ന്യൂദല്‍ഹി : അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതിന്റെ ബില്‍ അടയ്ക്കാതെ മുങ്ങിയ ആള് അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ തങ്ങിയ ഷെരീഫ് ബില്‍ അടയ്ക്കാതെ വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുകയായിരുന്നു.
ഷെരീഫ് 2022 ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 വരെയാണ് ലീലാ പാലസില്‍ താമസിച്ചത് വ്യാജ ബിസിനസ്സ കാര്‍ഡ് ഹാജരാക്കിയാണ് ഇയാള്‍ മൂന്ന് മാസത്തോളം ഹോട്ടലില്‍ താമസിച്ചത്. താന്‍ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നത്.
ഇത് ശരിവെക്കുന്ന വിധത്തില്‍ വ്യാജ ബിസിനസ്സ് കാര്‍ഡുകളും യുഎഇയില്‍ സ്ഥിര താമസം ആക്കിയതിന്റെ രേഖകളും ഇയാള്‍ ഹോട്ടലുകാരെ കാണിച്ചിരുന്നു. തുടര്‍ന്ന് നവംബര്‍ 20ന് ഷെരീഫ് 23 ലക്ഷം രൂപയുടെ ചെക്ക് നല്കി ഹോട്ടല്‍ ചെക്ക്ഔട്ട് ചെയ്യുകയായിരുന്നു. അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഷെരീഫ് നല്കിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ ഇയാള്‍ ഹോട്ടലില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ കടത്തിതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: