബന്ധം ബോധി കോമണ്‍സ് എന്ന വെബ്സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്നും അതിലെ ഉള്ളടക്കം അതേ പടി പകര്‍ത്തിയപ്പോള്‍ അബദ്ധം പിണഞ്ഞതാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയേറെ തെറ്റുകള്‍ വന്നിട്ടും ഡോക്ടറേറ്റ് നല്കിയ നടപടി സംബന്ധിച്ച് ഗൈഡായ കേരളസര്‍വ്വകലാശാലയുടെ മുന്‍ പ്രോ വിസിയായ പി.പി. അജയകുമാറിനോടും സര്‍വ്വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നതുള്പ്പെടെയുള്ള ഭീമമായ അബദ്ധങ്ങള്‍ എന്തുകൊണ്ട് ഗൈഡിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും സര്‍വ്വകാലാശ അധികൃതരെ അമ്പരപ്പിക്കുന്നു. ഇംഗ്ലീഷ് തീസിസില്‍ വൈലോപ്പിള്ളിയുടെ സ്പെല്ലിംഗ് പോലും തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്. വൈലോപ്പിള്ളിക്ക് പകരം വൈലോപ്പള്ളി എന്നാണ് എഴുതിയിരിക്കുന്നത്.
ഇത് സംബന്ധിച്ച വിശദമായ അന്വേഷണത്തിന് വൈസ് ചാന്‍സലറുടെ ചുമതലയുള്ള മോഹന്‍ കുന്നുമ്മല്‍ ഉത്തരവിട്ടു. ഡോക്ടറേറ്റ് ലഭിച്ച തീസീസിന്റെ കോപ്പി, കോപ്പിയടി സംബന്ധിച്ച റിപ്പോര്‍ട്ട് (പ്ലാജിയറിസം റിപ്പോര്‍ട്ട്), ഗവേഷണ ഡയറക്ടറുടെയും ഗൈഡിന്റെയും വിശദീകരണങ്ങള്‍, മറ്റ് രേഖകള്‍ എന്നിവയും വിസി ശേഖരിച്ചുതുടങ്ങി.
സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയുടെ പരാതിയിലാണ് ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലയോട് വിശദീകരണം തേടിയിരിക്കുന്നത്. ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കാനും ഗൈഡായ മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പി.പി. അജയകുമാറിനെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ചിന്താ ജെറോം വിമര്‍ശകരെ തണുപ്പിക്കാനുള്ള ശ്രമം തുടങ്ങി. ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയെ ചിന്ത ജെറോം നേരിട്ട് കണ്ടിരുന്നു. വിദ്വേഷത്തിന്റെ മഞ്ഞുരുക്കലാണ് ചിന്തയുടെ ലക്ഷ്യം. തെറ്റ് മനപൂര്‍വ്വമല്ലെന്നും നോട്ടപ്പിശകാണെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: