കൂറ്റനാട്: ടിപ്പു സുല്‍ത്താന്റെ സൈന്യസങ്കേതം കേന്ദ്രീകരിച്ചിരുന്ന സ്ഥലം കൂറ്റനാട് കണ്ടെത്തി. കേന്ദ്ര-സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോ ആയ ഓറല്ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശാണ് കൂറ്റനാട് – ഗുരുവായൂര്‍ റോഡിനു സമീപം ടിപ്പുവിന്റെ സൈന്യം കേന്ദ്രീകരിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്.
കേന്ദ്ര- സാംസ്കാരിക വകുപ്പിനുവേണ്ടി ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ഗ്രാമങ്ങളുടെ ചരിത്ര സമാഹരണത്തിനായി നടത്തുന്ന ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ടിപ്പുവിന്റെ സൈന്യകേന്ദ്രമാണ് ഇവിടെ കണ്ടെത്തിയത്. ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, ആനപ്പള്ള മതിലിന്റെ അവശിഷ്ടങ്ങള്‍, കൊത്തളങ്ങള്‍, കിടങ്ങുകള്‍ എന്നിവയാണ് കണ്ടെത്തിയത്.
മൂന്നേക്കറോളം വിസ്തൃതിയില്‍ കാട് നിറഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ ആരും പ്രവേശിക്കാറില്ല. കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭൂമിയെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കും അറിവില്ല. സമീപകാലത്ത് കുട്ടികള്‍ കടന്നു കയറി കുറച്ചുഭാഗം ഫുട്ബോള്‍ ഗ്രൗണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ അധീനതയിലാണ് ഈ ഭൂമി.
ആനപ്പള്ളമതിലോടുകൂടിയ ഒരു മഹാക്ഷേത്രം ഇവിടെ സ്ഥിതി ചെയ്തിരുന്നുവെന്നും പടയോട്ടക്കാലത്ത് ക്ഷേത്രം കോട്ടയാക്കി ടിപ്പുവിന്റെ സൈന്യം കേന്ദ്രീകരിച്ചതാണെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.
ആനപ്പള്ളമതിലിന്റെ ചുറ്റിലും കിടങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് കാട് നിറഞ്ഞു കിടക്കുകയാണ്. പരിശോധനയില്‍ ഇവിടെയുണ്ടായിരുന്ന പുരാതന ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പാളികള്‍, ശ്രീകോവില്‍ത്തറ, ക്ഷേത്രത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെത്തി. ഇക്കാര്യം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.
സമാനമായി ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതിന് മലപ്പുറത്തെ പൊന്മുണ്ടം ചിലവില്‍ മഹാദേവ ക്ഷേത്രത്തിലെ ടിപ്പുവിന്റെ കോട്ട കൊത്തളം തിരൂര്‍ ദിനേശ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പൊന്‍ മുണ്ടം ചിലവില്‍ ക്ഷേത്രഭൂമി സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ടിപ്പുവിന്റെ പടയോട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലും ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: