വേണു വി.ദേശം
മലയാളത്തിലെ ഗ്രാഫിക് നോവലിന്റെ ആദ്യ പ്രയോക്താവ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ വിഖ്യാതനായ അരവിന്ദന്റെ എണ്‍പത്തിയെട്ടാം ജന്മദിനമാണല്ലോ കടന്നുപോയത്. അദ്ദേഹത്തെക്കുറിച്ച് പല ഓര്‍മകളും അന്തരംഗത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇടക്കിടെ അവ പാളി കടന്നുപോകുന്നു.
ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഗ്രാഫിക് നോവലില്‍ ശ്രദ്ധ പതിയുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന താളുകളില്‍ വന്നുകൊണ്ടിരുന്ന (1961 മുതല്‍ 74 വരെ) ആ വരയും വരികളും ആ കാലഘട്ടത്തിലെ കേരളത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവും ആയ അവസ്ഥയുടെ നേര്‍ച്ചിത്രമായിരുന്നു. 1961 മുതല്‍ വന്ന എല്ലാ ലക്കങ്ങളും ശേഖരിച്ചിവച്ചിരുന്ന ഒരാളുടെ വീട്ടില്‍നിന്നും തുടക്കം മുതല്‍ വായിക്കുവാന്‍ എനിക്ക് സാധിച്ചുവെന്നത് വലിയ സൗഭാഗ്യമായി. അതോടെ ഞാന്‍ അരവിന്ദന്റെ ആരാധകനായി.
ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ‘ഉത്തരായണം’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായി അരവിന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. അത് ചലച്ചിത്രകലയ്‌ക്ക് മലയാളത്തില്‍ ഒരു ദിശാവ്യതിയാനം നല്‍കി. ഒരു തലമുറ മുഴുവനും പുതിയ പ്രത്യാശയോടെ അരവിന്ദനെ പിന്‍തുടരുവാന്‍ സന്നദ്ധരായി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതായിരുന്നു ഉത്തരായണത്തിലെ ചില അടിയൊഴുക്കുകള്‍. അത് ആ വര്‍ഷത്തെ ദേശീയോല്‍ഗ്രഥനത്തിനുള്ള പ്രത്യേക അവാര്‍ഡ് കേന്ദ്രത്തില്‍നിന്നും സ്വീകരിച്ചു.
ആദ്യത്തെ വിഷയവുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു അടുത്ത ചിത്രം കാഞ്ചനസീത. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രഖ്യാതമായ നാടകത്തിനു നല്‍കിയ ചലച്ചിത്രരൂപം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന തമ്പും എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്നാല്‍ ചിദംബരം, ഒരിടത്ത് എന്നീ ചിത്രങ്ങളില്‍ എനിക്ക് അരവിന്ദനെ കാണാന്‍ കഴിഞ്ഞില്ല. രാജന്‍ കാക്കനാടനെ നായകനാക്കിയ എസ്തപ്പാനാണ് പിന്നീട് വന്നത്. പിന്നീട് അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘വാസ്തുഹാര’ ആ മഹാപ്രതിഭയുടെ ഹംസഗാനമായി പരിണമിച്ചു. ഉദാത്തമായിരുന്നു ആ കലാസൃഷ്ടി. അരവിന്ദന്‍ മരണമടഞ്ഞ ദിവസം ബംഗാള്‍ ഗവണ്‍മെന്റ് അദ്ദേഹത്തോടുള്ള ആദരസൂചകമായി പകുതി ദിവസം അവധി പ്രഖ്യാപിക്കുകയുണ്ടായി.
1999 ലായിരിക്കണം ‘അവനവന്‍ കടമ്പ’ എന്ന കാവാലത്തിന്റെ നാടകം അരവിന്ദന്‍ സംവിധാനം ചെയ്യുന്നത്. അത് വലിയ വിജയമായി. മുന്‍പ് സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ കലി എന്ന നാടകം അരവിന്ദന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
എന്റെ സുഹൃത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് നായകനായ ‘പോക്കുവെയിലി’ന്റെ ആദ്യ പ്രദര്‍ശനത്തിന് ബാലചന്ദ്രനും വിജയലക്ഷ്മിയും ഞാനും മറ്റു രണ്ടു സുഹൃത്തുക്കളും കൂടി തിരുവനന്തപുരത്തിനു പോയി. അന്നാദ്യമായാണ് അരവിന്ദനെ നേരില്‍ കണ്ടത്. രബീന്ദ്ര സംഗീതം നാലുവരി താഴ്ന്ന സ്വരത്തില്‍ അദ്ദേഹം പാടി. പോക്കുവെയിലിലാണ് ഹിന്ദുസ്ഥാനി സംഗീതം തനിമയോടെ മലയാള ചലച്ചിത്രത്തില്‍ ആദ്യമായവതരിപ്പിക്കപ്പെട്ടത്. മുന്‍പ് ഗസല്‍ ഛായയുള്ള ചില ഗാനങ്ങള്‍ മാത്രമേ മലയാളത്തില്‍ വന്നിരുന്നുള്ളൂ. കുമ്മാട്ടി, മാറാട്ടം എന്നീ ചലച്ചിത്രങ്ങളിലൂടെയും പുതിയ വഴികള്‍ അരവിന്ദന്‍ തേടിയിരുന്നു.
അരവിന്ദന്റെ മരണം വലിയ ആഘാതമാണ് ആസ്വാദകരിലുളവാക്കിയത്. ആ സങ്കടം തീരുന്നില്ല. ധ്യാനപരവും ഇന്ദ്രിയാതീതവുമായ സൗന്ദര്യവീചികള്‍ സംക്രമിപ്പിക്കുന്നതായിരുന്നു ആ കല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: