ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ജനവരി അവസാനത്തോടെ തുറന്നു കൊടുക്കാന്‍ പോകുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന അകക്കാഴ്ചകള്‍, മുഖം മിനുക്കിയ രാജ്യസഭയുടെയും ലോക്സഭയുടെയും ചിത്രങ്ങള്‍….ഇതെല്ലാം കേന്ദ്രം പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം.
മോദി സര്‍ക്കാരിന് ഇത് സ്വപ്നസാക്ഷാല്‍ക്കാരമാണ്. ഭാരതത്തിന്റെ പാര്‍ലമെന്റ് മന്ദിരം കെട്ടിലും മട്ടിലും ഒരു ലോകരാജ്യത്തിനും പിന്നിലല്ലെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായി വളരുന്ന ഭാരതത്തിന് ലോകം ബഹുമാനിക്കുന്ന മികച്ച രാജ്യസഭയും ലോക് സഭയും അടങ്ങുന്ന പാര്‍ലമെന്റ് മന്ദിരം എന്നത് മോദിയുടെ, മോദി സര്‍ക്കാരിന്റെ സ്വപ്നമായിരുന്നു.
ഇന്ത്യയുടെ അധികാര ഇടനാഴിയായി പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്ട്രേല് വിസ്റ്റ കെട്ടിട സമുച്ചയം മാറുകയാണ്.
ജനവരി അവസാനത്തോടെ ഈ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകും. കെട്ടിടത്തിന്റെ ഇന്റീരയര്‍ ജോലികള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ വിസ്റ്റ എന്ന സങ്കല്പത്തിന് മോദി സര്‍ക്കാര്‍ തുടക്കമിട്ടതു മുതല്‍ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു.
പ്ലാന്‍ തയ്യാറാക്കുമ്പോഴും പണി നടന്നുകൊണ്ടിരിക്കുമ്പോഴും മരം മുറിച്ചുമാറ്റുന്നു, ആഡംബരം നിറയ്ക്കുന്നു തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എതിര്‍പ്പുകളെ വെല്ലുവിളിച്ചാണ് മോദി സര്‍ക്കാര്‍ ഇത് പൂര്‍ത്തിയാക്കിയത്.
ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുന്നത്. 65.000 ചതുരശ്ര മീറ്ററാണ് കെട്ടിടവിസ്തൃതി. പരമാവധി ഇടം ഉപയോഗിക്കാന്‍ തികോണ ആകൃതിയിലാണ് കെട്ടിടം.
888 സീറ്റുകളുള്ള ലോക്സഭാ ഹാള്‍, 384 സീറ്റുകളുള്ള രാജ്യസഭാ ഹാള്‍, സംയുക്ത ലോക്സഭാ രാജ്യസഭാ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ 1272 സീറ്റുകള്‍ വരെ ഉള്ക്കൊള്ളിക്കാനാവും. അംഗപരിമിതര്‍ക്ക് എളുപ്പം എവിടെയും നീങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: