കാബൂള്‍: മോഷണക്കുറ്റത്തിന്റെ പേരില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍വെച്ച് നാല് പേരുടെ കൈ വെട്ടി താലിബാന്. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രാകൃതമായ ഈ ശിക്ഷാനടപടി നടപ്പാക്കിയത്. സംഭവം നടക്കുമ്പോള്‍ താലിബാന് ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ നാട്ടുകാരുടെ മുന്നിലിട്ട് ചാട്ട കൊണ്ട് അടിച്ചിരുന്നു. കുറ്റവാളികളെ 35-39 തവണയാണ് ചാട്ടയടിച്ചത്. കുറ്റവാളികളെ ചാട്ടവാറുകൊണ്ടടിക്കുന്ന ദൃശ്യം മനുഷ്യാവകാശപ്രവര്‍ത്തക ശബ്നം നാസിമി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചാട്ടവറടി ഏറ്റുവാങ്ങേണ്ട കുറ്റം ചെയ്ത ഒമ്പതുപേര്‍ മൈതാനത്തിന് നടുവില്‍ പുല്ലില്‍ മുട്ടുകുത്തി ഇരിക്കുന്നത് കാണാം. “അഫ്ഗാനിസ്ഥാനില്‍ ആളുകളെ അടിക്കുന്നു, അവയവങ്ങള്‍ ഛേദിക്കുന്നു, കൊന്നുകളയുന്നു….ഇത് മനുഷ്യാവകാശലംഘനമാണ്.”- ശബ്നം നാസിമി പറയുന്നു.
വിചാരണ ചെയ്യാതെയാണ് ശിക്ഷ നടപ്പാക്കുന്നത് എന്ന പരാതിയുണ്ട്. അഫ്ഗാന് മാധ്യമപ്രവര്ത്തകന് താജുഡെന്‍ സൊറൂഷ് ഇതിന്റെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന് നൂറോളം പേര് നോക്കിനില്‍ക്കെ വെടിവെച്ച് കൊന്നിരുന്നു. താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. ഒരാളെ കൊന്നുവെന്ന് ആരോപിക്കപ്പെടുന്ന ആളുടെ പിതാവ് തന്നെയാണ് പ്രതിയായ മകനെ വെടിവെച്ച് കൊന്ന് വധശിക്ഷ നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: