ന്യൂദല്‍ഹി: റെസ്ലിംഗ് ഫെഡറേഷന് ഇന്ത്യ (ഡബ്ല്യു എഫ് ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ മാറ്റിനിര്‍ത്തി ഗുസ്തിതാരങ്ങളുടെ നേര്‍ക്കുള്ള ലൈംഗികചൂഷണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഗുസ്തിതാരങ്ങള്‍ സമരം പിന്‍വലിച്ചു. ഈ സമരത്തില്‍ നിന്നും ചോര കുടിക്കാനുള്ള സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റേതുള്പ്പെടെയുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു.
സമരക്കാര്‍ക്ക് പിന്തുണ നല്കി സമരസ്റ്റേജില് കയറാനുള്ള ബൃന്ദ കാരാട്ടിന്റെ ശ്രമം ഗുസ്തി താരങ്ങള്‍ തന്നെ നിരുത്സാഹപ്പെടുത്തുകയും അവരെ സ്റ്റേജില്‍ നിന്നും തുരത്തുകയും ചെയ്തിരുന്നു. സമരക്കാരായ ഗുസ്തിതാരങ്ങളും സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ സമ്മതിക്കില്ലെന്ന് തീരുമാനിച്ചതിനാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും സമരപ്പന്തലില്‍ പ്രവേശിപ്പിച്ചില്ല. പ്രശ്ന പരിഹാരം മാത്രമായിരുന്നു താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.
സമരത്തില്‍ പങ്കെടുത്ത പ്രമുഖ താരങ്ങളായ വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്, പൂനിയ എന്നിവരെ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ നേരില്‍ കണ്ടു. ജന്തര്‍മന്തറില്‍ മൂന്ന് ദിവസമായി പ്രതിഷേധിക്കുന്ന താരങ്ങളെ അനുരാഗ് താക്കൂര്‍ നേരിട്ട് കണ്ട് സംസാരിച്ചു. ബിജെപി നേതാവ് കൂടിയായ വിനേഷ് ഫൊഗാട്ടിന്റെ സഹോദരി ബബിത ഫൊഗാട്ടും സമരക്കാരെ കണ്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
ഇതിനിടെ സമരക്കാര്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി.ടി. ഉഷയ്ക്ക് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് പി.ടി. ഉഷ ഒരു അന്വേഷണ കമ്മീഷനെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഡബ്ല്യു എഫ് ഐ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും ഗുസ്തി ക്യാമ്പുകളിലെ കോച്ചുമാരും വനിതാഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ആരോപണം. ഇതിന്റെ ഭാഗമായി അന്വേഷണം തീരുന്നതുവരെ ബ്രിജ് ഭൂഷണെ മാറ്റിനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: