കൊച്ചി : സൈബി ജോസ് കിടങ്ങൂര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചുവിളിച്ചു. പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ഈ നടപടി സ്വീകരിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇത്തരത്തില്‍ അസാധാരണ നടപടി കൈക്കൊണ്ടത്.
2022 ഏപ്രില്‍ 29-നായിരുന്നു മുന്‍കൂര്‍ജാമ്യം നല്‍കി കൊണ്ട് കോടതി ഉത്തരവിട്ടത്. പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് കോടതിയ്‌ക്ക് ബോധ്യപ്പെട്ടതോടെയാണ് ഉത്തരവ് ഹൈക്കോടതി തന്നെ റദ്ദാക്കിയത്. ഇതോടെ കേസില്‍ ഇനി പുനര്‍ വിചാരണ ആരംഭിക്കും.
ഹൈക്കോടതി അഭിഭാഷക പ്രസിഡന്റ് കൂടിയായ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ സൈബി ജോസ് കക്ഷികളില്‍ നിന്നു പണം വാങ്ങിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്.
മൂന്നു ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരിലാണ് കക്ഷികളില്‍ നിന്നും വന്‍ തുക ഈടാക്കിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഒരു ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ 50 ലക്ഷവും മറ്റു രണ്ടു പേര്‍ക്കുമായി 22 ലക്ഷവുമായി ആകെ 72 ലക്ഷം രൂപയാണ് സൈബി ജോസ് കക്ഷികളില്‍ നിന്നും വാങ്ങിയത്.
ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍ പണം പിരിക്കുന്നതായി മറ്റൊരു അഭിഭാഷകന്‍ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രി ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാവത്തില്‍ ചീഫ് ജസ്റ്റിസ് പങ്കെടുത്ത ചടങ്ങില്‍ നിന്ന് സൈബിയെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: