ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റി ഇരുപത്തഞ്ചാം ജന്മദിനം. ഇത്തവണത്തെ ജന്മദിനത്തിന് സ്വാതേ്രന്ത്യാദയത്തിന്റെ വജ്രത്തിളക്കം പശ്ചാത്തലവര്‍ത്തിയായി ഉണ്ടെന്നതും പതിവിലേറെ പ്രാധാന്യം കൈവരുത്തുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ചരിത്ര പ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് മഹാനായ ആ രാജ്യസ്‌നേഹിയുടെ ഛായാപടം അനാച്ഛാദനം ചെയ്തു. അദ്ദേഹത്തോടുള്ള അളവറ്റ സ്‌നേഹവും കടപ്പാടും രാഷ്‌ട്രം വെളിപ്പെടുത്തിയതും ഇതുപോലൊരു ജയന്തിനാളിലായിരുന്നു എന്നതും സ്മരണീയമാകുന്നു.
നേതാജി എന്ന് വിളിക്കപ്പെടുന്നവര്‍ വേറെയും ഇല്ലാതല്ല. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ അനശ്വര പ്രതിഷ്ഠ നേടിയ നേതാജി ഒന്നേയുള്ളൂ, സുഭാഷ് ചന്ദ്രബോസ്. ആ പേരിന്റെ ദേശീയ മൂല്യം തിരിച്ചറിയാന്‍ നാം അല്പം വൈകിയോ എന്ന സംശയം തീര്‍ത്തും അസംഗതമാണെന്ന് പറയാനാവില്ല. എന്നാല്‍ ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. മഹാനായ ആ നേതാവിന്റെ പാവന സ്മരണയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളും വിവാദങ്ങളും ഒരുനിലയ്‌ക്കും സ്വാഗതം ചെയ്യപ്പെടുകയില്ല.
ഭാരതജനത ആ മഹാപുരുഷനെ ഒരു ഇതിഹാസനായകനായി എന്നേ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ദേശീയ സ്വതന്ത്ര്യസമര പ്രസ്ഥാനം മഹാത്മാക്കളായ നിരവധി നേതാക്കള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിധി നിര്‍ണായകമായ നേതൃത്വസിദ്ധിയില്‍ ഗാന്ധിജിയും നേതാജിയും മറ്റുള്ളവരെയൊക്കെ ബഹുദൂരം പിന്തള്ളുന്നു. മോഹന്‍ദാസ് കര്‍മ്മചന്ദ്രന്‍ പാവനമായ രാഷ്‌ട്രീയ ധാര്‍മികതയുടെ നിസ്തൂലനിദര്‍ശനമാണെങ്കില്‍ സുഭാഷ് ചന്ദ്രന്‍ വിപ്ലവ ദാര്‍ശനികതയുടെ കിടയറ്റ പ്രതീകവും പ്രതിനിധിയും ആയിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ അവര്‍ക്ക് വ്യത്യസ്ത സരണികളില്‍ സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടെന്നത് ശരിതന്നെ. അന്യോന്യം ഉണ്ടായിരുന്ന സ്‌നേഹത്തിനോ ആദരവിനോ ഒരു കോട്ടവും സംഭവിച്ചില്ല. രാഷ്‌ട്രപിതാവ് എന്ന് ഗാന്ധിജിയെ ഇദംപ്രഥമമായി സംബോധന ചെയ്ത് അദ്ദേഹത്തോടുള്ള അനന്യമായ സ്‌നേഹവും ആദരവും നേതാജി പ്രകടമാക്കി.
ഗാന്ധിജി ആകട്ടെ നേതാജിയെ വിശേഷിപ്പിച്ചത്, ദേശസ്‌നേഹികള്‍ക്കിടയിലെ രാജകുമാരന്‍ എന്നായിരുന്നു. ആശയതലത്തിലും അടിസ്ഥാന മൂല്യങ്ങളുടെ കാര്യത്തിലും അവര്‍ക്ക് ഒരു വിയോജിപ്പും ഇല്ലായിരുന്നു. രാഷ്‌ട്രീയം ആത്മീയസാധനയായിരുന്നു ഇരുവര്‍ക്കും. ലോകതലത്തില്‍ ഭാരതത്തിന് മഹത്തായ ഒരു ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. ആ ദൃഢവിശ്വാസമായിരുന്നു അവരുടെ കരുത്ത്. രാഷ്‌ട്രീയ പ്രവര്‍ത്തനം ആത്മീയ സാക്ഷാത്കാരത്തിനുള്ള അന്വേഷണ വഴിയായി കണ്ട അവര്‍ പൂര്‍ണസമര്‍പ്പിതചേതസ്സുകളായ കര്‍മ്മയോഗികളായിരുന്നു. അക്രമരഹിതമായ ചെറുത്തുനില്‍പ്പിലൂടെ വൈദേശികാധിപത്യത്തെ നിരാകരിക്കാന്‍ ഇന്ത്യന്‍ ജനതയെ സന്നദ്ധരാക്കിയത് ഗാന്ധിജിയാണെങ്കില്‍, ബ്രിട്ടീഷ് ഇന്ത്യന്‍ നേവിയെ കലാപോന്മുഖ ദേശസ്‌നേഹത്തിന്റെ തലത്തിലേക്ക് ഉണര്‍ത്തിയത് നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വിജയകരമായ പരിസമാപ്തിയില്‍ നേവികലാപത്തിന്റെ നിര്‍ണായക പ്രാധാന്യം തള്ളിക്കളയാനാവില്ല. അധീശശക്തിയെ ധിക്കരിക്കാനുള്ള ജനസാമാന്യത്തിന്റെ കരുത്തും ബ്രിട്ടീഷ് ഇന്ത്യന്‍ നേവിയുടെ കലാപസന്നദ്ധതയും ഒത്തുചേര്‍ന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടുകയെ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. നേതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് 1945ല്‍ ഗാന്ധിജി പറഞ്ഞു, ”ധീരത അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലും തിളങ്ങിനിന്നു. നേതാജിയുടെയും അദ്ദേഹം സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെയും മാസ്മരികത എന്നും നമ്മെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ നാമം അനശ്വരമാകട്ടെ.” വീര പാരമ്പര്യത്തിന് പേരുകേട്ട ‘ഹരികിരി’ (ജപ്പാന്‍) നാട്ടിന്റെ അന്നത്തെ പ്രധാനമന്ത്രി, ഏഷ്യയുടെ എക്കാലത്തെയും അതുല്യ വിപ്ലവകാരിയായാണ് നേതാജിയെ കണ്ടത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രകാരനായ പട്ടാഭിസീതാരാമയ്യ എഴുതി, ”മഹത്വം ഒരിക്കലും സ്വയം പരസ്യപ്പെടുത്തുന്നില്ല, മറിച്ച് സ്വയം പ്രകാശിതമാവുകയാണ്. സുഭാഷ് ഒരു അതികായനാകുന്നു. അദ്ദേഹത്തിന്റെ നാമം സദാമുഖരിതമായിരിക്കും. ഹിന്ദുസ്ഥാന്‍ ധീരതയുടെയും ശക്തിയുടെയും നാടാണ് എന്ന് ലോകത്തിന് അദ്ദേഹം കാട്ടികൊടുത്തു.” (കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് ഉള്ള മത്സരത്തില്‍ ബോസിനോട് ഏറ്റ് തോറ്റ വ്യക്തിയാണ് ലേഖകന്‍ എന്ന് ഓര്‍ക്കുക.)
ഇരുപതുരാജ്യങ്ങളില്‍ നേതാജി തന്റെ വിപ്ലവ സംഘടന സ്ഥാപിച്ചു. ശൂന്യതയില്‍ നിന്ന് ഭിന്നഭൂഖണ്ഡങ്ങളില്‍ വിമോചന സേനയുടെ ദളങ്ങള്‍ രൂപീകരിച്ചു. ലോകോത്തര സൈനികശക്തിക്കെതിരെ മാതൃഭൂമിയുടെ വിമോചനത്തിനുള്ള യുദ്ധത്തിന് തുടക്കമിട്ടു. അസാമാന്യ ധീരതയുടേതായ ഈ ഗംഭീര നേട്ടത്തിന്റെ രാജശില്പിയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഉന്നതനായ വിപ്ലവകാരി എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കും.
1943 ഒക്ടോബര്‍ ഇരുപത്തി ഒന്നാം തീയതി ‘സ്വതന്ത്ര ഇന്ത്യ’യുടെ താല്‍ക്കാലിക സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയ്‌ക്ക് അദ്ദേഹം രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം പ്രഖ്യാപിച്ചു. അനുഗൃഹീത കലാകാരനും വിഖ്യാത ചിത്രകാരനുമായ ചിന്താമണികൗണ്‍ ആലേഖനം ചെയ്ത നേതാജിയുടെ പടം പാര്‍ലമെന്റ് ഹാളില്‍ അനാവരണം ചെയ്തപ്പോള്‍ ആ യുദ്ധ പ്രഖ്യാപനത്തിന്റെ സാഫല്യം രാഷ്‌ട്രം ഓര്‍ത്തെടുക്കുകയായിരുന്നു. അലക്‌സാണ്ടര്‍, ഡാലിയൂസ്, സീസര്‍, ഹാനിബോള്‍, ജോര്‍ജ് വാഷിംഗ്ടണ്‍, നെപ്പോളിയന്‍ തുടങ്ങിയ വീരയോദ്ധാക്കളുടെ പംക്തിയില്‍ താരത്തിളക്കത്തോടെ നേതാജിയും ഇടം കണ്ടെത്തിയെന്ന് നിസംശയം പറയാം.
ഒറ്റയ്‌ക്ക് ഒരു മനുഷ്യന്‍ ലോകമഹായുദ്ധത്തിന്റെ ഭീകരസാഹചര്യത്തില്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് കടലിലും കരയിലും ആകാശത്തുമായി ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടുക, അനന്യമായ മനോദാര്‍ഢ്യത്തോടെ. അതും മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്. യക്ഷിക്കഥകളെ അതിശയിപ്പിക്കുന്ന അവിശ്വസനീയത. ഇത്തരം സാഹസകൃത്യങ്ങള്‍ക്ക് ചരിത്രത്തില്‍ സമാനതകള്‍ ഇല്ല. പ്രതിബന്ധങ്ങള്‍ അതിനുമുമ്പില്‍ സ്വയം വഴിമാറുകയായിരുന്നു. 1945 ആഗസ്റ്റ് 18-ാം തീയതി ഫോര്‍മോസിയില്‍ ഉണ്ടായ ഒരു വിമാന അപകടത്തില്‍ വിശ്രമരഹിതമായ ആ ജീവിതയാത്രയ്‌ക്ക് നിത്യവിശ്രമം വിധിക്കപ്പെട്ടു എന്നു പറയപ്പെടുന്നു. പക്ഷേ, പലരും ഇന്നുപോലും അതു അവിശ്വസിക്കുന്നു. അദ്ദേഹം ദിവംഗതനായി എന്ന് സങ്കില്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണ് നേതാജിയെ അനശ്വരനാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക