കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ രാജ്യ പുരോഗതി ലക്ഷ്യം വെച്ച് കഠിനപ്രയത്‌നം ചെയ്യണമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാട്. നൂതന ആശയങ്ങളും ഭാവനയും ഉപയോഗപ്പെടുത്തി തങ്ങളുടെ മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള റോസ്ഗാര്‍ മേളയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിയമന ഉത്തരവ് കൊച്ചിയില്‍ വിതരണം ചെയ്തു സംസാരിക്കവെ, യുവാക്കള്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട ഫലം ഉണ്ടാക്കാന്‍ ആകണമെന്നും മന്ത്രി നിര്‍ദേശിച്ചു. പുതുതായി നിയമനം ലഭിച്ച 88 പേര്‍ക്ക് ചടങ്ങില്‍ നിയമന ഉത്തരവുകള്‍ കൈമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി റോസ്ഗാര്‍ മേള ഉദ്ഘാടനം ചെയ്യുകയും നിയമന ഉത്തരവ് ലഭിച്ചവരുമായി സംവദിക്കുകയും ചെയ്തു. റെയില്‍വേ, വി.എസ്.എസ്.സി, ഇപിഎഫ്ഒ, എന്‍ എസ് ഒ, തപാല്‍ വകുപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നിയമനം. ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്‌സ്, കേരള, ഡോ ജി.വി. ഹേമലത ദേവി സ്വാഗതം ആശംസിച്ചു. ആദായ നികുതി വകുപ്പിലെ മറ്റ് മുതിര്ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു
തിരുവനന്തപുരം മേഖലയില്‍ നിന്ന് നിയമനം ലഭിച്ച 108 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേര്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തേലിയില്‍ നിന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമന ഉത്തരവുകള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ളവര്‍ക്ക് അതത് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്തരവ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: