തിരുവനന്തപുരം: പല രീതികളില്‍ ചിന്താ ജെറോമിനെതിരെ പരാതികള്‍ ഏറുകയാണ്. ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതികള്‍ നല്‍കാനൊരുങ്ങുകയാണ് പലരും. വാഴക്കുല ബൈ വൈലോപ്പിളളി എന്നാണ് ചിന്ത ജെറോം ഏഴുതിവെച്ചിരിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തന്നെ അപമാനമായിരിക്കുകയാണ്. കാരണം ജന്മിവ്യവസ്ഥയ്ക്കെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആകെ ബലം പകര്‍ന്ന കൃതിയാണ് വാഴക്കുല. അത് എഴുതിയത് ചങ്ങമ്പുഴയാണ്. അവിടെയാണ് ചിന്താ ജെറോമിനെപ്പോലെ സിപിഎം നേതൃ സര്‍ക്കാരിന്റെ യുവജനകമ്മീഷന് അധ്യക്ഷ സ്ഥാനം വഹിക്കുന്ന ചിന്ത ജെറോം പരമാബദ്ധം എഴുതിയിരിക്കുന്നത്. ഇംഗ്ലീഷില്‍ വൈലോപ്പിള്ളി എന്ന പേരിന്റെ സ്പെല്ലിംഗും തെറ്റിച്ചാണെഴുതിയതെന്ന് പരാതി വേറെയുമുണ്ട്.
അതിനിടെ ഇടത് സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനമായ ചലച്ചിത്ര അക്കാദമിയിലെ ചെയര്മാന് സ്ഥാനം വഹിക്കുന്ന രഞ്ജിത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു. ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം കണക്കിലെടുത്താല്‍ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന് ഇടത് സര്‍ക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയില്‍ പദവി നല്കാന്പാടില്ല. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത പ്രതിയാണ് രഞ്ജിത്ത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നാണ് ചിന്താ ജെറോം ഉച്ചൈസ്തരം പ്രബന്ധത്തില്‍ പ്രഖ്യാപിക്കുന്നത്.
അപ്പോള്‍ ആരാണ് ഈ പിന്തിരിപ്പന് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്മാന് പദവി നല്‍കിയത് എന്ന ചോദ്യവും ഉയരുകയാണ്. നവോത്ഥാനമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ജാതിരഹിത കാഴ്ച്ചപ്പാടില്‍ വെള്ളം ചേര്‍ത്ത രഞ്ജിത്തിനെ എങ്ങിനെ സ്ഥാനത്തിരുത്തി? പഴയ എസ് എഫ് ഐക്കാരന് എന്ന ധിക്കാരമാണ് രഞ്ജിത്ത് തന്റെ സ്ഥാനമാനത്തിനു പിന്നിലെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നത്. എന്തായാലും ചിന്തയുടെ പ്രബന്ധത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ രഞ്ജിത്തിന്റെ കാര്യത്തിലും ഇടതുപക്ഷം തീരുമാനം പറയണം എന്ന ആവശ്യവും ശക്തമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: