ഐസിസിയുടെ പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യന്‍ കിരീട ധാരണം പുതിയൊരു സ്ത്രീ മുന്നേറ്റത്തിന് നാന്ദി കുറിച്ചു. ഭാരതം അടുത്തകാലത്ത് സാക്ഷ്യം വഹിക്കുന്ന വനിതാ ശാക്തീകരണ നടപടികളില്‍ കളിക്കളവും പങ്കാളിയാവുകയാണ്.
ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഭാരത വനിതകള്‍ കിരീടം സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ രാജ്യത്തിന്റെ ആദ്യ ലോക കിരീടം കൂടിയാണിത്. ബോക്സിങ്ങിലും ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യക്ക് വനിതാ വിഭാഗത്തില്‍ ലോക ചാമ്പ്യന്മാരുണ്ടായിട്ടുണ്ടെങ്കിലും ടീം ഇനത്തില്‍ നാളിതുവരെ കിട്ടാതിരുന്ന ലോക ചാമ്പ്യന്‍പട്ടമാണ് ഷെഫാലി വര്‍മയും കൂട്ടരും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. സീനിയര്‍ വിഭാഗം വനിതകള്‍ മുന്‍പ് ഏകദിന ലോകകപ്പില്‍ രണ്ട് തവണയും ടി 20യില്‍ ഒരു തവണയും ഫൈനലില്‍ കളിച്ചിട്ടുണ്ടെങ്കിലും ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2005, 2017 ഏകദിന ലോകകപ്പുകളിലും 2020 ട്വന്റി20 ലോകകപ്പിലുമാണ് ഇന്ത്യന്‍ വനിതാ സീനിയര്‍ ടീം ഫൈനലിലെത്തിയിരുന്നത്. അവര്‍ക്ക് സാധിക്കാത്ത അസുലഭ നേട്ടമാണ് അണ്ടര്‍ 19 വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. പുരുഷ ക്രിക്കറ്റ് ടീമും അണ്ടര്‍ 19 പുരുഷ ടീമും അണ്ടര്‍ 15 ടീമുമാണ് ഇതിന് മുന്‍പ് മൂന്നു തവണ ഇന്ത്യയിലേക്ക് ലോക കിരീടം കൊണ്ടുവന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ പത്താം ലോകകിരീടം കൂടിയാണിത്. അതില്‍ ഒന്‍പതും സ്വന്തമാക്കിയത് പുരുഷന്മാര്.
സമീപകാലത്ത് ഇന്ത്യ ലോക കായികരംത്ത് മികച്ച പ്രകടനം നടത്തിവരുന്നുണ്ട്. പല മികച്ച നേട്ടങ്ങളും രാജ്യത്തെ കായികതാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി വേണം അണ്ടര്‍ 19 വിഭാഗത്തിലെ ഈ വനിതാ കിരീടനേട്ടത്തെയും കാണാന്‍. സീനിയര്‍ ടീം അംഗങ്ങളായ ഷെഫാലി വര്‍മയും റിച്ച ഘോഷും അണിനിരന്ന ഇന്ത്യന്‍ സംഘത്തില്‍ ഇരുവരെയും മറികടക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ കുതിപ്പിന് കരുത്തേകിയത് ശ്വേത സെഹ്രാവത് എന്ന പതിനെട്ടുകാരിയാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഏറ്റവും കൂടുതല്‍ ഫിഫ്റ്റി അടിച്ചതും ഏറ്റവും കൂടുതല്‍ തവണ ബൗണ്ടറിയിലേക്ക് പന്ത് പായിച്ചതും ശ്വേത തന്നെയാണ്. 74 രാജ്യാന്തര മത്സരങ്ങളുടെ പരിചയമുള്ള ഷെഫാലിയേയും 47 മത്സരങ്ങള്‍ കളിച്ച റിച്ചയേയും തന്റെ നിഴലിലാക്കുന്ന പ്രകടനവുമായി ഈ യുവതാരം കളംനിറഞ്ഞപ്പോള്‍ അത് രാജ്യത്തിന് എക്കാലത്തും ഓര്‍ത്തിരിക്കാവുന്ന ചരിത്രവിജയവും കിരീടധാരണവുമായി.
ടീം മികവിനൊപ്പം ഒരു സംഘം താരങ്ങളുടെ അസാമാന്യമായ വ്യക്തിഗത പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. മിക്ക മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായത് ഓപ്പണര്‍ ശ്വേത സെറാവത് തന്നെയാണ്. 297 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ ശ്വേത 3 മത്സരങ്ങളില്‍ അര്‍ധ സെഞ്ചറി നേടി. 99 റണ്‍സാണ് ടൂര്‍ണമെന്റില്‍ ബാറ്റിങ് ശരാശരി. ക്യാപ്റ്റനും ഇന്ത്യന്‍ സീനിയര്‍ ടീം അംഗവുമായ ഷെഫാലി വര്‍മ 172 റണ്‍സുമായി ടോപ് സ്കോറര്‍ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്. വിക്കറ്റ് വേട്ടയില്‍ ഇന്ത്യയുടെ പര്‍ഷവി ചോപ്ര 11 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ജുലന് ഗോസ്വാമിക്ക് ശേഷം മികച്ചൊരു പേസ് ബൗളറെ തേടുന്ന ഇന്ത്യയുടെ പുതിയ കണ്ടെത്തലാണ് ടൈറ്റസ് സാധു. ഫൈനലില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയ ഒരേയൊരു പേസര്‍ സാധുവാണ്. 4 ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത പ്രകടനത്തിലൂടെ ബംഗാളില്‍ നിന്നുള്ള ഈ പതിനെട്ടുകാരി ഫൈനലിലെ പ്ലെയര്‍ ഓഫ് ദ് മാച്ചാവുകയും ചെയ്തു.
ഇന്ത്യന്‍ യുവനിരയുടെ ഈ വിജയം അടുത്തമാസം ഇതേ വേദിയില്‍ നടക്കുന്ന വനിതാ സീനിയര്‍ ട്വന്റി20 ലോകകപ്പ്, ഒക്ടോബറില്‍ നാട്ടില്‍ നടക്കുന്ന ഏകദിന പുരുഷ ലോകകപ്പ് എന്നീ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വന്‍ ഉത്തേജനമാകുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല, ഷെഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള അണ്ടര്‍ 19 ടീം പൊരുതി നേടിയ വിജയം കിരീട നഷ്ടങ്ങളുടെ മോഹഭംഗങ്ങളേറെയുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് ഊര്‍ജമേകുന്ന കാര്യവും ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: