എസ്. വി. അയ്യര്‍
കാടിറങ്ങി നാടു വിറപ്പിക്കുന്നവരാണ് കൊലകൊമ്പന്‍മാര്‍. അത്തരം പോക്കിരിമാരെ കുഴിയാനയാക്കി വിരട്ടുന്ന ഗജപോക്കിരിമാരെ എന്തു വിളിക്കാം? താപ്പാനയെന്നോ കുങ്കിയാനയെന്നോ, എന്തു വേണമെങ്കിലും വിളിച്ചോളൂ. പക്ഷെ വിളച്ചിലുമായെത്തിയാല്‍ കളി മാറും. ആദ്യമൊക്കെ ഒന്നു വിരട്ടി നോക്കും. കേട്ടില്ലെങ്കിലേ കളി മാറൂ. കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കുക എന്നു കേട്ടിട്ടില്ലേ, കാട്ടാനച്ചട്ടമ്പിമാരോട് ആ പണി ചെയ്യുന്നവരാണ് കുങ്കിയാനകള്‍ അഥവാ താപ്പാനകള്‍. പാലക്കാട് ധോണിയിലും പരിസരത്തും പോക്രിത്തരം കാട്ടി നടക്കുന്ന പി.ടി ഏഴാമനെ കൂമ്പിനിടിച്ച് കൂട്ടിലാക്കാന്‍ കുങ്കിമാരെത്തിയതോടെ ആനക്കഥകള്‍ വീïും സജീവമായി.
നാട്ടിലിറങ്ങി അക്രമം കാട്ടുന്ന കാട്ടാനകളെ വിരട്ടി കാടു കേറ്റാനും കാട്ടില്‍ നിന്ന് ആനകളെ പിടികൂടി മെരുക്കി ആന സങ്കേതത്തില്‍ എത്തിക്കാനുമൊക്കെയാണ് താപ്പാനകളെ ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍ വിളിക്കുന്ന പേരാണ് കുങ്കിയാനകള്‍ എന്നത്. നമ്മുടെ താപ്പാനകള്‍ തന്നെയാണ് കുങ്കി. ആനപ്പോക്രികളാണ് പരിശീലനത്തിലൂടെ താപ്പാനകളായി മാറുന്നത്. ധൈര്യവും ശൗര്യവും ഒട്ടും ചോരാതെ അല്പം ഗൗരവക്കാരനാക്കി പരുവപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. സര്‍വ്വ ചട്ടമ്പിത്തരവും കഴിഞ്ഞ് മയപ്പെട്ടു വന്നവരാണ് താപ്പാനകളെന്നതിനാല്‍ കുട്ടിച്ചട്ടമ്പിമാരുടെ തട്ടിപ്പു ഭീഷണികളൊന്നും ഇവരോട് വിലപ്പോകില്ല.
ആനച്ചട്ടമ്പികളെ വിരട്ടാന്‍ കുങ്കികള്‍ക്ക് പല തന്ത്രങ്ങളുമറിയാം. സമയവും സന്ദര്‍ഭവും ആവശ്യവുമൊക്കെ തിരിച്ചറിഞ്ഞ് അവ പ്രവര്‍ത്തിക്കും. കൂടുതല്‍ ധൈര്യം പകരാന്‍ പാപ്പാനും കൂടെയുണ്ടാവും. കാടും നാടും വിറപ്പിച്ചു നില്‍ക്കുന്ന റൗഡിയാനകള്‍ക്ക് താപ്പാനകളെ കാണുമ്പോള്‍ തന്നെ മുട്ടുവിറയ്‌ക്കും. തുമ്പിക്കൈയും വാലും കൊമ്പുമൊക്കെ കുലുക്കി, ഉടലു വളച്ചു നിന്ന് ഭയപ്പെടുത്തും. കാട്ടാനകള്‍ക്ക് ഭയമുണ്ടാക്കുന്ന തരത്തില്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ കൂടിയാണ് താപ്പാനകള്‍. ഇതൊക്കെ കാണുമ്പോള്‍ ചട്ടമ്പിയാന വെറും ‘കീലേരി അച്ചു’വായി മാറും.
ഇനി മുട്ടുവിറച്ചാലും പേടി പുറത്തുകാട്ടാതെ എവനെങ്കിലും അവടത്തന്നെ നില്‍ക്കാന്‍ തീരുമാനിച്ചാല്‍ അപ്പോഴറിയാം താപ്പാനയുടെ തുമ്പിക്കൈ ചൂടും കൊമ്പിന്റെ കരുത്തും. അതോടെ ‘ഞങ്ങളോടു കളിക്കാന്‍ ആരുണ്ടെടാ എന്നു ചോദിച്ചു നില്‍ക്കാതെ പേടിച്ചലറിയോടി കാടു കയറിക്കോളും ചട്ടമ്പിയാനകള്‍. ആനകളെ മാത്രമല്ല, കടുവയുള്‍പ്പെടെയുള്ള ചില വന്യമൃഗങ്ങളെ ഭയപ്പെടുത്തി കാടു കേറ്റാനും താപ്പാനകള്‍ക്കറിയാം.
സാധാരണ ആനകളേക്കാള്‍ വലുപ്പവും ബുദ്ധിയും ശക്തിയുമുള്ളവയായിരിക്കും താപ്പാനകള്‍. പ്രത്യേക ശിക്ഷണവും പരിചരണവും കൂടിയാവുമ്പോള്‍ അവര്‍ക്ക് ഗൗരവം കൂടും. സാധാരണയായി കൊമ്പനാനകളെയാണ് താപ്പാനകളായി ഉപയോഗിക്കുക. വര്‍ഷത്തില്‍ മൂന്നുമാസം വീതമെന്ന കണക്കില്‍ അഞ്ചു വര്‍ഷത്തോളമാണ് പരിശീലനം. വേവിച്ച മുതിര, പനഞ്ചക്കര, പഞ്ഞപ്പുല്ല്, തേങ്ങ, ഉപ്പ് എന്നിവയൊക്കെ ചേര്‍ത്ത പ്രത്യേക ഭക്ഷണമാണ് പരിശീലന കാലത്തു നല്‍കുക. താപ്പാനകളാക്കാനുള്ള പരിശീലനത്തിന്റെ ആദ്യ ഭാഗം അവയെ അനുസരണക്കാരനാക്കിയെടുക്കുക എന്നതാണ്. തടി കൊണ്ട് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലടച്ചാണ് പരിശീലനം തുടങ്ങുക. കൂടുപൊളിക്കാനും പുറത്തു ചാടാനുമൊക്കെ അവ പരിശ്രമിക്കും. തന്നെക്കൊണ്ട് അതിനു കഴിയില്ലെന്ന് പതുക്കെപ്പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങും. അതോടെ പരിശീലകര്‍ ചെറിയ ചെറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അനുസരിച്ചാല്‍ കരിമ്പും തേങ്ങയും ശര്‍ക്കരയുമൊക്കെ പാരിതോഷികമായി കൊടുക്കും. അതോടെ ആന ഹാപ്പിയാകും. പിന്നെപ്പിന്നെ തേനേ, ചക്കരേ എന്നൊക്കെ വിളിച്ച് കൂടെ കൂടും. മെല്ലെ ആനയെ തൊട്ടും തലോടിയും പാപ്പാന്മാര്‍ അടുപ്പമുïാക്കും. അനുസരണ പഠിച്ചു കഴിഞ്ഞാല്‍ കൂട്ടിനു പുറത്തിറക്കി വിദഗ്ധ പരിശീലനം തുടങ്ങും.
ഡോക്ടര്‍മാരുടെയും വനം ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് പരിശീലനം നടക്കുക. പുറത്തേക്കു കൊണ്ടു പോയും പാപ്പാനൊപ്പം കാട്ടില്‍ സവാരി നടത്തിയും മറ്റാനകളുമായിടപഴകിച്ചും താപ്പാനകളെ മാനസികമായി ഒരുക്കിയെടുക്കും. ഇതൊക്കെ കഴിഞ്ഞാണ് ആള് മര്യാദക്കാരനായോ എന്നു പഠിക്കാനുള്ള പരിശോധന. ഇതിന്റെ ഭാഗമായി ആളെ തനിച്ച് കാട്ടിലേക്കയക്കും. അധികവും രാത്രിയിലാവും ഇത്. പഴയ ചട്ടമ്പിത്തരമൊക്കെ പുറത്തെടുത്ത് കാട്ടില്‍ വിലസാമെന്നു വിചാരിക്കാതെ മര്യാദരാമനായി വന്നാല്‍ അതിനുമുണ്ട് പാരിതോഷികം. അങ്ങനെ സര്‍വ്വ പരിശീലനവും കഴിഞ്ഞ് താപ്പാനയായി, അഥവാ കുങ്കിയായി മാറും.
ആന മണ്ടന്മാര്‍ക്കൊന്നും താപ്പാനയാവാന്‍ കഴിയില്ല. ഒരാന താപ്പാനയാവാന്‍ യോഗ്യതയുള്ളതാണോ എന്നു പരിശീലനത്തിനിടെ തന്നെ തിരിച്ചറിയാനാവും. ആരോഗ്യം, നിരീക്ഷണ ബുദ്ധി, ധൈര്യം, ആജ്ഞകള്‍ അനുസരിക്കാനും സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുമുള്ള കഴിവ് എന്നിവയൊക്കെ പരീക്ഷിക്കപ്പെടും. പേടിത്തൊണ്ടന്മാരെയും കുഴിമടിയന്മാരെയും താപ്പാനയാക്കാന്‍ മെനക്കെടാറില്ല. ചുരുക്കിപ്പറഞ്ഞാല്‍ താപ്പാനയാവുക എന്നത് ഒരു ആനക്കാര്യം തന്നെ. ഗുണ്ടകളെ മെരുക്കുന്ന പെരുംഗുണ്ടയുടെ പണി മാത്രമല്ല താപ്പാനകള്‍ക്കുള്ളത്. വാരിക്കുഴിയിലോ കുളത്തിലോ ഒക്കെ പെട്ടു പോകുന്ന ആനകളെ രക്ഷിക്കാനും വീണുപോകുന്ന നാട്ടാനകളെയും കാട്ടാനകളെയും താങ്ങി നിര്‍ത്താനും മയക്കുവെടി വച്ചു വീഴ്‌ത്തുന്ന കാട്ടാനകളെ വാഹനത്തിലേക്ക് കയറ്റാനുമെല്ലാം സഹായിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരാണ് ഇവര്‍. ആനകള്‍ക്കു മാത്രമല്ല താപ്പാനകളെ നയിക്കുന്ന പാപ്പാന്മാര്‍ക്കുമുണ്ട് പരിശീലനം. കാട്ടാനകളെ വിരട്ടാനും മറ്റും ഇവ പരാക്രമം കാണിക്കുമ്പോള്‍ മുകളിലിരിക്കുന്ന പാപ്പാന് ഇത്തിരി ധൈര്യവും പരിശീലനവുമൊക്കെ ആവശ്യമാണ്. മുമ്പൊക്കെ തമിഴ്നാട്ടിലെ മുതുമലയില്‍ കൊണ്ടുപോയാണ് കേരളത്തിലെ താപ്പാനകളെ പരിശീലിപ്പിച്ചിരുന്നത്.
കേരളത്തിലെ ആദ്യ കുങ്കി ക്യാമ്പാണ് മുത്തങ്ങയിലേത്. കോന്നി സുരേന്ദ്രന്‍, കോടനാട് നീലകണ്ഠന്‍, സൂര്യ എന്നീ ആനകളെ മുതുമലയില്‍ പരിശീലിപ്പിച്ചു കൊണ്ടുവന്നു. കേരളം വനംവകുപ്പിനു കീഴിലെ പാപ്പാന്മാരെ തമിഴ്നാട്ടിലേക്കയച്ച് കുങ്കി പരിശീലനം ലഭ്യമാക്കിയതോടെയാണ് മുത്തങ്ങയില്‍ തന്നെ താപ്പാനകളെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നുള്ള സുന്ദരി, അഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുത്തങ്ങയില്‍ പരിശീലനം നല്‍കിയത്. കുങ്കി പദവി ലഭിക്കുന്ന ആനകള്‍ വനംവകുപ്പിന്റെ ഭാഗമാകും. 60 വയസില്‍ റിട്ടയര്‍ ചെയ്യും. അതിനിടയില്‍ അവര്‍ നിരവധി വീരകഥകള്‍ രചിച്ചിരിക്കും.
പാലക്കാട് ധോണിയില്‍ ഇപ്പോള്‍ നാട്ടുകാരെ വിറപ്പിക്കുന്ന പിടി ഏഴാമനെ പിടികൂടാന്‍ സുരേന്ദ്രന്‍, വിക്രം, ഭരത് എന്നീ മൂന്നു താപ്പാനകളാണ് എത്തിയിട്ടുള്ളത്. ചട്ടമ്പിത്തരം കാട്ടി നടക്കുന്ന ഇവനെയും താപ്പാനയാക്കാനാണ് തീരുമാനം. ഇതിനായി ആദ്യം വയനാട് മുത്തങ്ങയില്‍ യൂക്കാലി മരം കൊണ്ടുള്ള കൂട് തയ്യാറാക്കിയിരുന്നു. എന്നാല്‍ ആനയെ തുടക്കത്തില്‍ പാലക്കാട്ടു തന്നെ കൂട്ടിലടയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ധോണി ബേസ് ക്യാമ്പില്‍ കൂടും തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: