ന്യൂദല്‍ഹി : വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത് വിമാനങ്ങളുടെ ചിറകുകള് തമ്മില്‍ കൂട്ടി മുട്ടിയതിനാലെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ മൊറേനയില്‍ പരിശീലന പറക്കലിനിടെയാണ് വ്യോമസേനാ വിമാനങ്ങള്‍ ശനിയാഴ്ച അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ പൈലറ്റ് മരണമടഞ്ഞു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
വ്യോമ സേനയുടെ ടിഎസിഡിഎ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യുദ്ധതന്ത്ര പരിശീലനത്തിന് എത്തുന്ന കേന്ദ്രമാണിത്. പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ വിമാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. തുടര്‍ന്നാണ് വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്. സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്.
സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലായിരുന്നു. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ളൈറ്റ് ഡേറ്റാ റെക്കോര്‍ഡുകളുടെ പരിശോധനയില്‍ നിന്നും ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: