Categories: Kerala

‘വാഴക്കുല’ രചിച്ചത് വൈലോപ്പിള്ളി ആണെന്ന് ചിന്താ ജെറോം; ചങ്ങമ്പുഴയെ ഒഴിവാക്കിയുള്ള ഈ അബദ്ധം ചിന്ത ജെറോം വിളമ്പിയത് ഡോക്ടറേറ്റ് പ്രബന്ധത്തില്‍

Published by

തിരുവനന്തപുരം: ജന്മിത്വത്തിനെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെ ഉപയോഗിച്ച   ‘വാഴക്കുല’ എന്ന കവിത  എഴുതിയത് ചങ്ങമ്പുഴയാണെന്ന് ഒരു വിധം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം അറിയാം.  എന്നാല്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരമാബദ്ധം വിളമ്പിയിരിക്കുകയാണ്  യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോം.  തനിക്ക് ഡോക്ടറേറ്റ് നേടിത്തന്ന ഗവേഷണ പ്രബന്ധത്തിലാണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന അബദ്ധം ചിന്താ ജെറോം എഴുതിവെച്ചിരിക്കുന്നത്.  

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ജെറോം ഡോക്ടറേറ്റ് എടുത്തത്. വര്‍ഷങ്ങള്‍ എടുത്ത് തയ്യാറാക്കിയതാണ് പ്രബന്ധം എന്ന് ചിന്ത അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പരമാബദ്ധം ചിന്താ ജെറോമിന്റെയോ, ഗൈഡ് അജയകുമാറിന്റെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഇപ്പോള്‍ ചിന്ത നല്‍കുന്ന വിശദീകരണം. സംവിധായകരായ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകള്‍ ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണെന്ന് വിമര്‍ശിക്കുന്നതിനിടയിലാണ് ചിന്ത വാഴക്കുല എന്ന കവിതയെ പരാമര്‍ശിക്കുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി ( Vazahkkula by Vyloppilly- വൈലോപ്പിള്ളി രചിച്ച വാഴക്കുല) എന്നാണ് ചിന്ത പ്രബന്ധത്തില്‍ എഴുതിയിരിക്കുന്നത്.  

മലയാളത്തിലെ എക്കാലത്തെയും മികച്ച  കവിതയായ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര്‌ ഒരു സിപിഎം നേതാവായ ചിന്താ ജെറോം തെറ്റിച്ചെഴുതിയതിനെ ചെറിയ അബദ്ധമായി കാണാനാവില്ല.  കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളം പകര്‍ന്ന കവിതയാണ് ചങ്ങമ്പുഴയുടെ വാഴക്കുല.  

‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നതായിരുന്നു  ചിന്താജെറോമിന്റെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഡോക്ടറേറ്റ് എടുത്തത്. 2021ലാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.  

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത് വിവാദമായതിന് പിന്നാലെയാണ് ഗവേഷണ പ്രബന്ധത്തിലെ അബദ്ധം പുറത്തുവന്നത്. മുന്‍കാല പ്രാബല്യത്തില്‍ താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്താ ജെറോം അവകാശപ്പെട്ടിരുന്നെങ്കിലും ചിന്ത ജെറോം എഴുതിയ കത്ത് പുറത്തായതോടെ ചിന്തയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു.    

2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമായി എട്ടരലക്ഷത്തോളം രൂപയാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് സര്‍ക്കാര്‍ നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെയാണ് ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക