തിരുവനന്തപുരം: ഭാരതം റഷ്യയെയോ ചൈനയെയോ പോലെ ഭരണകൂടത്തിന്റെ ഇരുമ്പുമറയ്ക്കുള്ളില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ജനതയായി തീരാത്തത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുള്ളതിനാലെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന്. മരണത്തെ വെല്ലുവിളിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയത്. ഇനിയൊരിക്കലും ഭാരതത്തിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സേതുമാധവന് പറഞ്ഞു.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് പടിഞ്ഞാറെകോട്ട മിത്രാനികേതനില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പിച്ചവരുടെയും സഹനസമരത്തിന് പ്രേരണ നല്കിയവരുടെയും സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയെ പോരാടി തോല്‍പ്പിച്ചശേഷം അന്നത്തെ സര്‍സംഘചാലക് ബാലാസാഹെബ് ദേവരസ് പ്രവര്‍ത്തകരോടെ പറഞ്ഞത് മറക്കുക, പൊറുക്കുക എന്നാണ്. ഏതെങ്കിലും ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിര്‍ത്തിയാല്‍ രാഷ്ട്രപുരോഗതിക്ക് അത് തടസമാകുമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും സേതുമാധവന് വ്യക്തമാക്കി.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഭാരതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വിലകല്‍പ്പിക്കാത്ത ഇരുണ്ടകാലഘട്ടമായിരുന്നു അടിയന്തരാവസ്ഥ എന്ന് രാജഗോപാല്‍ പറഞ്ഞു. ഒപ്പം സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ കിടന്ന സംഘടനാ കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന് മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതനായശേഷം ജയില്‍ മന്ത്രിയായി ജയിലില്‍ സന്ദര്‍ശനം നടത്തിയ സംഭവവും അദ്ദേഹം വിവരിച്ചു.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ പ്രസിഡന്റ് എം. ഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. മോഹനന് അടിയന്തരാവസ്ഥയുടെ സാഹചര്യവും സംഘടന രൂപീകരിക്കാനുണ്ടായ സാഹചര്യവും അതിന്റെ പ്രവര്‍ത്തനങ്ങളും വിവരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ ചരിത്രം വിവരിക്കുന്ന ‘ഭീകരത ഭീതി പടര്‍ത്തിയ 21 മാസങ്ങള്‍’ എന്ന പുസ്തകം ബിജെപി മുന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.പി.മുകുന്ദന് സംവിധായകന് യദുകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. പുതുതലമുറയെ അടിയന്തരാവസ്ഥയുടെ ചരിത്രം പഠിപ്പിക്കണമെന്ന് പി.പി. മുകുന്ദന് പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ ലോകസംഘര്‍ഷസമിതിയുടെ സംസ്ഥാന കാര്യദര്‍ശിയായിരുന്ന കെ. രാമന്‍പിള്ള അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശവും കവര്‍ന്നെടുത്തതായിരുന്നു അടിയന്തരാവസ്ഥ. എന്നാല്‍ അടിയന്തരാവസ്ഥയുടെ കറുത്തചരിത്രം ബോധപൂര്‍വം മറയ്ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥയുടെ ഗുണഫലം അനുഭവിച്ചവര്‍ വീണ്ടും അധികാരത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയോട് അന്നത്തെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് രാമന്‍പിള്ള പറഞ്ഞു. കോര്‍പ്പറേഷനിലെ മുതിര്‍ന്ന കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: