ഡോ. മന്‍സൂഖ് മാണ്ഡവ്യ
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി
സമ്പന്ന-ദരിദ്ര രാജ്യങ്ങള്‍ക്കു സാര്‍വത്രിക ആരോഗ്യസംരക്ഷണം ലഭ്യമാക്കാനും പകര്‍ച്ചവ്യാധികളും മഹാമാരികളും കാരണമുണ്ടാകുന്ന ആപത്ഘട്ടങ്ങളെ ചെറുക്കാനും പ്രാപ്തമാക്കുന്ന ആഗോള ആരോഗ്യ സുരക്ഷാനിര്‍മിതിയെന്ന കാഴ്ചപ്പാട് ഇന്ത്യ അനാവരണം ചെയ്യും. തിരുവനന്തപുരത്തു നടക്കുന്ന ജി20 ആരോഗ്യ പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇതിനു തുടക്കമിടും. ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബം) എന്ന തത്വത്തില്‍ നിന്നുരുത്തിരിഞ്ഞ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ചിന്തയിലാണ് ആരോഗ്യകരമായ ഭൂഗോളത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ തുടക്കം. പ്രാദേശിക ആരോഗ്യപ്രതിസന്ധികള്‍ പരിഗണിക്കാനും സാര്‍വത്രിക പ്രതിവിധികളൊരുക്കുന്നതില്‍ സഹകരിക്കാനും ഈ തത്വം ജി20 അംഗങ്ങളെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ ഭാഗമായി, ഈ മാസം തുടക്കംകുറിക്കുന്ന ആരോഗ്യ പ്രവര്‍ത്തകസമിതി യോഗങ്ങളില്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള നയആസൂത്രകരും വൈദ്യശാസ്ത്രമേഖലയിലെ വിദഗ്ധരും ആഗോള ആരോഗ്യസുരക്ഷാനിര്‍മിതിയുടെ അടിത്തറയും ചട്ടക്കൂടും വെളിപ്പെടുത്തും. ഇനിയുണ്ടായേക്കാവുന്ന ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ രാജ്യങ്ങളെ സജ്ജരാക്കുന്നതിനും കരുത്തുറ്റ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും വിഭാവനംചെയ്തുള്ളതാണ് ആഗോള ആരോഗ്യ സുരക്ഷാനിര്‍മിതി.
കൊവിഡ്-19 ലോകമെമ്പാടുമുള്ള ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങളുടെ തകര്‍ച്ചയുടെയും, വരുമാനം താഴ്ന്നതും കുറഞ്ഞതുമായ രാജ്യങ്ങളിലെ അസമത്വങ്ങളുടെ വ്യാപ്തി കൂട്ടുകയും ചെയ്തു. ഒരൊറ്റ രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥ ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളെ ബാധിക്കുമെന്നു ലോകനേതാക്കള്‍ തിരിച്ചറിഞ്ഞു. ജീവന്‍രക്ഷാ മരുന്നുകള്‍, വാക്‌സിനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ പരസ്പരാശ്രിതത്വവും മഹാമാരിക്കാലത്തു പ്രകടമായി. ഒരു രാജ്യത്ത്, ആരോഗ്യരംഗത്ത് എത്ര മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മഹാമാരിപോലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന തിരിച്ചടി ചെറുക്കാന്‍ കഴിഞ്ഞെന്നുവരില്ല. കൊവിഡ്-19 പ്രതിസന്ധിഘട്ടങ്ങളില്‍ പഠിച്ച പാഠങ്ങള്‍ കണക്കിലെടുത്ത്, ഇന്തോനേഷ്യന്‍ അധ്യക്ഷപദം (2022) ആഗോള ആരോഗ്യനിര്‍മിതി ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ലോകരാജ്യങ്ങളിലെമ്പാടും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളില്‍ ഏതുസമ്മര്‍ദവും നേരിടുംവിധമുള്ള സംവിധാനം ഒരുക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ടു. കൊവിഡ്-19 കാലാവസ്ഥാവ്യതിയാന വെല്ലുവിളികളും വര്‍ധിപ്പിച്ചു. മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു പകരുന്ന അസുഖങ്ങളുടെ വര്‍ധന, തീവ്ര കാലാവസ്ഥാസാഹചര്യങ്ങള്‍, ജലം-ബാക്ടീരിയ-വൈറസ് ജന്യരോഗങ്ങള്‍ തുടങ്ങിയവ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീഷണി വര്‍ധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആഗോള ആരോഗ്യനിര്‍മിതി മൂന്നു പ്രധാന മുന്‍ഗണനകളില്‍ അധിഷ്ഠിതമാണ്. പൊട്ടിപ്പുറപ്പെടലുകള്‍ തടയുന്നതിനും സജ്ജമാകുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ദേശീയ ശേഷി ശക്തിപ്പെടുത്തുകയാണ് ആദ്യത്തേത്. ആ അജന്‍ഡയില്‍ ‘ഏകാരോഗ്യ’ സമീപനവും ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സും (എഎംആര്‍) ഉള്‍പ്പെടും. ലോകാരോഗ്യസംഘടന, ലോകബാങ്ക്, ജി 7, അക്‌സസ് ടു കൊവിഡ് 19 ടൂള്‍സ് അക്‌സലറേറ്റര്‍ തുടങ്ങിയ വിവിധ സംഘടനകളുമായി സഹകരിച്ച്, നിലവിലുള്ള സംവിധാനങ്ങള്‍ കൂട്ടിയിണക്കാനും തടസങ്ങള്‍ കണ്ടെത്താനും ശ്രമിക്കും. സമൂഹത്തില്‍ എഎംആറിന്റെ സ്വാധീനം പ്രതിരോധിക്കുന്നതിന്, മനുഷ്യനും ജീവജാലങ്ങളും പരിസ്ഥിതിമേഖലകളും തമ്മിലുള്ള ബന്ധം അഭിസംബോധന ചെയ്യുന്നതിലെ ആരോഗ്യസമീപനം നിര്‍ണായകമാണ്. താങ്ങാനാകുന്നതും തുല്യതയാര്‍ന്നതും സാര്‍വത്രികമായി പ്രാപ്യമായതുമായ പകര്‍ച്ചവ്യാധി പ്രതിരോധനടപടികളുമായി ചേര്‍ന്ന്, ജി20 ഇന്ത്യ ഹെല്‍ത്ത് ട്രാക്ക് ആഗോള ആരോഗ്യ അടിയന്തരനിര്‍മിതിയിലേക്കു തടസങ്ങളില്ലാതെയുള്ള ഇടപെടല്‍ സാധ്യമാക്കലാണു ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആരോഗ്യ അടിയന്തരാവസ്ഥയെ അഭിസംബോധനചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ ശേഖരം ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കാനാണ് ഇതു പദ്ധതിയിടുന്നത്.
ഗുണമേന്മയുള്ള വാക്‌സിനുകള്‍, ചികിത്സകള്‍, രോഗനിര്‍ണയം എന്നിവയിലേക്കുള്ള തുല്യതയാര്‍ന്ന പ്രവേശനസംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഔഷധമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ജി20 യുടെ രണ്ടാമത്തെ മുന്‍ഗണന. ഇന്ത്യയില്‍നിന്നുള്ള പൊതുഔഷധങ്ങള്‍ ലോകമെമ്പാടും വിലമതിക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, 24.47 ബില്യണ്‍ ഡോളറിന്റെ ഔഷധ ഉല്‍പ്പന്നങ്ങള്‍ 200 രാജ്യങ്ങള്‍ക്കു വിതരണം ചെയ്തു. നിരവധി എല്‍എംഐസികള്‍ക്കു താങ്ങാനാകുന്ന വിലയില്‍ എച്ച്‌ഐവി മരുന്നുകളും ടിബി പ്രതിരോധമരുന്നുകളും നല്‍കുന്നത് ഇന്ത്യ തുടരുകയാണ്. വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍, ഗവേഷണ-വികസന പിന്തുണ, മെഡിക്കല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചെലവ് തുടങ്ങിയവയില്‍, വിശേഷിച്ചും എല്‍എംഐസികള്‍ക്ക്, കൂടുതല്‍ അനുകൂലമായ ചട്ടക്കൂടു സൃഷ്ടിക്കുന്നതിനാണു നാം ശ്രമിക്കേണ്ടത്.
ജീവന്‍രക്ഷാ വാക്‌സിന്റെ അസമത്വം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പങ്കു ലോകമെമ്പാടും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ്-19 കാലത്ത്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ ശതകോടിക്കണക്കിനു ഡോസ് വാക്‌സിന്‍ വാങ്ങല്‍ നടപടികള്‍ ത്വരിതപ്പെടുത്തിയപ്പോള്‍, നിരവധി ദരിദ്രരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ വൈറസിന്റെ വിനാശകരമായ വെല്ലുവിളികളില്‍നിന്നു സംരക്ഷിക്കാന്‍ പാടുപെട്ടു. ‘വാക്‌സിന്‍ മൈത്രി’ സംരംഭത്തിലൂടെ, കൊവിഡ്-19ന്റെ പ്രതിസന്ധിയേറിയ ഘട്ടത്തില്‍ ഇന്ത്യ നൂറിലധികം രാജ്യങ്ങള്‍ക്കു നിര്‍ണായകമായ വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഔഷധമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഉല്‍പ്പാദനബന്ധിത ആനുകൂല്യ പദ്ധതികള്‍ ഗവണ്മെന്റ് അവതരിപ്പിച്ചു. ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ ആസൂത്രണംചെയ്യുകയും സാധാരണ പരിശോധനകളിലേക്കും ലബോറട്ടറി സൗകര്യങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശനം നല്‍കുന്നതിനു മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍ ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയുടെ ജി20 അധ്യക്ഷപദം മെഡിക്കല്‍ പ്രതിരോധനടപടികളുടെ ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാകുന്ന വില എന്നിവയിലെ അന്തരങ്ങള്‍ പരിഹരിക്കാനാണു നിര്‍ദേശിക്കുന്നത്. ഗവേഷണ-വികസനങ്ങളില്‍ ആഗോളശൃംഖലകള്‍ക്കു മുന്‍ഗണന നല്‍കുന്നതിനും മെഡിക്കല്‍ പ്രതിരോധനടപടികള്‍ക്കും ആദ്യാവസാന മെഡിക്കല്‍ പ്രതിരോധനടപടികള്‍ക്കായുള്ള പ്ലാറ്റ്ഫോമുകള്‍ സജ്ജമാക്കുന്നതിനും അധ്യക്ഷപദവിയിലിരിക്കെ ഇന്ത്യ നേതൃത്വമേകും. സാര്‍വത്രിക ആരോഗ്യപരിരക്ഷയെ സഹായിക്കുന്നതിനു ഡിജിറ്റല്‍ ആരോഗ്യമേഖലയിലെ നവീനാശയങ്ങള്‍ക്കും പ്രതിവിധികള്‍ക്കുമാണു മൂന്നാമത്തെ മുന്‍ഗണന. റിമോട്ട് ഡേറ്റ ക്യാപ്ചര്‍, മെഡിക്കല്‍ ഡയഗ്‌നോസിസ്, വെര്‍ച്വല്‍ കെയര്‍ എന്നിവയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സഹായിക്കുന്നതെങ്ങനെയെന്ന് ആഗോളതലത്തിലെ കൊവിഡ്-19 അനുഭവം തെളിയിച്ചിട്ടുണ്ട്. ഈ അനുഭവം ഇന്ത്യയെ മാറ്റിമറിച്ചു. പ്രതിരോധകുത്തിവയ്പു പരിപാടിയുടെ ഭാഗമാകാന്‍ ദശലക്ഷക്കണക്കിനു പൗരന്മാര്‍ കൊവിന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു. ആയിരങ്ങള്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ പരിശോധനകളുടെ ഭാഗമായി. വിദൂരമേഖലകളില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ ജീവനുകള്‍ രക്ഷിച്ചു. ഇന്ത്യയിലെ ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ശ്രദ്ധേയമായ വര്‍ധനയാണു കഴിഞ്ഞ രണ്ടുവര്‍ഷമായി നാം കണ്ടത്. കേന്ദ്രഗവണ്‍മെന്റിന്റെ സൗജന്യ ടെലിമെഡിസിന്‍ സേവനമായ ഇ-സഞ്ജീവനി അടുത്തിടെ 90 ദശലക്ഷം കോടി ടെലികണ്‍സള്‍ട്ടേഷനുകളെന്ന ശ്രദ്ധേയ നാഴികക്കല്ലു പിന്നിട്ടു. ഇന്ത്യയുടെ ടെലി-മെഡിസിന്‍ പ്ലാറ്റ്ഫോമുകള്‍ സാര്‍വത്രിക ആരോഗ്യപരിരക്ഷയുടെ (യുഎച്ച്‌സി) ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഏതുകോണിലുമെത്തി. 500 ദശലക്ഷത്തിലധികം പേര്‍ക്കു മൂന്നുഘട്ടങ്ങളിലായി സൗജന്യ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരത്-പിഎംജെഎവൈ പോലുള്ള സംരംഭങ്ങളിലൂടെ യുഎച്ച്‌സിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഇന്ത്യ മുന്നോട്ടു നീങ്ങുന്നു എന്നതു ശ്രദ്ധേയമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു സംസ്ഥാനങ്ങളിലുടനീളം പദ്ധതി നടപ്പാക്കിയത്.
ഈ മുന്‍ഗണനയ്‌ക്കുകീഴില്‍, ആഗോള ഡിജിറ്റല്‍ പൊതുജനാരോഗ്യ ഉപാധികളായ ടെലിമെഡിസിന്‍, ടെല ിറേഡിയോളജി, ടെലിഒപ്താല്‍മി എന്നിവയ്‌ക്കു പുറമെ ഇ-ഐസിയുവും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. ഡിജിറ്റല്‍ പൊതുജനാരോഗ്യ സംവിധാനം എന്ന നിലയില്‍ ‘കൊവിന്‍’ നിരവധി രാജ്യങ്ങളുമായി പങ്കിട്ടിട്ടുണ്ട്. ജി20 അംഗങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ കൂടുതല്‍ തുല്യതയാര്‍ന്ന ആരോഗ്യസംരക്ഷണത്തിനായി നിരവധി എല്‍ഐഎംസികളിലേക്കു തുറന്ന പ്രവേശനം നല്‍കുന്ന ആവാസവ്യവസ്ഥയുടെ സൃഷ്ടിയില്‍ കലാശിക്കും. ഡിജിറ്റല്‍ ആരോഗ്യം സംബന്ധിച്ച ആഗോള സംരംഭത്തിനു ചട്ടക്കൂടു തയ്യാറാക്കാനും കൂടുതല്‍ പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇന്ത്യ പദ്ധതിയിടുന്നു.
കൊവിഡ്-19ന്റെ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില്‍, സാര്‍വത്രിക പ്രതിരോധകുത്തിവയ്പു പരിപാടിയില്‍ ലോകത്തിന്റെ മുന്‍നിരയിലുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യക്കു സ്വന്തമാക്കാനായി. മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ അടിസ്ഥാനസൗകര്യങ്ങളുള്ള നിരവധി രാജ്യങ്ങള്‍ പല മേഖലകളിലും വെല്ലുവിളി നേരിട്ട സമയത്ത്, സമയബന്ധിതമായ ആസൂത്രണം, വാക്‌സിനേഷന്‍ ശീതശൃംഖലകളുടെ കാര്യക്ഷമമായ നിര്‍വഹണം, വാക്‌സിന്‍ നിര്‍മാണത്തിലെ ഗവേഷണ-വികസനം, കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെയുള്ള കേന്ദ്രീകൃത നയതീരുമാനങ്ങളും കൂട്ടായ നടപ്പാക്കലും എന്നിവയിലൂടെ 2.2 ബില്യണിലധികം ഡോസ് കൊവിഡ് പ്രതിരോധകുത്തിവയ്പു നടത്തുന്നത് എങ്ങനെയെന്ന് ഇന്ത്യ തെളിയിച്ചു. അനുഭവങ്ങളാല്‍ സമൃദ്ധമായ ഇന്ത്യക്ക്, ആരോഗ്യകരമായ ലോകക്രമത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടു നിര്‍ദേശിക്കാനുള്ള നിയോഗമാണു ജി20 അധ്യക്ഷപദം സമ്മാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: