തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപി നടത്തിയ മാര്‍ച്ചിനു നേരെ ജല പീരങ്കി പ്രയോഗം. പൂജപ്പുരയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് കാവലില്‍ ഡോക്യുമെന്ററി പ്രദര്‍ശനം.
കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം എന്ന പരിപാടിയുടെ മറവിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറിയിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ യോഗം കഴിഞ്ഞ ശേഷം ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തേക്ക് നടത്തിയ മാര്‍ച്ചിനെ ബാരിക്കോഡ് കെട്ടി പോലീസ് തടഞ്ഞു.
ബാരിക്കോഡ് മറികടക്കാന്‍ ശ്രമിക്കവെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. മഹിളാമോര്‍ച്ച നേമം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീലതാ സുരേഷിന് പരിക്കേറ്റു. ആംബുലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് നിലത്ത് കിടന്ന ശ്രീലതാ സുരേഷിനെ ആശുപത്രിയിലേക്ക് യഥാ സമയം മാറ്റാന്‍ പോലീസ് തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ജല പീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ ബാരിക്കോഡ് തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ആംബുലന്‍സ് എത്തിച്ച് ശ്രീലതയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മണിക്കുറോളം പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദവും ജല പീരങ്കി പ്രയോഗവും നടന്നു. ഈ സമയം പുജപ്പുരയില്‍ നിന്നും മുടവന്‍ മുകളിലേക്ക് പോകുന്ന ജംഗ്ഷനില്‍ കനത്ത പോലീസ് കാവലില്‍ സമീപത്ത് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുകയായിരുന്നു. മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: