കേരളത്തിലെ ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള പതിനെട്ട് മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വലയിലാണെന്ന വാര്‍ത്ത വലിയ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉറങ്ങുന്നവരെ മാത്രമല്ല, ഉറക്കം നടിക്കുന്നവരെയും ഉണര്‍ത്താന്‍ പോന്നതാണ് ഈ വെളിപ്പെടുത്തല്‍. സംശയത്തിന്റെ കരിനിഴലിലായിരിക്കുന്ന ഈ മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ കൊച്ചിയിലെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചിലര്‍ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലുമാണ്. ഇവര്‍ ആരൊക്കെയെന്നോ ഏത് മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നോ, മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഇവര്‍ എന്തൊക്കെയാണ് ചെയ്തിരുന്നതെന്നോ വ്യക്തമല്ലെങ്കിലും പലരും പരക്കംപാച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഈയിടെ നിരോധിക്കപ്പെട്ട ഒരു ഭീകരസംഘടനയുമായി ബന്ധം സ്ഥാപിച്ചു, അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒത്താശ ചെയ്തു എന്നൊക്കെയുള്ള സംശയങ്ങളാണ് അന്വേഷണ ഏജന്‍സിക്കുള്ളത്. അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് മാധ്യമപ്രവര്‍ത്തകരിലേക്ക് നീളുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിസ്സഹകരിച്ചെങ്കിലും തെളിവുകള്‍ കാണിച്ചതോടെ ഇവര്‍ക്ക് ഉത്തരംമുട്ടുകയായിരുന്നുവത്രേ. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തവരെ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് അറിയുന്നത്. ഇതോടെ അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടന്നേക്കാം. ‘ജന്മഭൂമി’യാണ് ഇതുസംബന്ധിച്ച രണ്ട് എക്സ്ക്ലുസീവ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. മറ്റു പത്രങ്ങള്‍ കനത്ത നിശ്ശബ്ദത പാലിക്കുകയാണ്.
എന്‍ഐഎ ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാകുകയും ചെയ്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷ വായനക്കാരില്‍ അനുനിമിഷം വര്‍ധിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുകയും, സ്വന്തം നിലയ്ക്ക് ചിലരുടെ പേരുകള്‍ പറയുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഭീകരസംഘടനയുടെ നേതാക്കളെ വിവരശേഖരണത്തിന്റെ ഭാഗമായി ഫോണില്‍ ബന്ധപ്പെട്ട വിവരം തുറന്നുപറയുന്നവരും ഇക്കൂട്ടരിലുണ്ട്. എന്നെ കണ്ടാല്‍ കിണ്ണംകട്ടവനെന്നു തോന്നുമോ എന്ന മട്ടിലുള്ള പ്രതികരണം ചിലര്‍ നടത്തുകയുണ്ടായി. ഇതിനപ്പുറം മാധ്യമപ്രവര്‍ത്തനത്തിന്റെ മറ ഉപയോഗിച്ച് ആരെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ, അതിന് ഒത്താശ ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ പുറത്തുവരികയുള്ളൂ. അതെന്തായാലും ഇനിയങ്ങോട്ട് ഈ വാര്‍ത്തകള്‍ ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കും എന്നുറപ്പാണ്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ ഭീകരവാദ സംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ മാത്രമല്ല, അവരുടെ കുഴലൂത്തുകാരുമാണെന്ന ധാരണ പൊതുവെയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അരുംകൊല ചെയ്ത ആര്‍എസ്എസ് പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചതാണെന്ന വാര്‍ത്ത കൊടുക്കുന്നവര്‍ ഇത്തരക്കാരാണല്ലോ. ഈ സംഘടനയുടെ നേതാക്കള്‍ ജയിലിലായപ്പോള്‍ സ്ലീപ്പിങ് സെല്ലുകളില്പ്പെടുന്ന തങ്ങളുടെ വിവരവും വിളിച്ചുപറയുമെന്ന് ചിലര്‍ ആശങ്കപ്പെട്ടതാണ്. എന്നാല്‍ അതുണ്ടായില്ല. ഇക്കൂട്ടരെ ഇനിയും ആവശ്യമുണ്ടെന്ന് കരുതി ജിഹാദികള്‍ മൗനം പാലിച്ചതാവാം.
ഭീകരവാദികളുടെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചമയുന്നവരും ഭീകരതയുടെ ഭാഗമായി ഉണ്ടെന്ന വിവരം പുതിയതല്ല. മാധ്യമങ്ങളുടെ നടത്തിപ്പുകാരായും ഇവരെ കാണാം. സ്വന്തം മാധ്യമങ്ങളിലും മറ്റുള്ളവയിലും ജിഹാദി അജണ്ട വിദഗ്ദ്ധമായി നടപ്പിലാക്കാനും ഇവര്‍ക്കു കഴിയുന്നു. സ്കൂള്‍ കലോത്സവത്തില്‍ സസ്യ ഭക്ഷണത്തെച്ചൊല്ലിയും, നാടകത്തില്‍ കഥാപാത്രമായി ഭീകരന് പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും കുത്തിപ്പൊക്കിയ വിവാദം ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഏറ്റെടുത്തത് ജനങ്ങള്‍ കണ്ടു. ഹാഥ്റസില്‍ കലാപമുണ്ടാക്കാന്‍ പോയി യുപി പോലീസിന്റെ പിടിയിലായ സിദ്ദിഖ് കാപ്പന് ഇപ്പോഴും ജയിലിലാണല്ലോ. പോപ്പുലര്‍ ഫ്രണ്ട് ഭീകരനായ കാപ്പനുവേണ്ടി രംഗത്തിറങ്ങിയത് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. ഇതിനൊക്കെയപ്പുറം ആഗോള ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിലേക്കും സിറിയയിലേക്കും കടന്ന് പോരാടുന്ന ഭീകരരുമായിപ്പോലും മലയാളികളായ ചില മാധ്യമപ്രവര്‍ത്തകര്‍ ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്ന വിവരം നടുക്കമുണ്ടാക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ധൈര്യമാണ് ഇവര്‍ക്കുള്ളത്. ഇതിനെക്കുറിച്ച് അന്വേഷിക്കുകയോ കേസെടുക്കുകയോ ചെയ്താല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ, മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തല്‍ എന്നൊക്കെ ബഹളം വയ്ക്കാന്‍ തുടങ്ങും. ഇതൊന്നും ചെവിക്കൊള്ളാതെ ശക്തമായ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു. ക്രിമിനല്‍ കേസുണ്ടായാല്‍ വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ഈയിടെ ദല്‍ഹി ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ശ്രദ്ധേയമാണ്. മാധ്യമങ്ങളുടെ മറവിലായാലും ഭീകരത ഭീകരത തന്നെയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: