കൊച്ചി:ബൈബിള്‍ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി കെസിബിസി മുന്‍ വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെ മിക്കവാറും നിസ്സഹായരാക്കുന്ന വിധത്തിലാണ് എന്നു പറയാതിരിക്കാന്‍ വയ്യാ എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പ്രതീക്ഷയുള്ളത് കേരളം ഇന്ത്യയിലാണ് എന്ന ഉറപ്പിലാണ്. കേന്ദ്ര ഏജന്‍സികള്‍ ഇവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥയുണ്ട് എന്നത് മറച്ചു പിടിച്ചിട്ടു കാര്യമില്ലെന്നും ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറയുന്നു. ഒരു മുസ്തഫയുടെ നില തെറ്റിയ മനസ്സില്‍നിന്നാണ് ഇതെല്ലാം വരുന്നത് എന്നു ചിന്തിക്കുന്നത്, ആലപ്പുഴയില്‍ കൊലവിളി മുഴക്കിയ കുട്ടിയുടെ മനസ്സില്‍ ഉദിച്ച ബാല ഭാവനയായിരുന്നു അന്നു മുഴങ്ങികേട്ടത് എന്നു പറയുന്നതിനു തുല്യമാണ്. – അദ്ദേഹം പറഞ്ഞു.
ബൈബിള്‍ കത്തിച്ച സംഭവത്തില്‍ പരാതിയുണ്ടെങ്കില്‍ യേശുവിനോട് പറഞ്ഞോളൂ എന്നതാണ് മുസ്തഫയുടെ നിയമം. അത് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മത നിയമം അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ബാധകമല്ല എന്നതാണ് നിലപാട്. കേരളത്തില്‍ അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണവും സ്വാധീനവും വര്‍ധിച്ചു വരികയുമാണ്. – ഫാ വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറയുന്നു.
ബൈബിള്‍ കത്തിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് കാസര്‍കോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിള്‍ കത്തിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് മുഹമ്മദിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോള്‍ ബൈബിള്‍ കത്തിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിള്‍ കത്തിച്ചതും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും.
ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പുല്‍ക്കൂട്ടിലെ ഉണ്ണിയെ പുഴയിലെറിഞ്ഞ മുസ്തഫ, ബൈബിള്‍ കത്തിച്ചു!
പരാതിയുണ്ടെങ്കില്‍ യേശുവിനോട് പറഞ്ഞോളൂ എന്നതാണ് മുസ്തഫയുടെ നിയമം. അത് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മത നിയമം അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ബാധകമല്ല എന്നതാണ് നിലപാട്. കേരളത്തില്‍ അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണവും സ്വാധീനവും വര്‍ധിച്ചു വരികയുമാണ്. സമീപകാല സംഭവങ്ങളൊന്നും അത്തരം ചിന്താഗതിക്കാരുടെ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാകുന്നത്.
വിഷയം സങ്കീര്‍ണ്ണമാണ്. ഇങ്ങനെ പോയാല്‍ ഇത്തരം ഭ്രാന്തിന്റെ തീ ആളിപ്പടരാനാണ് സാധ്യത. അത് നിസ്സാരമായി കരുതുന്നത് വല്ലാത്ത ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും.
എന്താണ് ഇതുകൊണ്ടൊക്കെ ലക്ഷ്യം വയ്‌ക്കുന്നത് എന്നന്വേഷിക്കേണ്ടത് മത സംഘടനകള്‍ അല്ല. നാട്ടിലെ ഭരണകൂടമാണ്. നീതി ന്യായ സംവിധാനങ്ങളും ഉത്തരവാദപ്പെട്ട ഏജന്‍സികളുമാണ്. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെ മിക്കവാറും നിസ്സഹായരാക്കുന്ന വിധത്തിലാണ് എന്നു പറയാതിരിക്കാന്‍ വയ്യാ.
പ്രതീക്ഷയുള്ളത് കേരളം ഇന്ത്യയിലാണ് എന്ന ഉറപ്പിലാണ്. കേന്ദ്ര ഏജന്‍സികള്‍ ഇവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥയുണ്ട് എന്നത് മറച്ചു പിടിച്ചിട്ടു കാര്യമില്ല. ഒരു മുസ്തഫയുടെ നില തെറ്റിയ മനസ്സില്‍നിന്നാണ് ഇതെല്ലാം വരുന്നത് എന്നു ചിന്തിക്കുന്നത്, ആലപ്പുഴയില്‍ കൊലവിളി മുഴക്കിയ കുട്ടിയുടെ മനസ്സില്‍ ഉദിച്ച ബാല ഭാവനയായിരുന്നു അന്നു മുഴങ്ങികേട്ടത് എന്നു പറയുന്നതിനു തുല്യമാണ്. ‘ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍’ എന്നു കുട്ടികളെക്കുറിച്ച് വൈലോപ്പിള്ളി പാടിയത്, വെറുതെയായില്ല എന്നു കേരളം കണ്ടു.
ആരുടെയെങ്കിലും കണ്ണില്‍ പൊടിയിടാന്‍ പൊലീസ് നടത്തുന്ന നടപടികള്‍ക്കപ്പുറം, ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. ചികിത്സ ആവശ്യമുള്ള കടുത്ത മനോരോഗമാണ് മത ഭ്രാന്ത്! അതിനെ ചങ്ങലക്കിടാന്‍ ചുമതലപ്പെട്ടവര്‍ അമാന്തിക്കരുത്. ഈ തകര്‍ച്ച വേദനാജനകമാണ്. സങ്കടകരമാണ്. നിരാശാ ജനകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: