ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രധാന ഡോക്ടർക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയൻ നടത്തിയത്. കുട്ടികള്‍ മരിച്ചത് വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 16ന് ആണ് സിസേറിയൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വേദനയില്ലെന്ന് പറഞ്ഞ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച ഒരു കുഞ്ഞിന് അനക്കം ഇല്ലാതായി. സിസേറിയന് തൊട്ടുമുമ്പ് സജിത ഭക്ഷണം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയ്യാറായില്ല. പിന്നീട് എട്ടരയ്‌ക്ക് ആണ് രണ്ടു കുഞ്ഞുങ്ങളും മരിച്ചതായി അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
ചികിത്സാപിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നാല് ദിവസം മുമ്പായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ഇന്ന് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ തന്നെ കുട്ടികള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: