ന്യൂദല്‍ഹി: തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗിനെതിരായ 413 പേജുള്ള വിശദമായ മറുപടിയില്‍ അദാനി ഗ്രൂപ്പ്. മറുപടി നല്കുമ്പോഴേക്കും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മൂലം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ ഓഹരിമൂല്യം 5100 കോടി ഡോളര്‍ ഇടിഞ്ഞുകഴിഞ്ഞു.
ഷോര്‍ട്ട് സെല്ലേഴ്സ് സാമ്പത്തിക നേട്ടത്തിനായി നിയമത്തിന്റെ പഴുതുപയോഗിച്ച് നടത്തുന്ന സെക്യൂരിറ്റീസ് തട്ടിപ്പ് മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ചെയ്തതെന്നും അദാനി ഗ്രൂപ്പ് മറപുടിയില് പറയുന്നു. ഓഹരി ഉടമകളുടെ താല്പര്യം സംരക്ഷിക്കാനുള്ള പരിഹാരം തേടി എല്ലാ അധികൃതരുടെയും മുന്പില് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. 88 ചോദ്യങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരുന്നത്. ഇതില്‍ 65 ചോദ്യങ്ങളുടേയും മറുപടി വളരെ കൃത്യമായി അദാനി പോര്‍ട്ട്ഫോളിയോ കമ്പനികള്‍ വെബ്സൈറ്റുകളില്‍ നേരിട്ട് തന്നെ നല്‍കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് മറുപടിയില്‍ പറയുന്നു. അവശേഷിക്കുന്ന 23 ചോദ്യങ്ങളില്‍ 18 ചോദ്യങ്ങള്‍ അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവയല്ല. അതെല്ലാം പൊതു ഓഹരി ഉടമകളുമായും മൂന്നാം കക്ഷികളുമായും ബന്ധപ്പെട്ടിരിക്കുന്നവയാണ്. ബാക്കിയുള്ള അഞ്ച് ചോദ്യങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമായ ആരോപണങ്ങളാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിലെ പിഴവുകളും പരസ്പരവൈരുദ്ധ്യവുമെല്ലാം ഒന്നുകില്‍ മനപൂര്‍വമായി സംഭവിച്ചതോ അല്ലെങ്കില്‍ പൂര്‍ണമായ അജ്ഞതയില്‍ നിന്നുണ്ടായതോ ആണ്. ഇന്ത്യന്‍ നിയമവും അക്കൗണ്ടിംഗ് തത്വങ്ങളും അവഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: