ന്യൂദല്‍ഹി: ഒആര്‍എസ് ഗുരു ഡോ. ദിലീപ് മഹലനോബിസ്, യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്, എസ്.എം. കൃഷ്ണ, ശ്രീനിവാസ ഭരതന്, ബാല്‍കൃഷ്ണ ദോഷി, സക്കീര്‍ ഹുസൈന് എന്നിവര്‍ക്ക് പദ്മവിഭൂഷണ്. നാല് മലയാളികളടക്കം 91 പേര്‍ക്ക് പദ്മശ്രീ ആദരം. ചരിത്രകാരന് ഡോ.സി.ഐ. ഐസക്, ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ടന് പൊതുവാള്, നെല്‍വിത്തുകളുടെ സംരക്ഷകന്‍ ചെറുവയല്‍ കെ. രാമന്, കളരിഗുരുക്കള്‍ എസ്.ആര്.ഡി. പ്രസാദ് എന്നിവരാണ് പദ്മശ്രീ നേടി കേരളത്തിന്റെ അഭിമാനമായത്.
ഡോ. ദിലീപ് മഹലനോബിസ്, യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്, ബാല്‍കൃഷ്ണ ദോഷി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പദ്മവിഭൂഷണ് നല്‍കുന്നത്. നോവലിസ്റ്റ് എസ്.എല്‍. ഭൈരപ്പ, ഗായിക വാണി ജയറാം, സുധ മൂര്‍ത്തി എന്നിവരുള്‍പ്പെടെ ഒന്‍പത് പേര് പദ്മഭൂഷണും അര്‍ഹരായി. സാഹിത്യ-വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്കാണ് ഡോ. സി.ഐ. ഐസക്കിന് പുരസ്കാരം. ചരിത്രകാരനും ഐസിഎച്ച്ആര്‍ അംഗവുമാണ് കോട്ടയം തെള്ളകം സ്വദേശിയായ ഡോ.സി.ഐ. ഐസക്. ഭാരതീയ വിചാരകേന്ദ്രം മുന്‍ വര്‍ക്കിങ് പ്രസിഡന്റും നിലവില്‍ സംസ്ഥാന സമിതി അംഗവുമാണ്.
സാമൂഹ്യസേവനപ്രവര്ത്തനരംഗത്തെ സംഭാവനയ്ക്കാണ് വി.പി. അപ്പുക്കുട്ടന് പൊതുവാളിന് പുരസ്കാരം. കായിക മേഖലയിലെ സംഭാവനകള്‍ക്ക് എസ്.ആര്.ഡി. പ്രസാദിനും കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് ചെറുവയല്‍ കെ. രാമനും പദ്മശ്രീ ലഭിച്ചു. അപൂര്വ്വനെല് വിത്തിനങ്ങളുടെ സംരക്ഷകനാണ് മാനന്തവാടി കമ്മനയിലെ വനവാസി കര്ഷകന് ചെറുവയല്‍ കെ. രാമന്. മാനന്തവാടിക്കടുത്ത് കമ്മനം ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരാണ് ചെറുവയല്‍ രാമന് എന്ന കര്ഷകന്. 73 കാരനായ രാമന് 56 ഓളം അപൂര്‍വ്വ നെല്‍ വിത്തുകളുടെ സംരക്ഷകനാണ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസംമാത്രമുള്ള രാമന് കാര്‍ഷിക സര്‍വകലാശാലയിലെ സെനറ്റ് അംഗമായിരുന്നിട്ടുണ്ട്.
ഗാന്ധിയനും ഖാദി പ്രചാരകനുമാണ് പയ്യന്നൂര്‍ സ്വദേശിയായ വി.പി. അപ്പുക്കുട്ടന് പൊതുവാള്. നൂറാം വയസ്സിലാണ് വി.പി. അപ്പുക്കുട്ടന് പൊതുവാളിനെ തേടി പദ്മശ്രീ എത്തുന്നത്. 1934 ജനുവരി 12 ന് പയ്യന്നൂരില്‍ ഗാന്ധിജിയെ നേരില്‍ കണ്ടതാണ് പതിനൊന്നാം വയസില്‍ അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചത്. സ്വാതന്ത്ര്യസമര സേനാനി വി.പി. ശ്രീകണ്ഠപ്പൊതുവാളാണ് വഴികാട്ടി. 1930ല്‍ ഉപ്പുസത്യഗ്രഹം നേരിട്ടു കണ്ടു. പിന്നെ സ്വാതന്ത്ര്യസമരത്തോടൊപ്പം കൂടി.
വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്നു. ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. 1957ല്‍ കേളപ്പജി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചപ്പോള്‍ പൊതുവാളും രാഷ്ട്രീയം വിട്ടു, ഗാന്ധിജീവിതം തുടര്‍ന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ ബിരുദം നേടി. ഭഗവദ്ഗീത: ആത്മവികാസത്തിന്റെ ശാസ്ത്രം, ഗാന്ധിയന്‍ ദര്‍ശനത്തിലെ ആത്മീയത എന്നീ പുസ്തകങ്ങള്‍ രചിച്ചു. പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളിന്റെയും വി.പി. സുഭദ്രാമ്മയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: