സമര്‍ത്ഥമായി നുണവിളമ്പുക. അതിന് പ്രത്യേക കഴിവു തന്നെ വേണം. അത് പറയുന്നത് യുവതികളാണെങ്കില്‍ അതിന്റെ സൗന്ദര്യം ഒന്നുവേറെ തന്നെയാണല്ലോ. അങ്ങിനെയുള്ള രണ്ടുപേരാണ് റാണാ അയൂബും ചിന്താ ജറോമും.
റാണാ അയൂബ് തിരുവനന്തപുരത്തെത്തിയത് വഴിപിഴച്ചൊന്നുമല്ല. മീഡിയ അക്കാദമിയും ഇ-സോമനാഥ് സ്മൃതിസമിതിയും ക്ഷണിച്ചെത്തിയതാണ്. അവരെ ഇന്ത്യയിലെ മാധ്യമങ്ങളുടെ മൗനം ഭയപ്പെടുത്തുകയാണത്രെ. സ്വതന്ത്രമെന്ന് കരുതിയിരുന്ന സിബിഐയും തെരഞ്ഞെടുപ്പ് കമ്മിഷനും ഇഡിയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമെല്ലാം ഭരണക്കാരുടെ ആജ്ഞാനുവര്‍ത്തികളായി. ഭരണാധികാരികളുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളായി കണ്ട് നേരിടുന്നതിനുള്ള ഉപകരണവുമാക്കി. ജനങ്ങളുടെ അവസാനാശ്രയം മാധ്യമങ്ങളാണ്. ഇന്ത്യയില്‍ മാധ്യമ ഇന്‍ഡക്സ് വളരെ പിന്നിലാണത്രെ.
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദിവസേന അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷമായി നിശബ്ദമാണ്. ആ മൗനമാണത്രെ റാണയെ ഭയപ്പെടുത്തുന്നത്. മന്‍മോഹന്‍സിംഗിന്റെ കാലത്ത് മാധ്യമങ്ങളല്ല അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതെന്ന കാര്യം റാണ മനഃപൂര്‍വ്വം മറച്ചുവച്ചു. സിഎജി പരിശോധനയിലാണ് ഓരോ കഥയും പുറത്തുവന്നത്. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നുമാത്രം. ഈ എട്ടുവര്‍ഷം ഒരു അഴിമതിക്കഥയെങ്കിലും കാണാനായോ? കേള്‍ക്കാന്‍ കഴിഞ്ഞോ? മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കണമെന്നാണോ? എട്ടുവര്‍ഷമായി സിഎജിക്കാരെല്ലാം മോദിയുടെ ഭക്തരാണെന്നാണോ തട്ടിവിടുന്നത്?
സിബിഐയോടും ഇഡിയോടും റാണയ്ക്കുള്ള ശത്രുത മനസ്സിലാക്കാം. തെരഞ്ഞെടുപ്പ് കമ്മിഷനെയും ആ ഗണത്തില്പ്പെടുത്തണോ റാണേ, റാണ അയൂബ് ഇപ്പോള്‍ കേസുകളില്പ്പെട്ടുഴലുകയാണ്. അതൊന്നും കള്ളക്കേസുമല്ല. എല്ലാം സര്‍പ്പംപോലുള്ള സത്യങ്ങളടങ്ങിയ കേസുകളല്ലെ. പണം തട്ടിപ്പ് മാത്രമല്ല, ബോധപൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെ നിരവധി കേസുകള്‍ മാധ്യമ പ്രവര്‍ത്തക എന്ന് അവകാശപ്പെടുന്ന റാണയുടെ പേരിലുണ്ട്.
കൊവിഡിനും പ്രളയദുരിതബാധിതര്ക്കുമുള്ള ഫണ്ട് ദുരുപയോഗം ചെയ്തതിന് വഞ്ചനാ കുറ്റത്തിനും ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ മുസ്ലിം വൃദ്ധനെ ആക്രമിച്ചുവെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കുറ്റത്തിനും അവര്‍ക്കെതിരെ കേസെടുത്തിരുന്നു. നബി വിരുദ്ധ പ്രസ്താവന നടത്തി എന്നു പറഞ്ഞ് നൂപുര്‍ ശര്‍മ്മയെ ഇസ്ലാമിസ്റ്റുകളുടെ വേട്ടയ്ക്കിട്ടു കൊടുത്തതിനു പിന്നില്‍ ആസൂത്രിതനീക്കം ഉണ്ടെന്നും തുടക്കമിട്ടത് റാണാ അയൂബാണെന്നും ആരോപണം ഉണ്ടായിരുന്നു. ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റായ കെറ്റോ.കോം വഴി സഹായമഭ്യര്‍ത്ഥിച്ച ശേഷം പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്തു എന്ന കേസില്‍ റാണാ അയൂബില്‍നിന്നും ഇഡി 1.77 കോടി രൂപ കണ്ടുകെട്ടിയിരുന്നു.
കെറ്റോ.കോം എന്ന ധനസമാഹരണ വെബ്സൈറ്റ് വഴി ലഭിച്ച ഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് കേസ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതി വഴി റാണാ അയൂബ് സംഭാവന നല്‍കിയവരെ വഞ്ചിച്ചു. റാണാ അയൂബ് ‘കെറ്റോ.കോം’ വഴി 2,69,44,680 രൂപ പിരിച്ചെടുത്തു. ഈ തുക അവരുടെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതില്‍ 72,01,786 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി. പിതാവ് മൊഹമ്മദ് അയൂബ് വക്വുയ്ഫിന്റെ അക്കൗണ്ടിലേക്ക് 1,60,27,822 രൂപയും സഹോദരി ഇഫത് ഷെയ്ഖിന്റെ അക്കൗണ്ടിലേക്ക് 37,15,072 രൂപയും മാറ്റിയിരുന്നു. സഹോദരിയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ പണം പിന്നീട് റാണാ അയൂബ് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചു-ഇഡി രേഖകള്‍ പറയുന്നു.
റാണാ അയൂബ് 31,16,770 രൂപയുടെ ചെലവാണ് രേഖകള്‍ സഹിതം കാണിച്ചത്. എന്നാല്‍ ഇത് പരിശോധിച്ചപ്പോള്‍ ശരിക്കും ചെലവായ തുക 17,66,970 മാത്രമാണെന്നും കണ്ടെത്തി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചില സംഘടനകളുടെ പേരില്‍ ചെലവ് ചെയ്തതായി കാണിച്ച് റാണാ അയൂബ് ഏതാനും വ്യാജബില്ലുകളും ഹാജരാക്കിയിരുന്നു. സ്വകാര്യാവശ്യത്തിന് വിമാനത്തില്‍ യാത്ര ചെയ്തത് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ചെലവാക്കിയ തുകയായി എഴുതിത്തള്ളിയിരുന്നു. ഇതും ഇഡി രേഖകള്‍ പറയുന്നതാണ്.
കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് പണം കണ്ടെത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ 50 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയതായും കണ്ടെത്തി. അന്വേഷണത്തില്‍ ഇവരില്‍ നിന്നും 1,77,27,704 രൂപ കണ്ടെടുക്കേണ്ടതായും 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേ പലിശ ഈടാക്കേണ്ടതായും കണ്ടെത്തി. ഇഡിയ്ക്കും സിബിഐയ്ക്കുമെതിരെ കുരച്ചുചാടിയതുകൊണ്ടൊന്നും കാര്യമില്ല. ഉപ്പുതിന്നെങ്കില്‍ വെള്ളം കുടിച്ചേപറ്റൂ.
നുണ, പെരുംനുണ വിളമ്പുന്ന കാര്യത്തില്‍ റാണയെ കടത്തിവെട്ടുകയാണ് ജിമിക്കിക്കമ്മല് ചിന്താ ജെറോം. പിഎച്ച്ഡി വിവാദവും ശമ്പളക്കുടിശിക വിവാദവും ഉയര്‍ന്നിട്ട് ആഴ്ച പിന്നിട്ടു. ഇന്നലെ അവര്‍ വാ തുറന്നു. ഇടുക്കിയില്‍ ചെന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. നേരിന്റെ പക്ഷത്ത് നില്‍ക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് തിരിച്ചറിഞ്ഞ ചിന്ത ആ മാര്‍ഗം ഉപേക്ഷിച്ചിരിക്കുകയാണ്. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വെട്ടി വൈലോപ്പള്ളിയുടെ കോലായിലെത്തിച്ച ചിന്ത പറയുന്നു, അതൊരു നോട്ടപ്പിശകാണെന്ന്. ശമ്പള കുടിശിക കിട്ടിയാല്‍ പാര്‍ട്ടി രീതിയനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ വാര്‍ത്താസമ്മേളനത്തില്‍ അതും നോട്ടപിശകാക്കി മാറ്റി. ‘എന്റെമ്മയുടെ ജിമിക്കി കമ്മല്‍ എന്റെപ്പന് കട്ടോട്ട് പോയി’ എന്നല്ലാതെ ഇവിടെ എല്ലാ പുരുഷന്മാരും ജിമിക്കി അടിച്ചോണ്ടുപോകുന്നവരാണെന്ന് ചിന്തക്കഭിപ്രായമില്ല. സെല്‍ഫിയുടെ കാലഘട്ടവും സ്വാര്‍ത്ഥതയുടെ കാലട്ടവും നിസ്സംഗതയുടെ കാലഘട്ടവും നിശബ്ദമാവുന്ന യൗവനകാലഘട്ടവും കടന്ന് നോട്ടപ്പിശകിന്റെ കാലഘട്ടത്തിലൂടെ ചിന്ത മുന്നേറുകയാണ്. മുന്നേറട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: