ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനപരേഡിന്റെ പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ കര്‍ത്തവ്യപഥില്‍ നടന്നു. രാജ്യത്തിന്റെ കരുത്തും സാംസ്കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാകും ഇത്തവണത്തെയും പരേഡ്. വിവിധ സേനാവിഭാഗങ്ങള്ക്കുപുറമെ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ 180 പേരടങ്ങുന്ന സംഘവും ഇന്നലെ ഡ്രസ് റിഹേഴ്സലില്‍ പങ്കെടുത്തു. സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 17, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ആറും ഉള്‍പ്പെടെ 23 നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു.
കേരളം, ആന്ധ്രാപ്രദേശ്, അസം, ലഡാക്ക്, ഉത്തരാഖണ്ഡ്, ത്രിപുര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടകം, ഹരിയാന, ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു, ഉത്തര്‍പ്രദേശ് എന്നിവയാണ് വിവിധ മന്ത്രാലയങ്ങള്ക്കുപുറമെ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കോവിഡ് കാരണം ഇത്തവണയും പരേഡ് വീക്ഷിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന് എടുത്തവരെ മാത്രമേ സന്ദര്‍ശകരായി അനുവദിക്കൂ. അതിഥികള്‍ തമ്മില്‍ ആറ് അടി അകലം പാലിക്കാനും മാസ്ക് ധരിക്കാനും മറ്റ് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി പോലീസ് പട്രോളിംഗ് ശക്തമാക്കിയതിനു പിന്നാലെ മറ്റുസേനകളെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും അധിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: