കൊച്ചി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി നടി അമലാപോള്‍. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു
അതേസമയം, നിലവിലെ ക്ഷേത്രാചാരപ്രകാരം ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം സാധ്യമാകൂ എന്നതിനാലാണ് നടി അമല പോളിന് ദര്‍ശനത്തിന് അനുമതി നല്കാന് കഴിയാതിരുന്നതെന്ന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രാചാരപ്രകാരം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. നിലവിലെ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. ആചാരാനുഷ്ഠാനങ്ങളില്‍ അന്തിമ വാക്ക് തന്ത്രിയുടേതാണെന്നും മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രസൂണ്‍ കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. മതില്‍ക്കെട്ടിന് പുറത്തുനിന്ന് ദേവിയെ കാണാന്‍ സൗകര്യം ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അവിടെയെത്തി ദര്‍ശനം നടത്തി പ്രസാദവും വാങ്ങിയാണ് അമല മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമത വിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ അവര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ തടസമില്ല. ഇതരമത വിശ്വാസികള്‍ അമ്പലത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ടാകാം. അത് ആരും അറിയുന്നില്ല. എന്നാല്‍ ഒരു സെലിബ്രിറ്റി വരുമ്പോള്‍ വിവാദമുണ്ടാകും. അത് മനസിലാക്കിയാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിക്കാന്‍ സാധിച്ചുവെന്ന് അമല പോള്‍ ക്ഷേത്ര രജിസ്റ്ററില്‍ കുറിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍, ആചാരാനുഷ്ഠാനങ്ങളിലുള്ള ഭക്തരുടെ വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ദര്‍ശനം അനുവദിക്കാവുന്നതല്ലേയെന്നും ആചാര്യന്മാര് ഈ വിഷയത്തില്‍ കാലോചിതമായ തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്.വി. ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: