തിരുവനന്തപുരം: ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ രാജ്യത്ത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33% വര്‍ധിച്ചിരിക്കുന്നത് യുവാക്കള്‍ക്ക് ഏറെ ഗുണകരമാവും. മാത്രമല്ല 47 ലക്ഷം യുവാക്കള്‍ക്ക് മൂന്നുവര്‍ഷം സ്റ്റൈഫന്റോടെ പരിശീലനം നല്‍കുന്നത് തൊഴിലന്വേഷകര്‍ക്ക് വലിയ ആശ്വാസകരമാണ്.
ബജറ്റ് കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നുറപ്പാണ്. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത് കാര്‍ഷിക ഉല്പാദനം വര്‍ധിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനും കര്‍ഷകരെ സഹായിക്കും. സഹകരണ മേഖയില്‍ ഭക്ഷ്യ സംഭരണം നടത്താനുള്ള തീരുമാനം കര്‍ഷകര്‍ക്ക് വളരെ ഗുണകരമാണ്. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിന് ഭക്ഷ്യ സംഭരണം ഉപകരിക്കും. കര്‍ഷകര്‍ക്ക് 20 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കുന്നത് കാര്‍ഷിക മേഖലയോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്ക്ക് 220 കോടി മാറ്റിവെച്ചതും സ്വാഗതാര്‍ഹമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
റെയില്‍വെ വികസനത്തിന് 2.4 ലക്ഷം കോടി അനുവദിച്ചത് റെയില്‍വെയെ അതിവേഗം ആധുനികവല്‍ക്കരിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും സഹായിക്കും. എംഎസ്എംഇക്ക് ഈടില്ലതെ വായ്പ നല്‍കുന്നതിന് തുകമാറ്റിവെച്ചത് കുടില്‍ വ്യവസായത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും ആധുനികവല്‍ക്കരണത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും സഹായിക്കും.
സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീശാക്തീകരണമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ആവശ്യത്തിന് പിന്‍വലിക്കാന്‍ സാധിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം എന്നത് രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കാരണമാകും. മല്‍സ്യതൊഴിലാളികള്‍ക്ക് മത്സ്യസമ്പദ പദ്ധതിയുടെ 6000 കോടി രൂപ മാറ്റിവെച്ചത് കേരളത്തിലെ മല്‍സ്യ തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ്. ആദിവാസി വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് 15000 കോടി രൂപ മാറ്റിവെച്ചത് അടിസ്ഥാന ജനവിഭാഗത്തോടുളള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണകാലഘട്ടത്തില്‍ അവഗണിക്കപ്പെട്ടവരാണ് രാജ്യത്തെ ആദിവാസി വിഭാഗങ്ങള്‍. പട്ടിക വര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 3.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ 740 ഏകലവ്യ മോഡല്‍ സ്കൂളുകളും അതിന്റെ നടത്തിപ്പിനായി 38,800 അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചത് റബര്‍ വില കൂടാന്‍ കാരണമാവും. ഇത് റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: