മുംബൈ:വിപണിയില്‍ നിന്നും 20,000 കോടി രൂപ സമാഹരിക്കാന്‍ വേണ്ടി അദാനി എന്‍റര്‍പ്രൈസസ് നടത്തിയ അനുബന്ധ ഓഹരി വില്‍പന (എഫ് പിഒ) സമ്പൂര്‍ണ്ണ വിജയത്തിലേക്ക്. ഇതോടെ ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് ചീറ്റിപ്പോയി. അനുബന്ധ ഓഹരി വില്‍പനയുടെ തൊട്ടു മുന്‍പ് അദാനിയ്‌ക്കെതിരെ ആരോപണങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക എഫ് പിഒ അട്ടിമറിക്കാമെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ജനവരി 27ന് ആരംഭിച്ച എഫ് പിഒയുടെ അവസാന ദിനമായ ജനവരി 31 ചൊവ്വാഴ്ച മുഴുവന്‍ ഓഹരികളും വാങ്ങാന്‍ സ്ഥാപനങ്ങളും വ്യക്തികളും എത്തി.
ആങ്കര്‍ നിക്ഷേപകര്‍ക്ക് നീക്കിവെച്ച 6000 കോടി വിലയുള്ള ഓഹരികള്‍ മുഴുവന്‍ വിറ്റുപോയിരുന്നു. ഇതില്‍ മുഖ്യ ആങ്കര്‍ നിക്ഷേപകരായ അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളര്‍ കൂടി ഇതിനായി ജനവരി 30ന് വീണ്ടും നിക്ഷേപിക്കാന്‍ തയ്യാറായത് അദാനിയ്‌ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നു. “അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ അടിസ്ഥാനമൂല്യങ്ങളിലുള്ള ആത്മവിശ്വാസമാണ് ഞങ്ങളുടെ അദാനി ഗ്രൂപ്പിലുള്ള താല്‍പര്യത്തെ നയിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ ശക്തമായ സാധ്യത ഞങ്ങള്‍ കാണുന്നു,” – ഇതായിരുന്നു 40 കോടി ഡോളര്‍ കൂടി എഫ് പിഒയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ച ശേഷം ഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് പറഞ്ഞത്.
അദാനി എന്‍റര്‍പ്രൈസസിന്റെ മൊത്തം 4.55 കോടി ഓഹരികളാണ് വില്‍ക്കാന്‍ നീക്കിവെച്ചിരുന്നതെങ്കില്‍ ഏകദേശം 5.08 കോടി ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടായി. അതായത് 100 ശതമാനത്തിന് പകരം 112 ശതമാനമാണ് ഓഹരികള്‍ വാങ്ങാനുള്ള ആവശ്യമുയര്‍ന്നത്.
ക്യു ഐബി എന്നറിയപ്പെടുന്ന ഓഹരി വിപണിയിലെ കാര്യങ്ങള്‍ പരിശോധിച്ച് ഓഹരികളില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ള, സാമ്പത്തിക അടിത്തറയുള്ള കമ്പനികള്‍ക്ക് നീക്കിവെച്ച ഓഹരികള്‍ വാങ്ങാനും കൂടുതല്‍ ആവശ്യക്കാരുണ്ടായി. 1.28 കോടി ഓഹരികളാണ് ക്യുഐബികള്‍ക്ക് വാങ്ങാന്‍ നീക്കിവെച്ചിരുന്നതെങ്കില്‍ 1.61 കോടി ഓഹരികള്‍ വാങ്ങാന്‍ ക്യുഐബികള്‍ തയ്യാറായിരുന്നു.
ആകെ റീട്ടെയ്ല്‍ നിക്ഷേപകരുടെ കാര്യത്തില്‍ മാത്രമാണ് തണുത്ത പ്രതികരണം ഉണ്ടായത്. സാധാരണ നിക്ഷേപകര്‍ക്ക് നീക്കിവെച്ച ആകെ ഓഹരികളില്‍ 12 ശതമാനം ഓഹരികള്‍ മാത്രമാണ് വാങ്ങപ്പെട്ടത്. പക്ഷെ ഇത് ആകെ വില്‍പനയ്‌ക്ക് വെച്ച ഓഹരികളില്‍ തുച്ഛമായ ശതമാനം മാത്രമായതിനാല്‍ എഫ് പിഒ വിജയിക്കാന്‍ തടസ്സമാകില്ല.
നോണ്‍-ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സിന്(എന്‍ഐഐ) നീക്കിവെച്ച ഓഹരികളിലും വാങ്ങാന്‍ അഭൂതപൂര്‍വ്വമായ ആവേശമാണ് പ്രകടമായത്. ആകെ വില്‍പനയ്‌ക്ക് 96 ലക്ഷം ഓഹരികളാണ് ഉണ്ടായിരുന്നതെങ്കില്‍ 3.19 കോടി ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടായി.
അദാനി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഒരു പങ്ക് ഓഹരികള്‍ നീക്കിവെച്ചിരുന്നു. ഇതിലെ 55 ശതമാനം വിറ്റുപോയി.
എഫ് പിഒയുടെ ആദ്യ ദിവസമായ ജനവരി 27ന് വെറും ഒരു ശതമാനം ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. അതോടെ വിപണിയിലാകെ ആശങ്ക പരന്നിരുന്നു. എന്നാല്‍ എഫ് പിഒ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദാനി പ്രഖ്യാപിക്കുകയായിരുന്നു. അതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിന് മറുപടിയായി 413 പേജുള്ള റിപ്പോര്‍ട്ട് അദാനി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതില്‍ ഇന്ത്യയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റേതെന്ന് അദാനി ആരോപിച്ചിരുന്നു.പിന്നീട് ജനവരി 30ന് 4 ശതമാനം ഓഹരികള്‍ മാത്രമാണ് എഫ് പിഒയില്‍ വിറ്റുപോയത്. എന്നാല്‍ ജനവരി 31ന് എഫ് പിഒയുടെ അവസാന ദിനത്തില്‍ അദാനി വിചാരിച്ചതുപോലെ നടന്നു. മുഴുവന്‍ ഓഹരികളും വാങ്ങാന്‍ ആവശ്യക്കാരുണ്ടായി. തല്‍ക്കാലം ഇത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനുള്ള തിരിച്ചടിയായി മാറി.
അദാനി ഓഹരികളുടെ വില 85ശതമാനത്തോളം പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്നും നിക്ഷേപത്തിന് നികുതിയില്ലാത്ത രാജ്യങ്ങളിലെ കടലാസുകമ്പനികളെ ഉപയോഗിച്ചെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ മറ്റൊരു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: